11ാമത് സൗദി ചലച്ചിത്രോത്സവം ഇന്ന് സമാപിക്കും
text_fieldsദമ്മാം: 11ാമത് സൗദി ചലച്ചിത്രോത്സവം ബുധനാഴ്ച സമാപിക്കും. ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾചർ (ഇത്റ)യിൽ ഈ മാസം 17ന് ആരംഭിച്ച മേളയിലെ വിജയികളുടെ പ്രഖ്യാപനവും അവാർഡ് വിതരണവുമാണ് സമാപന ചടങ്ങിൽ നടക്കുന്നത്. സൗദി സിനിമ അസോസിയേഷനും ഇത്റയുമാണ് സംഘാടകർ. ഗൾഫ് മേഖലയിലെ 36 ഫീച്ചർ ഫിലിമുകൾ, ഹ്രസ്വ ചിത്രങ്ങൾ, ഡോക്യുമെന്ററികൾ ഉൾപ്പെടെ 68 സിനിമകളാണ് രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ ചലച്ചിത്രോത്സവത്തിന്റെ പുതിയ പതിപ്പിൽ പ്രദർശിപ്പിച്ചത്.
‘സിനിമ ഓഫ് ഐഡന്റിറ്റി’ എന്ന തീമിൽ അവതരിപ്പിക്കുന്ന ചലച്ചിത്രമേളയിൽ സിനിമ, ചിത്രീകരിച്ചിട്ടില്ലാത്ത തിരക്കഥ, പ്രൊഡക്ഷൻ മാർക്കറ്റ് പ്രോജക്ട് എന്നിവയിലാണ് പ്രധാനമായും മത്സരം നടക്കുന്നത്. മേളയിലെ ഇത്തവണത്തെ അതിഥി രാജ്യം ജപ്പാനാണ്. ജപ്പാൻ ഭാഷയിലെ മികച്ച ചിത്രങ്ങൾക്കായിരുന്നു പ്രാധാന്യം. ജപ്പാനും സൗദി അറേബ്യയും തമ്മിലുള്ള സംഭാഷണം വിനിമയം പ്രോത്സാഹിപ്പിക്കുന്ന ജാപ്പനീസ് സിനിമകളും മേളയിൽ പ്രദർശിപ്പിച്ചിരുന്നു.
ഫ്രാൻസിലെ പ്രശസ്തമായ ക്ലെർമോണ്ട്-ഫെറാൻഡ് ഇന്റർനാഷനൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലുമായി സഹകരിച്ച് ക്യൂറേറ്റ് ചെയ്ത അറബ്, അന്തർദേശീയ ചലച്ചിത്ര പ്രവർത്തകരുടെ 12 ഹ്രസ്വചിത്രങ്ങളും മേളയിൽ പ്രദർശിപ്പിച്ചത് സിനിമാസ്വദകർക്ക് നൽകിയത് വേറിട്ട അനുഭവമായി. സിനിമയുടെ ദേശീയവും സാംസ്കാരികവുമായ സങ്കീർണതകളും അവയുടെ പരിണാമവും വെല്ലുവിളികളും ചർച്ച ചെയ്യുന്ന സിമ്പോസിയങ്ങൾ സൗദിയിലെ നവാഗത ചലച്ചിത്ര പ്രവർത്തകർക്ക് ഏറെ പ്രയോജനകരമായി.
ദമ്മാം ദഹ്റാനിലെ കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾചറിൽ നടക്കുന്ന ചലച്ചിത്ര മേളയുടെ കാഴ്ചകൾ
പ്രധാന അന്താരാഷ്ട്ര ചലച്ചിത്രമേളകളുടെ മുഖമുദ്രയായി പ്രൊഡക്ഷൻ മാർക്കറ്റുകൾ വളരെക്കാലമായി മാറിയിട്ടുണ്ടെങ്കിലും സൗദി ചലച്ചിത്രമേള സൗദിയിലെ സിനിമാ പ്രവർത്തകരുടെ ഉന്നമനത്തിനും അവസരങ്ങൾക്കുമുള്ള പ്രധാന വേദികൂടിയായി മാറുകയായിരുന്നു. ചലച്ചിത്ര പ്രവർത്തകർ, വ്യവസായ പ്രഫഷനലുകൾ, നിക്ഷേപകർ എന്നിവരുമായി ബന്ധപ്പെടാനും അവരുടെ സൃഷ്ടികൾ വെള്ളിത്തിരയിൽ എത്തിക്കാനും നിരവധി അവസരങ്ങളാണ് മേളയിൽ ലഭ്യമായത്.
ഇത്തവണത്തെ ഫെസ്റ്റിവൽ മ്യൂസിയത്തിൽ മുൻ പതിപ്പുകളിൽനിന്നുള്ള ഹൈലൈറ്റുകൾ പ്രദർശിപ്പിച്ചിരുന്നു. മേളയുടെ സമാപന ദിവസമായ ബുധനാഴ്ച സൗദി ഇതിഹാസ നടൻ ഇബ്രാഹിം അൽ ഹസാവിക്ക് ആദരം അർപ്പിക്കും.
പ്രാദേശിക വിനോദ വ്യവസായത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകളും ‘ചാനൽ ടു’വിൽ പ്രദർശിപ്പിച്ച പ്രശസ്തമായ താഷ് മാ താഷ്, ബെയ്നി വാ ബെയ്നാക്, ഹജ്ജാൻ, സീറോ ഡിസ്റ്റൻസ്, ഹോബാൽ തുടങ്ങിയ നിരവധി മാതൃകാപരമായ കൃതികളും സൗദി സിനിമയിൽ അദ്ദേഹത്തിന്റെ അനിഷേധ്യ സ്ഥാനം തെളിയിക്കുന്നു.