വാട്ടർ തീം പാർക്കിന്റെ 95 ശതമാനം പണികൾ പൂർത്തിയായി
text_fieldsവാർത്താസമ്മേളനത്തിൽ ഖിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനി മാനേജിങ് ഡയറക്ടർ അബ്ദുല്ല അൽദാവൂദ് സംസാരിക്കുന്നു
റിയാദ്: ഖിദ്ദിയ വിനോദ നഗരത്തിനുള്ളിലെ വാട്ടർ തീം പാർക്കിന്റെ 95 ശതമാനം പണികൾ പൂർത്തിയായെന്ന് ഖിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനി മാനേജിങ് ഡയറക്ടർ അബ്ദുല്ല അൽദാവൂദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. അമേരിക്കക്ക് പുറത്തുള്ള ആദ്യ ‘സിക്സ് ഫ്ലാഗ്സ്’ പാർക്ക് ഡിസംബർ 31ന് അതിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ വിനോദ പാർക്കാണിത്. ഇവിടത്തെ റൈഡുകൾ പുതിയ റെക്കോഡുകൾ സൃഷ്ടിക്കാൻ സജ്ജമാണ്.
‘അക്വാറിബിയ’ വാട്ടർ തീം പാർക്ക് പണി പൂർത്തിയാവുകയാണെന്നും വൈകാതെ ഉദ്ഘാടനം ചെയ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. 2034 ഫിഫ ലോകകപ്പിനായി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം, പെർഫോമിങ് ആർട്സ് സെൻറർ, 20ലധികം ഹോട്ടലുകൾ, ഫോർമുല വണ്ണിന് വേണ്ടിയുള്ള സ്പീഡ് ട്രാക്കുകൾ എന്നിവയുടെ നിർമാണം വേഗത്തിൽ പുരോഗമിക്കുന്നു. ഖിദ്ദിയ പദ്ധതി പൂർത്തിയാകുമ്പോൾ മൂന്ന് ലക്ഷത്തിലധികം ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. സിക്സ് ഫ്ലാഗ്സ് പാർക്കിലെ ജീവനക്കാരിൽ 61 ശതമാനം പേരും സൗദി പൗരന്മാരാണ്. സൗദി അറേബ്യയുടെ ആഭ്യന്തര ഉൽപാദനത്തിലേക്ക് (ജി.ഡി.പി) 135,00 കോടി റിയാൽ സംഭാവന നൽകാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും അബ്ദുല്ല അൽദാവൂദ് കൂട്ടിച്ചേർത്തു. പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട്, സ്വകാര്യ മേഖല, വിദേശ നിക്ഷേപകർ എന്നിവരിൽനിന്നുള്ള വിവിധ സാമ്പത്തിക സ്രോതസ്സുകളാണ് പദ്ധതിക്കായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.


