‘ബിബാൻ ഫോറത്തി’ന്റെ ആദ്യ ദിനം ഒപ്പിട്ടത് ആറ് ബില്യൺ ഡോളറിന്റെ കരാറുകൾ
text_fieldsബീബാൻ ഫോറത്തിൽ സംസാരിക്കാനെത്തിയ പ്രശസ്ത ബ്രസീലിയൻ ഫുട്ബാൾ താരം കാകായെ മുൻശആത്ത് ഗവർണർ സാമി ഇബ്രാഹിം അൽ ഹുസൈനി സ്വീകരിക്കുന്നു
റിയാദ്: ആറ് ബില്യൺ യു.എസ് ഡോളർ മൂല്യമുള്ള എട്ട് ധനകാര്യ ഇടപാടുകളോടെയാണ് സ്റ്റാർട്ടപ് സംരംഭകത്വ സമ്മേളനമായ ‘ബിബാൻ 2025’ ഫോറത്തിന് റിയാദിൽ തുടക്കമായത്. ചെറുകിട, ഇടത്തരം സംരംഭക ജനറൽ അതോറിറ്റിയും (മുൻശആത്ത്) നിരവധി ദേശീയ ബാങ്കുകളും തമ്മിലാണ് കരാറുകൾ ഒപ്പുവെച്ചത്. ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എസ്.എം.ഇ സംരംഭങ്ങൾ) പിന്തുണക്കുക എന്നതാണ് ഈ ധനസഹായ കരാറുകളുടെ ലക്ഷ്യം.
ഉദ്ഘാടന ദിവസത്തെ പരിപാടികളിൽനിന്ന്
പുരുഷ-വനിത സംരംഭകരെ ശാക്തീകരിക്കുക എന്നതും ലക്ഷ്യമാണ്. റിയാദ് ബാങ്കുമായി 1.3 ബില്യൺ ഡോളറിന്റെയും അൽരാജ്ഹി ബാങ്കുമായി ഒരു ബില്യൺ ഡോളറിന്റെയുമാണ് കരാറുകൾ. അറബ് നാഷണൽ ബാങ്ക് 533 മില്യൺ ഡോളറിന്റെ കരാറിലാണ് ഒപ്പുവച്ചത്. 266 മില്യൺ ഡോളറിന്റെ ധനസഹായ കരാറാണ് അലിൻമ ബാങ്കുമായി ഒപ്പുവച്ചത്. അൽജസിറ ബാങ്കുമായി 266 മില്യൺ ഡോളറിേൻറതാണ് കരാർ.
സൗദി ഫ്രാൻസി ബാങ്കുമായി 700 മില്യൺ ഡോളറിന്റെ കരാറിലും ഒപ്പിട്ടു. സൗദി നാഷണൽ ബാങ്കുമായി 1.3 ബില്യൺ ഡോളറിേൻറതാണ് ധാരണാപത്രം. അൽബിലാദ് ബാങ്ക് 773 മില്യൺ ഡോളർ ധനസഹായ പോർട്ട്‌ഫോളിയോ പ്രഖ്യാപിച്ചു. മത്സരാധിഷ്ഠിത ധനസഹായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക വികസനത്തിൽ സജീവ പങ്ക് വഹിക്കാൻ ചെറുകിട ഇടത്തരം സംരംഭങ്ങളെ ശാക്തീകരിക്കുന്നതിനുമാണ് ഈ കരാറുകൾ. മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ചെറുകിട, ഇടത്തരം സംരംഭകത്വ മേഖലയുടെ സംഭാവന വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ‘സൗദി വിഷൻ 2030’ന് അനുസൃതമാണിത്.


