എയർ ഇന്ത്യയും റിയാദ് എയറും കൈകോർക്കുന്നു; ഇന്ത്യ-സൗദി പ്രീമിയം യാത്രക്ക് വിപുല സൗകര്യങ്ങൾ
text_fieldsറിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യോമയാന-സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തമാക്കിക്കൊണ്ട്, രാജ്യത്തെ മുൻനിര ആഗോള വിമാനക്കമ്പനിയായ എയർ ഇന്ത്യയും സൗദിയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയറും തമ്മിൽ തന്ത്രപ്രധാനമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
ഇരു രാജ്യങ്ങൾക്കും ഇടയിലും, അവിടെയുള്ള പ്രധാന ഹബ്ബുകൾ വഴി ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്കുമുള്ള പ്രീമിയം യാത്രാസൗകര്യങ്ങൾ വിപുലീകരിക്കുകയാണ് ഈ ആഗോള സഖ്യത്തിെൻറ ലക്ഷ്യം. ഡൽഹി, മുംബൈ, റിയാദ് എന്നീ നഗരങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രാധാന്യത്തെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് ഇരു പ്രീമിയം എയർലൈനുകളും ഈ പങ്കാളിത്തത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
ഒറ്റ ബുക്കിങ്ങിൽ സുഗമമായ യാത്ര
നിയമപരമായ അന്തിമ അനുമതികൾക്ക് വിധേയമായി, എയർ ഇന്ത്യയും റിയാദ് എയറും ഉടൻ തന്നെ ഇന്റർലൈൻ, കോഡ്ഷെയർ ക്രമീകരണങ്ങൾ നിലവിൽ വരുത്തും. ഇതോടെ യാത്രാക്കാർക്ക് ഒരൊറ്റ ബുക്കിങ്ങിലൂടെ ഇരു കമ്പനികളുടെയും സർവീസുകൾ ഉപയോഗപ്പെടുത്താനും, കണക്റ്റിംഗ് ഫ്ലൈറ്റുകളിൽ കൂടുതൽ സുഗമമായി യാത്ര ചെയ്യാനും സാധിക്കും.
യാത്രാസൗകര്യങ്ങൾക്ക് പുറമെ, രണ്ട് എയർലൈനുകളിലെയും ഉപഭോക്താക്കൾക്ക് പരസ്പരം ലോയൽറ്റി പ്രോഗ്രാം ആനുകൂല്യങ്ങൾ ലഭ്യമാക്കാനും ഈ കരാറിലൂടെ ലക്ഷ്യമിടുന്നുണ്ട്. കൂടാതെ ചരക്കുനീക്കത്തിനായുള്ള കാർഗോ സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കാനും, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള സാങ്കേതിക പങ്കാളിത്തം ഉറപ്പാക്കാനും ഇരു കമ്പനികളും സംയുക്തമായി തീരുമാനിച്ചിട്ടുണ്ട്.
ആഗോള വ്യോമയാന മേഖലയിലെ സ്വാഭാവിക പങ്കാളിത്തമെന്ന് അധികൃതർ
ആഗോള വ്യോമയാന മേഖലയിൽ അതിവേഗം വളരുന്ന രണ്ട് പ്രധാന വിപണികളാണ് ഇന്ത്യയും സൗദി അറേബ്യയുമെന്ന് എയർ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ പറഞ്ഞു. ഈ രണ്ട് രാജ്യങ്ങളുടെയും വളർച്ചയുടെ വേഗത പരിഗണിക്കുമ്പോൾ ഇതൊരു സ്വാഭാവിക പങ്കാളിത്തമാണെന്നും, റിയാദ് എയറുമായി കൈകോർക്കുന്നതിലൂടെ യാത്രക്കാർക്ക് കൂടുതൽ മികച്ച യാത്രാനുഭവവും വിപുലമായ ചോയിസുകളും നൽകാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ലോകത്തിലെ ഏറ്റവും ചലനാത്മകമായ വ്യോമയാന വിപണികളിലൊന്നാണ് ഇന്ത്യയെന്ന് റിയാദ് എയർ സി.ഇ.ഒ ടോണി ഡഗ്ലസ് വ്യക്തമാക്കി. എയർ ഇന്ത്യയുമായുള്ള പങ്കാളിത്തം റിയാദ് എയറിെൻറ ദൗത്യത്തിലെ നിർണായകമായ ചുവടുവെപ്പാണെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരിക-സാമ്പത്തിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന ലോകോത്തര യാത്രാനുഭവം ഉറപ്പാക്കാൻ സംയുക്തമായി സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികൾക്കും വലിയ നേട്ടം
സൗദി അറേബ്യക്കും ഇന്ത്യക്കും ഇടയിലുള്ള ബിസിനസ്സ്, ടൂറിസം, പ്രവാസി കുടുംബങ്ങളുടെ യാത്രകൾ എന്നിവയ്ക്ക് ഈ പുതിയ സഖ്യം വലിയ രീതിയിൽ പ്രയോജനം ചെയ്യും. 2022-ൽ സ്വകാര്യവൽക്കരിക്കപ്പെട്ടതിന് ശേഷം എയർ ഇന്ത്യ തങ്ങളുടെ ആഗോള ശൃംഖല വിപുലീകരിക്കാനുള്ള ശ്രമങ്ങളിലാണ്. നിലവിൽ ലോകമെമ്പാടുമുള്ള പ്രമുഖ എയർലൈനുകളുമായി 25 കോഡ്ഷെയർ പങ്കാളിത്തവും 120-തിലധികം ഇൻറർലൈൻ കരാറുകളും എയർ ഇന്ത്യയ്ക്കുണ്ട്.
ഇത് വഴി ആയിരത്തിലധികം അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്ക് എയർ ഇന്ത്യ യാത്രക്കാർക്ക് എളുപ്പത്തിൽ പ്രവേശനം സാധ്യമാകുന്നു. ഇതോടൊപ്പം, റിയാദ് എയർ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ലണ്ടൻ ഹീത്രൂവിലേക്കുള്ള ആദ്യഘട്ട വിമാന സർവീസുകളുടെ പൊതു ടിക്കറ്റ് വിൽപന അടുത്തിടെ ആരംഭിച്ചിരുന്നു. ജൂലൈ ഒന്നിന് ആദ്യ വിമാനം പറന്നുയരുന്നതോടെ, ഇന്ത്യൻ യാത്രക്കാർക്ക് റിയാദ് വഴി യുകെയിലേക്കും യൂറോപ്പിലേക്കും വളരെ എളുപ്പത്തിലും പ്രീമിയം സൗകര്യങ്ങളോടെയും യാത്ര ചെയ്യാനുള്ള പുതിയൊരു വാതിൽ കൂടിയാണ് ഇവിടെ തുറക്കപ്പെടുന്നത്.


