വാഹന കൈമാറ്റം എളുപ്പമാണ് ഇനി മെട്രാഷിലൂടെ
text_fieldsദോഹ: രാജ്യത്ത് വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറ്റം ഇനി മെട്രാഷ് മൊബൈൽ ആപ്ലിക്കേഷനിലൂടെ എളുപ്പം നിർവഹിക്കാം. വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറ്റം സംബന്ധിച്ച് പുതിയ തീരുമാനം ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് എക്സ് പ്ലാറ്റ് ഫോമിലൂടെ പങ്കുവെച്ചു. ഇതിലൂടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റ നടപടിക്രമങ്ങൾ എളുപ്പമുള്ളതും സുരക്ഷിതവും, ഉപഭാക്തൃ സൗഹൃദവുമാക്കുന്നു.
ഉപയോക്താക്കൾ മെട്രാഷ് ആപ്പ് തുറന്ന് ഹോം പേജിലെ ട്രാഫിക് സേവനങ്ങൾ (ട്രാഫിക് സർവിസ്) വിഭാഗത്തിൽ പ്രവേശിക്കണം. പിന്നീട് വെഹിക്കിൾസ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ഓണർഷിപ്പ് ട്രാൻസ്ഫർ ക്ലിക്ക് ചെയ്യുക. തുടർന്ന് വാഹന ഉടമകൾക്ക് ആവശ്യമായ വിവരങ്ങൾ നൽകി വിൽപനക്കായി സബ്മിറ്റ് ചെയ്യാം.തുടർന്ന് വാഹനം വാങ്ങുന്നയാൾക്ക് മെട്രാഷ് ആപ്പ് വഴി കൈമാറ്റം ഉറപ്പാക്കണം. തുടർന്ന് ഇടപാട് പൂർത്തിയാക്കാൻ വിൽപനക്കാരന് സേവന ഫീസ് അടക്കാം. ഇതോടെ നടപടി ക്രമങ്ങൾ പൂർത്തിയാകും.
വാഹനത്തിന് നിലവിൽ ട്രാഫിക് നിയമലംഘനങ്ങളൊന്നും ഇല്ലെങ്കിൽ, മെട്രാഷ് ആപ്പ് വഴി ഉടമസ്ഥാവകാശം തടസ്സങ്ങളില്ലാതെ മാറ്റാൻ കഴിയും.ഖത്തർ ആഭ്യന്തര മന്ത്രാലയം വികസിപ്പിച്ചെടുത്ത മെട്രാഷ് ആപ്പ്, പൗരന്മാർക്കും താമസക്കാർക്കും നിരവധിയാർന്ന ഇ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു സമഗ്ര മൊബൈൽ പ്ലാറ്റ്‌ഫോമാണ്. മലയാളം ഉൾപ്പെടെ ആറ് ഭാഷകളിലാണ് ആപ്പിന്റെ സേവനമുള്ളത്. ഇംഗ്ലീഷ്, അറബി, ഫ്രഞ്ച്, ഉറുദു, സ്പാനിഷ് ഭാഷകളാണ് മറ്റുള്ളത്.