റിയാദിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു
text_fieldsറിയാദ്: സൗദി മധ്യപ്രവിശ്യയിലെ അൽ ഗാത്ത്- മിദ്നബ് റോഡിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സിവിൽ സ്റ്റേഷൻ, കാരപ്പറമ്പ് സ്വദേശി ലൈഫ് സ്റ്റൈൽ അപ്പാർട്ട്മെൻറ് സെവൻ ബി-യിൽ റഈസ് (32) മരിച്ചു. റഈസിെൻറ കൂടെയുണ്ടായിരുന്ന ഭാര്യ നിദ സഫർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
മൃതദേഹം അൽഗാത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. റിയാദിലെ വഹ്ജ് തുവൈഖ് കോൺട്രാക്റ്റിങ് കമ്പനിയിൽ ഐടി ടെക്നീഷ്യനാണ് റഈസ്. മിദ്നബിലെ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. റഈസ് സഞ്ചരിച്ച കാറും എതിരെ വന്ന മിനി ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിെൻറ ആഘാതത്തിൽ റഈസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ദമ്മാമിൽ മുൻ പ്രവാസിയായ അബ്ദുറഹ്മാൻ ബറാമിയുടെയും കാതിരിയകം രഹനയുടെയും മകനാണ് റഈസ്. റയാൻ ബറാമി, പരേതയായ റുഷ്ദ ഫാത്തിമ എന്നിവരാണ് റഈസിെൻറ സഹോദരങ്ങൾ. റിട്ടയേർഡ് ജോയിൻറ് ആർ.ടി.ഒ കുണ്ടങ്ങലകം സഫറുള്ളയുടെ മകളാണ് റഈസിെൻറ ഭാര്യ നിദ സഫർ. മൃതദേഹം സൗദിയിൽ ഖബറടക്കും. അതിനുവേണ്ടിയുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്ങും അൽ ഗാത്ത് കെ.എം.സി.സിയും രംഗത്തുണ്ട്.