ട്രാഫിക് പിഴകൾക്ക് 50 ശതമാനം ഇളവ് സമയപരിധി അവസാനിച്ചു
text_fieldsറിയാദ്: സൗദിയിൽ ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകളിൽ 50 ശതമാനം ഇളവ് അനുവദിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതായി ട്രാഫിക് വകുപ്പ് വ്യക്തമാക്കി. 2024 ഏപ്രിൽ 18ന് മുമ്പ് ചുമത്തിയ ട്രാഫിക് പിഴ 50 ശതമാനം ഇളവോടെ അടക്കാൻ അനുവദിച്ച സമയപരിധിയാണ് മാസങ്ങൾ നീട്ടിനൽകിയ ശേഷം ഈ മാസം 18ഓടെ അവസാനിച്ചത്.
ഈ കാലയളവിൽ പൗരന്മാർക്കും രാജ്യത്തെ താമസക്കാർക്കും ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴ കുറഞ്ഞ നിരക്കിൽ അടക്കാൻ കഴിഞ്ഞു. അവരുടെ സ്റ്റാറ്റസ് പരിഹരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ട്രാഫിക് നിയമങ്ങൾ പാലിക്കാൻ വർധിപ്പിക്കുകയും ചെയ്തതായി ട്രാഫിക് വകുപ്പ് സൂചിപ്പിച്ചു.
സൗദിയിലുടനീളം ഇളവ് ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 30 ലക്ഷത്തിലധികമെത്തിയതായും വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും വിപുലമായ പങ്കാളിത്തമുണ്ടായി. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റിനെ പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയ ഇളവിനോട് വലിയ പ്രതികരണം ജനങ്ങളിൽനിന്നുണ്ടായി എന്നാണ് ഇതു തെളിയിക്കുന്നത്. സാമ്പത്തിക ബാധ്യതകൾ ലഘൂകരിക്കുക മാത്രമല്ല, ട്രാഫിക് നിയമങ്ങൾ പാലിക്കാൻ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുകയും നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കുകയും ചെയ്യുക കൂടിയാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യമെന്നും അധികൃതർ പറഞ്ഞു. ട്രാഫിക് സുരക്ഷയുമായി ബന്ധപ്പെട്ട ചില തരം ലംഘനങ്ങളിൽ കഴിഞ്ഞ കാലയളവിൽ കുറവുണ്ടായി. ഈ മാസം 18 ഓടെ അടക്കാത്ത പിഴകൾ ശനിയാഴ്ച മുതൽ മുഴുവൻ സംഖ്യയും അടക്കണം.
ജീവനും സ്വത്തിനും സംരക്ഷണം നൽകാനും ശരിയായ ട്രാഫിക് പെരുമാറ്റം തുടരാനും എല്ലാവരും നിയമങ്ങൾ പാലിക്കണം. ഗ്രേസ് കാലയളവിൽ പണം നൽകാൻ മുൻകൈയെടുത്ത പൗരന്മാർക്കും താമസക്കാർക്കും ഭരണകൂടം നന്ദി പറഞ്ഞു.
2024 ഏപ്രിൽ 18 മുതലുള്ള ട്രാഫിക് പിഴകൾക്കാണ് 50 ശതമാനം ഇളവ് നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. പിഴ തുക ഒറ്റ തവണയായോ തവണകളായോ അടക്കാനുള്ള സൗകര്യം നൽകിയിരുന്നു. കഴിഞ്ഞ ഒക്ടോബറായിരുന്നു ആദ്യം നൽകിയ സമയപരിധി. പിന്നീട് സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശത്തെ തുടർന്ന് ആറു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു.