Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോക ജനസംഖ്യ ദിനം;...

ലോക ജനസംഖ്യ ദിനം; ’യുവജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷാത്കരിക്കുക’ പ്രമേയത്തിൽ ആചരണവുമായി ഖത്തർ

text_fields
bookmark_border
ലോക ജനസംഖ്യ ദിനം; ’യുവജനങ്ങളുടെ പ്രതീക്ഷകൾ സാക്ഷാത്കരിക്കുക’ പ്രമേയത്തിൽ ആചരണവുമായി ഖത്തർ
cancel

ദോഹ: ‘യുവജനങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും സാക്ഷാത്കരിക്കുക’ എന്ന പ്രമേയവുമായി ഖത്തർ ഇന്ന് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നു. ജനസംഖ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പൊതുജന അവബോധം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ വർഷവും ലോക ജനസംഖ്യാ ദിനം ആചരിക്കുന്നത്. കുടുംബാസൂത്രണം, ലിംഗസമത്വം, ദാരിദ്ര്യ നിർമാർജനം, മാതൃആരോഗ്യം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങൾക്കാണ് ദിനാചരണത്തിൽ പ്രധാന പ്രാധാന്യം നൽകുന്നത്.

ഈ വർഷത്തെ പ്രമേയം ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്റർനെറ്റ് സൗകര്യമുള്ള 73 രാജ്യങ്ങളിലെ 18 മുതൽ 39 വയസ് വരെയുള്ള 1.08 ലക്ഷത്തിലധികം യുവജനങ്ങളിൽ നിന്ന് ശേഖരിച്ച വിവരങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജനസംഖ്യാ വികസനത്തിനും ജനങ്ങളുടെ ശാക്തീകരണത്തിനും മുൻഗണന നൽകുന്ന ഖത്തർ നാഷണൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങളുമായി ലോക ജനസംഖ്യാ ദിനത്തിന്റെ ആശയങ്ങൾ യോജിക്കുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. പൗരന്മാരുടെയും താമസക്കാരുടെയും ജീവിതനിലവാരം ഉയർത്തുകയും മനുഷ്യാവകാശങ്ങളെ മാനിക്കുന്ന പുരോഗമന സമൂഹം കെട്ടിപ്പടുക്കുകയും ചെയ്യുന്നതാണ് ഖത്തറിന്റെ വികസന നയങ്ങളുടെ പ്രധാന ലക്ഷ്യം. ഈ ദർശനത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ ദേശീയ വികസന തന്ത്രങ്ങളും ജനസംഖ്യാ നയങ്ങളും ജനസംഖ്യയിലെ മാറ്റങ്ങളെ ശാസ്ത്രീയമായി വിലയിരുത്തി രാജ്യത്തിന്റെ വികസന ആവശ്യങ്ങൾക്കനുസരിച്ച് നടപ്പാക്കിവരികയാണ്.

2004ൽ രൂപവത്കരിച്ച സ്ഥിരം ജനസംഖ്യാ സമിതി തയ്യാറാക്കിയ ജനസംഖ്യാ നയമാണ് ഖത്തറിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ വിദഗ്ധരുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയ ഈ നയം കാലാനുസൃതമായി പുതുക്കുന്നുണ്ട്. ശക്തമായ കുടുംബ സംവിധാനത്തിന് ഈ പദ്ധതിയിൽ പ്രത്യേക പ്രാധാന്യമുണ്ട്. കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തുക, വിവാഹം പ്രോത്സാഹിപ്പിക്കുക, കുട്ടികളുടെ മികച്ച വളർത്തൽ ഉറപ്പാക്കുക, തൊഴിൽ മേഖലയിൽ സ്ത്രീകൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക, രാജ്യത്തെ ജനനനിരക്ക് ഒരു സ്ത്രീക്ക് ശരാശരി മൂന്ന് കുട്ടികൾ എന്ന നിലയിലേക്ക് ഉയർത്തുക തുടങ്ങിയ ലക്ഷ്യങ്ങളും ഇതിലുണ്ട്.

Show Full Article
TAGS:gulfmadhyamam qatar​ World Population Day celebration 
News Summary - World Population Day; Qatar celebrates with the theme 'Realizing the aspirations of youth'
Next Story