ചെങ്കടലിൽ വിരുന്നെത്തി അപൂർവ അതിഥി; വംശനാശഭീഷണി നേരിടുന്ന ‘ലെതർബാക്ക്’ കടലാമയെ കണ്ടെത്തി
text_fieldsചെങ്കടലിലെത്തിയ ലെതർബാക്ക് കടലാമ
അൽ ഖോബാർ: സമുദ്ര വിസ്മയങ്ങൾ ഒളിപ്പിച്ച ചെങ്കടലിൽ നിന്ന് വന്യജീവി സംരക്ഷണ മേഖലയ്ക്ക് ആവേശം പകരുന്ന പുതിയ വാർത്ത. ലോകത്തിലെ ഏറ്റവും വലിയ കടലാമ വർഗമായ ‘ലെതർബാക്കി’നെ ചെങ്കടലിൽ കണ്ടെത്തിയതായി സൗദി നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെൻറ് അറിയിച്ചു.
പുതുതായി പ്രഖ്യാപിക്കപ്പെട്ട ബ്ലൂ ഹോൾസ് മറൈൻ റിസർവിൽനിന്നാണ് പരിസ്ഥിതി പ്രവർത്തകരെ ആവേശത്തിലാഴ്ത്തുന്ന ഈ കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്. അൽ-ഖുൻഫുദ തീരത്തുനിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയുള്ള സംരക്ഷിത മേഖലയിലാണ് ഇതിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ചെങ്കടലിന്റെ ജൈവവൈവിധ്യ ചരിത്രത്തിലെ ഏറ്റവും മികച്ച നിരീക്ഷണങ്ങളിൽ ഒന്നായാണ് ശാസ്ത്രലോകം ഇതിനെ വിലയിരുത്തുന്നത്.ഏതാണ്ട് 900 കിലോ വരെ ഭാരം വെക്കാൻ ശേഷിയുള്ള ഇവ ലോകത്തിലെ ഏറ്റവും വലിയ കടലാമകളാണ്. മറ്റു കടലാമകളെപ്പോലെ കടുപ്പമേറിയ തോടിന് പകരം കറുത്ത തോൽ പോലെയുള്ള ചർമമാണ് ഇവക്കുള്ളത്. മുതുകിൽ അഞ്ച് പ്രത്യേക നിരപ്പുകളും കാണാം. സമുദ്രത്തിൽ ഏകദേശം 1,000 മീറ്റർ ആഴം വരെ മുങ്ങാൻ ഇവക്ക് സാധിക്കും. പ്രധാനമായും ജെല്ലിഫിഷുകളെയാണ് ഇവ ആഹാരമാക്കുന്നത്.
എങ്ങനെ ചെങ്കടലിലെത്തി?
സാധാരണയായി ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, അന്തമാൻ ദ്വീപുകൾ എന്നിവിടങ്ങളിലാണ് ഇവ കണ്ടുവരുന്നത്. ചെങ്കടലിൽ ഇവയുടെ പ്രജനന കേന്ദ്രങ്ങൾ നിലവിലില്ല. അതിനാൽ, ബാബ് അൽ-മന്ദബ് കടലിടുക്ക് വഴി ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിച്ച് ഭക്ഷണത്തിനായി എത്തിയതാകാം ഇതെന്നാണ് വിദഗ്ധരുടെ നിഗമനം.
സംരക്ഷണം അനിവാര്യം
അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂനിയൻ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇവയെ ഗുരുതരമായ വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. 2025 ഡിസംബറിൽ ജോർഡനിലും 2019ൽ ജിബൂട്ടിയിലുമാണ് മുമ്പ് ഈ മേഖലയിൽ ലെതർബാക്കുകളെ കണ്ടെത്തിയിട്ടുള്ളത്. ബ്ലൂ ഹോൾസ്, ഫറാസാൻ ദ്വീപുകൾ തുടങ്ങിയ സംരക്ഷിത മേഖലകൾ കടലാമകൾ ഉൾപ്പെടെയുള്ള അപൂർവ ജീവികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫ് വ്യക്തമാക്കി.


