സൗദി ജനസംഖ്യയിൽ 59 ശതമാനത്തിലധികം പേരും ആഴ്ച്ചയിൽ 150 മിനിറ്റ് വ്യായാമം ചെയ്യുന്നു
text_fieldsയാംബു: സൗദി ജനസംഖ്യയുടെ 18 വയസിൽ കൂടുതലുള്ള ഏകദേശം 59.1 ശതമാനം പേർ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് വ്യായാമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി റിപ്പോർട്ട്.
ഇവയിൽ പുരുഷന്മാരുടെ പങ്കാളിത്ത നിരക്ക് 66.5 ശതമാനവും സ്ത്രീകളുടേത് 43.1 ശതമാനവുമാണ്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗാസ്റ്റാറ്റ്) കഴിഞ്ഞ ദിവസം പുറത്തിറക്കിയ 2025 ഫിസിക്കൽ ആക്ടിവിറ്റി സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ടിലാണ് ഇത് വെളിപ്പെടുത്തിയത്. 18 വയസ്സിനും 29 വയസിനും ഇടയിലുള്ള 71.2 ശതമാനം പേർ ഏറ്റവും ഉയർന്ന ശാരീരിക പ്രവർത്തന നില റിപ്പോർട്ട് ചെയ്തവരാണ്. ഇതിനു വിപരീതമായി 80 വയസും അതിൽ കൂടുതലുമുള്ള വ്യക്തികളിൽ 3.5 ശതമാനം പേർ മാത്ര മാണ് പതിവായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
നടത്തം അല്ലെങ്കിൽ സൈക്ലിംഗ് പോലുള്ള ശാരീരിക പ്രവർത്തനങ്ങളാണ് ഏറ്റവും സാധാരണമായ വ്യായാമ രൂപങ്ങളായി സ്വീകരിക്കുന്നത്. ആരോഗ്യമുള്ള വ്യക്തി കളിൽ 57.1 ശതമാനം പേർ ഈ പ്രവർത്തനങ്ങളിൽ പതിവായി ഏർപ്പെടുന്നു. ജോലി സംബന്ധമായ ശാരീരിക പ്രവർത്തനങ്ങളിൽ 43.9 ശതമാനം പേർ മുഴുകുന്നു. അതേസമയം ജോലി സംബന്ധമായ തിരക്കുകളിൽ പെട്ട് 37.8 ശതമാനം പേർക്ക് വ്യായാമ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയാതെ പോകുന്നു. 34.6 ശതമാനം കുട്ടികളും കൗമാരക്കാരും സ്കൂളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മാത്രം മുഴുകുന്നവരാണ്. മറ്റു സമയങ്ങളിൽ ടെലിവിഷൻ കാണുകയോ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുകയോ പോലുള്ള ഉദാസീനമായ പ്രവർത്തനങ്ങളിൽ ദിവസവും ഒന്ന് മുതൽ രണ്ട് മണിക്കൂർ വരെ ചെലവഴിക്കുന്നവരാണെന്നും 'ഗാസ്റ്റാറ്റ്' റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
സൗദിയിലെ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് വിവിധ പദ്ധതികൾ നടപ്പിലാക്കാനും മേൽനോട്ടം വഹിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള രാജ്യത്തിന്റെ ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് റഫറൻസാണ് ഗാസ്റ്റാറ്റ് റിപ്പോർട്ട്. വിവിധ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിൽ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളിലെ സ്ഥിതിവിവരക്കണക്കുകളാണ് മുഖ്യമായി അടിസ്ഥാനപ്പെടുത്തുന്നത്. ഗാസ്റ്റാറ്റ് സ്ഥിതിവിവരക്കണക്കുകൾ വ്യക്തികളിൽ നിന്നോ അവരുടെ സ്ഥാപന ങ്ങളിൽ നിന്നോ സ്വയം റിപ്പോർട്ട് ചെയ്ത ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. ദേശീയ ആരോഗ്യ സർവേ, 2025 ലെ സ്ത്രീ-ശിശു ആരോഗ്യ സർവേ, ജനസംഖ്യാ ഡാറ്റ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഗാസ്റ്റാറ്റ് കണക്കുകൾ എടുത്തിരിക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.


