അടുത്ത ഹജ്ജ് സീസണിന് മുമ്പ് ‘അബ്ഷിർ വോയ്സ്’ സേവനം ആരംഭിക്കും -ആഭ്യന്തര മന്ത്രാലയം
text_fieldsസൗദി ഉപസഹമന്ത്രി ഡോ. മുഹമ്മദ് ബിൻ ഫഹദ് അൽഹാമിദ് ജിദ്ദയിലെ ഹജ്ജ് കോൺഫറൻസിൽ
ജിദ്ദ: അടുത്ത ഹജ്ജ് സീസണിന് മുന്നോടിയായി ‘അബ്ഷിർ വോയ്സ്’ സേവനം ആരംഭിക്കാൻ ലക്ഷ്യമിടുന്നതായി ആഭ്യന്ത മന്ത്രാലയത്തിലെ സാങ്കേതിക കാര്യങ്ങൾക്കായുള്ള ഉപസഹമന്ത്രി ഡോ. മുഹമ്മദ് ബിൻ ഫഹദ് അൽഹാമിദ് വ്യക്തമാക്കി. ജിദ്ദയിൽ നടന്ന ഹജ്ജ് കോൺഫറൻസ് ആൻഡ് എക്സിബിഷനിലെ ‘ആർട്ടിഫിഷ്യൽ സാങ്കേതികവിദ്യകളും തീർഥാടകരുടെ സേവനത്തിനായുള്ള സുരക്ഷാസംവിധാനങ്ങളുടെ സംയോജനവും’ എന്ന വിഷയത്തിലുള്ള സെഷനിൽ സംസാരിക്കവെ ആണ് അൽഹാമിദ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള പ്രവേശനം കൂടുതൽ എളുപ്പമാക്കാനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. ഹജ്ജ് സീസണിലെ സുരക്ഷാ സംവിധാനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്സ് സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതായും 80 കേന്ദ്രങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സ്മാർട്ട് കാമറകൾ 16 എ.ഐ അൽഗോരിതങ്ങൾ, 31 ഡാറ്റാ ഡാഷ്‌ബോർഡുകൾ എന്നിവയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും അൽഹാമിദ് പറഞ്ഞു.
ജനക്കൂട്ടത്തിന്റെ നീക്കങ്ങൾ വിശകലനം ചെയ്യാനും സുരക്ഷാ നിരീക്ഷണം ശക്തമാക്കാനും ഫീൽഡ് തലത്തിലുള്ള തീരുമാനങ്ങൾ വേഗത്തിലാക്കാനും ഇത് സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ സംവിധാനം പരമ്പരാഗതമായ ഒറ്റപ്പെട്ട രീതികളിൽ നിന്ന് മാറി ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റാ അനലിറ്റിക്സും അടിസ്ഥാനമാക്കിയുള്ള സംവിധാനങ്ങളിലേക്ക് രൂപാന്തരപ്പെടുന്നത് ഭാവിയിലെ അപകടസാധ്യതകൾ മുൻകൂട്ടി കാണാനും, ദ്രുതഗതിയിലുള്ള പ്രതികരണം ഉറപ്പാക്കാനും വിവരങ്ങൾ ഏകോപിപ്പിച്ച് വിശകലനം ചെയ്യാനും സഹായിക്കുന്നു. ഇതുവഴി വെറും ഡാറ്റാ സംയോജനത്തിൽ നിന്ന് അറിവ്, കഴിവുകൾ, പ്രവർത്തനരീതികൾ എന്നിവയുടെ പൂർണ്ണമായ ഏകോപനത്തിലേക്ക് മാറാൻ സാധിക്കുന്നുവെന്നും അൽഹാമിദ് പറഞ്ഞു. ഫീൽഡ് തലത്തിലെ മാറ്റങ്ങളോട് തത്സമയം പ്രതികരിക്കുന്നതിന് ഉയർന്ന സാങ്കേതികവും പ്രവർത്തനപരവുമായ സജ്ജീകരണം ആവശ്യമാണ്.
സ്മാർട്ട് കാമറകൾ, ഡാറ്റാ അനലിറ്റിക്സ്, കമ്പ്യൂട്ടർ വിഷൻ സാങ്കേതികവിദ്യകൾ, സുരക്ഷാ ഡ്രോണുകൾ എന്നിവയുടെ ഉപയോഗം സുരക്ഷാ നിരീക്ഷണത്തിന്റെ വ്യാപ്തി വർധിപ്പിക്കാനും അപകടസാധ്യതകൾ മുൻകൂട്ടി കണ്ടെത്താനും, ദ്രുത പ്രതികരണശേഷി മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഡിജിറ്റൽ ഏകോപനം വെറും സിസ്റ്റങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനും ഡാറ്റ കൈമാറുന്നതിനും അപ്പുറത്തേക്ക് വ്യാപിച്ചിട്ടുണ്ട്. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിന് കീഴിൽ 80ലധികം സർക്കാർ-പ്രവർത്തന ഏജൻസികളും 5,000ത്തിലധികം സേവന ദാതാക്കളും 500ലധികം ഡിജിറ്റൽ സേവനങ്ങളും ഇതിനോടകം സംയോജിപ്പിച്ചിട്ടുണ്ട്.
കൂടാതെ ‘അബ്ഷിർ സ്മാർട്ട് അസിസ്റ്റന്റ്’ വഴി മന്ത്രാലയം 52ലധികം സേവനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



