വോട്ടർ പട്ടിക പരിഷ്കരണം; ജാഗ്രതാ കാമ്പയിനുമായി ഐ.സി.എഫ്
text_fieldsദോഹ: കേരളത്തിൽ ആരംഭിച്ച തീവ്ര വോട്ടർ പട്ടിക പരിഷ്ക്കരണത്തിൽ (എസ്.ഐ.ആർ) പ്രവാസികളെ ബോധവത്കരിക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനുമായി ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ജാഗ്രത കാമ്പയിൻ ആചരിക്കും. 'പ്രവാസികൾ നാടിന്റെ നട്ടെല്ല്' എന്നതാണ് കാമ്പയിൻ പ്രമേയം. നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കുന്ന കാമ്പയിനിന്റെ ഭാഗമായി വിവിധ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്.
കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വികസനത്തിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസികൾ ജനാധിപത്യ പ്രകിയയിൽനിന്ന് പുറംതള്ളപ്പെട്ട് പോകരുത്. നിലവിലെ നടപടിക്രമമനുസരിച്ച്, വോട്ടർ പട്ടികയിൽ മുമ്പ് ഇടം നേടിയവർക്ക് ഓൺലൈനായി രേഖകൾ അപ് ലോഡ് ചെയ്യാൻ സാധിക്കുമെങ്കിലും, ബൂത്ത് ലെവൽ ഓഫിസർമാർ വീട്ടിൽ വന്ന് നേരിട്ട് പരിശോധിച്ച് അവിടുത്തെ താമസക്കാരനാണെന്ന് കുടുംബങ്ങൾ ഉറപ്പ് വരുത്തുന്നതോടെ മാത്രമേ വോട്ടവകാശം ഉറപ്പിക്കാനാവൂ.
കാമ്പയിനിന്റെ ഭാഗമായി ഇൻഫർമേഷൻ ഡ്രൈവ്, ജാഗ്രതാസംഗമങ്ങൾ, കാൾ ചെയ്ൻ സിസ്റ്റം, ഹെൽപ് ഡെസ്ക് എന്നിവ വിവിധ ഘടകങ്ങളിലായി സംഘടിപ്പിക്കും. പ്രസിഡന്റ് അഹ്മദ് സഖാഫി പേരാമ്പ്രയുടെ അധ്യക്ഷതയിൽ ചേർന്ന ഐ.സി.എഫ് നാഷനൽ ക്യാബിനറ്റ് യോഗത്തിൽ, ഐ.സി.എഫ് ഇന്റർനാഷനൽ എച്ച്.ആർ.ഡി പ്രസിഡന്റ് അബ്ദുറസാഖ് മുസ്ലിയാർ പറവണ്ണ, ഇക്കണോമിക് സെക്രട്ടറി സിറാജ് ചൊവ്വ, നാഷനൽ ജനറൽ സെക്രട്ടറി മുഹമ്മദ് ശാഹ് ആയഞ്ചേരി, ഡെപ്യൂട്ടി പ്രസിഡന്റുമാരായ അബ്ദുൽ അസീസ് സഖാഫി പാലൊളി, അബ്ദുൽ സലാം ഹാജി പാപ്പിനിശ്ശേരി, ജമാൽ അസ്ഹരി, കെ.ബി. അബ്ദുല്ല ഹാജി, വിവിധ വകുപ്പ് സെക്രട്ടറിമാർ തുടങ്ങിയവർ സംബന്ധിച്ചു.


