റിയാദ്-ദമ്മാം ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശി മരിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. റിയാദ്-ദമ്മാം ഹൈവേയിലെ റുമാഹ് എന്ന സ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ പത്തനംതിട്ട റാന്നി പൂഭരണിയിൽ രാജേഷ് കുമാർ (42) ആണ് മരിച്ചത്. റിയാദിൽ ഹെവി വാഹന ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. റിയാദിൽനിന്ന് അൽ അഹ്സയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സാധനങ്ങളുമായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം.
വാഹനത്തിലുണ്ടായിരുന്ന രാജേഷിനെ കമ്പനി അധികൃതർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് വാഹനത്തിലെ ജി.പി.എസ് സംവിധാനം പരിശോധിച്ച് നടത്തിയ തിരച്ചിലിനൊടുവിലാണ് അപകടവിവരം പുറത്തറിയുന്നത്. സംഭവസ്ഥലത്തെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം റുമാഹ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മണിയൻ നായരുടെയും മണിയമ്മയുടെയും മകനാണ്. ഭാര്യ: ദീപ. പ്രണവ്, പൗർണമി എന്നിവരാണ് മക്കൾ.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്കായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഭാരവാഹികളായ ജാഫർ വീമ്പൂർ, നസീർ കണ്ണീരി, സമദ് നിലമ്പൂർ, കമ്പനി പ്രതിനിധി മുനീർ നിലമ്പൂർ, ബന്ധു രാജേഷ് എന്നിവർ രംഗത്തുണ്ട്.


