അറബ് ഇന്ത്യൻ ഹൃദയങ്ങൾക്കിടയിൽ പാലം പണിത് ഹിഷാം അബ്ബാസ്
text_fieldsഹിഷാം അബ്ബാസ് കേരളത്തിൽ ഒരു കല്യാണത്തിനിടെ വധൂവരന്മാർക്കൊപ്പം
ദമ്മാം: മാതൃ ഭാഷയായ അറബിക്കൊപ്പം ഹിന്ദിയും മലയാളവും പഠിക്കുകയും മലയാള സിനിമയിൽ അഭിനയിക്കുകയും ഇന്ത്യൻ പ്രധാനമന്ത്രിക്കുവേണ്ടി പാട്ടുപാടുകയും ചെയ്ത സൗദി പൗരൻ ഹിഷാം അബ്ബാസ് ഇപ്പോൾ ഇന്ത്യയിലും സൗദിയിലും ഒരു പോലെ പ്രശസ്തനാണ്.
സാംസ്കാരിക സമന്വയ പ്രതീകമായി മാധ്യമങ്ങൾ വാഴ്ത്തുകയാണ് ഈ അറബ് പൗരനെ. ഐ.ടി കമ്പനിയിലെ ജോലിക്കിടെ സഹപ്രവർത്തകരായ ഇന്ത്യക്കാരുമായി സംസാരിക്കാനാണ് 2008ൽ ഹിന്ദിയും മലയാളവും പഠിച്ചത്. സുഹൃത്തുക്കൾ പഠിച്ചെടുക്കാൻ പിന്തുണച്ചു.
ഭാഷയോടുള്ള ഇഷ്ടം ക്രമേണ സഹപ്രവർത്തകരോടുള്ള ഇഷ്ടത്തെ അഗാധമാക്കി. അതോടെ അവരുടെ സംസ്കാരവും ഭക്ഷണരീതികളും ജീവിതവും പഠിക്കാൻ വളരെ താൽപര്യമായി. സഹപ്രവർത്തകരോടൊപ്പം ഇന്ത്യൻ നഗരങ്ങളിലും ഗ്രാമങ്ങളിലും യാത്ര ചെയ്തു. കൂടുതലും കേരളത്തിലേക്കായിരുന്നു യാത്രകൾ. ഇന്ത്യൻ സംസ്കാരത്തോടുള്ള മതിപ്പ് വർധിക്കാനാണ് അതിടയാക്കിയത്. മലയാളം പാട്ടുകളോടും സിനിമകളോടുമുള്ള ഇഷ്ടം പെരുത്തു.
ഹിഷാം അഭിനയിച്ച ‘കൊണ്ടോട്ടി
പൂരം’ എന്ന സിനിമയുടെ പോസ്റ്റർ
ഈ വർഷം ഏപ്രിലിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിദ്ദയിലെത്തിയപ്പോൾ അദ്ദേഹത്തെ ഹിന്ദി ദേശഭക്തി ഗാനം പാടി വരവേൽക്കാൻ ഹിഷാമിന് അവസരം ലഭിച്ചു. ‘ഏ വതൻ’ എന്ന ഗാനം അദ്ദേഹം ആലപിച്ചപ്പോൾ മോദി കൈയടിച്ച് അത് നെഞ്ചേറ്റി. അത് വൻ പ്രാധാന്യത്തോട് മാധ്യമവാർത്തകളായി. ഒരു വർഷം മുമ്പ് വെറുതെ പഠിച്ചുവെച്ചതാണ്. ഇടയ്ക്കൊക്കെ പാടി നോക്കുകയും ചെയ്തിരുന്നു. അപ്പോഴൊന്നും പ്രധാനമന്ത്രി വരുമെന്നും അദ്ദേഹത്തിന് മുമ്പിൽ പാടാൻ അവസരം കിട്ടുമെന്നൊന്നും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. പാടാൻ അവസരം ലഭിച്ചപ്പോൾ ഹിന്ദി പാട്ടിനൊപ്പം സമാനമായ അർഥമുള്ള അറബിക് വരികളും കൂടി ചേർത്താണ് പാടിയത്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്നത് കൂടിയായിരുന്നു അത്. 2023ൽ ‘കൊണ്ടോട്ടി പൂരം’ എന്ന മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിക്കാനും ഹിഷാമിന് അവസരം ലഭിച്ചിരുന്നു.
സൗദി അറേബ്യയിലെ രണ്ടാമത്തെ വലിയ പ്രവാസി സമൂഹമാണ് ഇന്ത്യക്കാരെന്നും ഐ.ടി, വിദ്യാഭ്യാസം, ആരോഗ്യ ശുശ്രൂഷ തുടങ്ങിയ മേഖലകളിൽ അവർ നൽകുന്ന സംഭാവനകളെ വിലമതിക്കാനാകില്ലെന്നും ഹിഷാം പറയുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ സംസ്കാരത്തെ സാംശീകരിക്കൽ അവരെ അംഗീകരിക്കൽ കൂടിയാണെന്ന് കൂട്ടിച്ചേർക്കുന്നു. കേരള യാത്രക്കിടെ ദീർഘകാലം സൗദിയിൽ ചെലവഴിച്ച് തിരിച്ചെത്തിയ നിരവധി പേരെ കാണാൻ അവസരമുണ്ടായെന്ന് ഹിഷാം പറഞ്ഞു. കാലങ്ങൾ കഴിഞ്ഞിട്ടും സൗദിയിൽ ചെലവഴിച്ച കാലത്തെക്കുറിച്ച് അവർ നന്ദിയോടെയും ഊഷ്മളതയോടെയും സംസാരിക്കുന്നത് കേട്ടപ്പോൾ അത്ഭുതവും സന്തോഷവും തോന്നി. ആ മലയാളികളിൽ പലരും അറബിയിൽ ഒഴുക്കോടെ സംസാരിക്കുന്നു. നമ്മുടെ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തെയും സാംസ്കാരിക ബന്ധത്തെയുമാണിത് പ്രതിഫലിപ്പിക്കുന്നത് അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയെക്കുറിച്ച് പലർക്കും പാരമ്പര്യമായ തെറ്റിദ്ധാരണകൾ നിലനിന്നിരുന്നു. എന്നാൽ സൗദിയുടെ പുതിയമാറ്റം ഇത്തരം തെറ്റിദ്ധാരണകളെ ഇല്ലാതാക്കിയതായും അദ്ദേഹം നിരീക്ഷിച്ചു. ‘വിഷൻ 2030’ രാജ്യത്തിനകത്തും പുറത്തും സൗദിയെ പ്രതിഫലിപ്പിക്കുന്നുണ്ട്. അതിന് രാജ്യത്തെ പാകമാക്കിയ ഭരണാധികാരികളെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നതായും ഹിഷാം കൂട്ടിച്ചേർത്തു.