Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമരുഭൂമിയിൽ ഇനി...

മരുഭൂമിയിൽ ഇനി പൂക്കാലം; 16-ാമത് യാംബു പുഷ്പമേളക്ക് നാളെ തുടക്കം

text_fields
bookmark_border
മരുഭൂമിയിൽ ഇനി പൂക്കാലം; 16-ാമത് യാംബു പുഷ്പമേളക്ക് നാളെ തുടക്കം
cancel
camera_alt

കഴിഞ്ഞ വർഷത്തെ യാംബു പുഷ്പമേള

യാംബു: മരുഭൂമിയിൽ വിസ്മയക്കാഴ്ചകളൊരുക്കി 16-ാമത് യാംബു പുഷ്പമേളക്ക് നാളെ (തിങ്കളാഴ്ച മാർച്ച് 23) തുടക്കമാകും. യാംബു റോയൽ കമീഷൻ അതോറിറ്റിയുടെ മേൽനോട്ടത്തിൽ യാംബു-ജിദ്ദ ഹൈവേയോട് ചേർന്നുള്ള ‘അൽ മുനാസബാത്ത്’ പാർക്കിലാണ് ഇത്തവണയും ‘ഫ്ലവേഴ്‌സ് ആൻഡ് ഗാർഡൻ ഫെസ്​റ്റിവൽ’ അരങ്ങേറുന്നത്.

ഉദ്ഘാടന ദിവസമായ തിങ്കളാഴ്ച സന്ദർശകർക്ക് പ്രവേശനം സൗജന്യമായിരിക്കും. മറ്റു ദിവസങ്ങളിൽ വൈകുന്നേരം നാല്​ മുതൽ രാത്രി 12 വരെ അഞ്ച്​ റിയാലി​െൻറ ടിക്കറ്റെടുത്ത് മേള ആസ്വദിക്കാം. സന്ദർശകർക്കായി 20 റിയാലി​െൻറ സീസൺ ടിക്കറ്റുകളും പ്രത്യേകം ഒരുക്കിയിട്ടുണ്ട്. പുഷ്പമേളയുടെ വരവറിയിച്ച് നഗരവീഥികളിലും പാർക്കുകളിലും ചെടികൾ നട്ടുപിടിപ്പിക്കുന്ന ജോലികൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.

മുൻവർഷങ്ങളിലെപ്പോലെ വിശാലമായ പുഷ്പ പരവതാനി തന്നെയാണ് ഇത്തവണത്തെയും പ്രധാന ആകർഷണം. മുൻപ് രണ്ടുതവണ പുഷ്പ പരവതാനിയിലൂടെ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയ യാംബു പുഷ്പമേള, പൂക്കൾ കൊണ്ടെഴുതിയ ഏറ്റവും വലിയ വാക്ക്, ഏറ്റവും വലിയ പൂക്കൊട്ട, പുനരുപയോഗം ചെയ്ത വസ്തുക്കൾ കൊണ്ടുണ്ടാക്കിയ ഏറ്റവും വലിയ നിർമിതി എന്നിവയിലൂടെ മൂന്ന് ഗിന്നസ് റെക്കോർഡുകൾ കൂടി സ്വന്തമാക്കി ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്.

പൂക്കൾ കൊണ്ടുള്ള പുതുമയുള്ള നിർമിതികളും വൈവിധ്യമാർന്ന പവിലിയനുകളുമാണ് 16-ാമത് മേളയുടെ പ്രത്യേകത. യാംബു റോയൽ കമീഷന് കീഴിലെ പ്രത്യേക നഴ്‌സറികളിൽ കൃഷി ചെയ്ത പൂക്കളാണ് പ്രദർശനത്തിനായി പ്രധാനമായും ഉപയോഗിക്കുന്നത്. വൈവിധ്യമാർന്ന പൂക്കാഴ്ചകൾക്ക് പുറമെ ചിൽഡ്രൻസ് പാർക്ക്, ഉല്ലാസ കേന്ദ്രങ്ങൾ, ഫുഡ് കോർട്ടുകൾ, വിപണനത്തിനും പ്രദർശനത്തിനുമായി 150-ഓളം സ്​റ്റാളുകൾ എന്നിവയും പുഷ്പനഗരിയിൽ ഒരുക്കിയിട്ടുണ്ട്. സായന്തനങ്ങളെ വർണാഭമാക്കാൻ ലേസർ വിളക്കുകളുടെ അകമ്പടിയോടെ വിവിധ സാംസ്കാരിക പരിപാടികളും കലാപ്രകടനങ്ങളും അരങ്ങേറും.

കൃഷി, റോഡ് സുരക്ഷ, വസ്തുക്കളുടെ പുനരുപയോഗം എന്നിവയെക്കുറിച്ച് കുട്ടികൾക്കും മുതിർന്നവർക്കും അവബോധം നൽകുന്നതിനൊപ്പം വിഷൻ 2030-​െൻറ ഭാഗമായി രാജ്യത്തി​െൻറ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവൽക്കരിക്കാനും പരിസ്ഥിതി സൗഹൃദമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും മേള ലക്ഷ്യം വെക്കുന്നു. കഴിഞ്ഞ വർഷം സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതര ജി.സി.സി രാജ്യങ്ങളിൽ നിന്നുമായി 10 ലക്ഷത്തിലധികം സന്ദർശകരാണ് മേള കാണാൻ എത്തിയത്.

Show Full Article
TAGS:Yambu flower Show Saudi Arabia Gulf News 
News Summary - 16th Yambu Flower Festival begins tomorrow
Next Story