വിമാന യാത്രക്കാർക്ക് ജാഗ്രതാ നിർദേശം: സ്റ്റാറ്റസ് പരിശോധിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി
text_fieldsറിയാദ്: യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി തങ്ങളുടെ വിമാനങ്ങളുടെ സ്റ്റാറ്റസ് കൃത്യമായി പരിശോധിക്കണമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. മേഖലയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് വിമാന സർവീസുകളിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ഈ നിർദേശം.
വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനായി അതത് വിമാനക്കമ്പനികളുടെ ഔദ്യോഗിക ആശയവിനിമയ ചാനലുകൾ നിരന്തരം ശ്രദ്ധിക്കണമെന്ന് അതോറിറ്റി യാത്രക്കാരോട് ആവശ്യപ്പെട്ടു. കൃത്യമായ വിവരങ്ങൾ മുൻകൂട്ടി അറിയുന്നത് വിമാനത്താവളങ്ങളിലെ തിരക്കും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സഹായിക്കും.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവും സമാനമായ നിർദേശം യാത്രക്കാർക്ക് നൽകിയിട്ടുണ്ട്. യാത്രാ തടസങ്ങൾ ഒഴിവാക്കാൻ വിമാനത്താവളത്തിലേക്ക് തിരിക്കും മുൻപ് എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെട്ട് സമയം സ്ഥിരീകരിക്കണം. വ്യാജവാർത്തകളിൽ വഞ്ചിതരാകാതെ, വിമാനത്താവളത്തിന്‍റെയും എയർലൈനുകളുടെയും ഔദ്യോഗിക വെബ്സൈറ്റുകളോ സോഷ്യൽ മീഡിയ പേജുകളോ മാത്രം വിവരങ്ങൾക്കായി ആശ്രയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.


