Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രാദേശിക പച്ചക്കറി...

പ്രാദേശിക പച്ചക്കറി വിപണികളെ സജീവമാക്കി അൽ അഹ്​സ താഴ്‌വരകൾ

text_fields
bookmark_border
പ്രാദേശിക പച്ചക്കറി വിപണികളെ സജീവമാക്കി അൽ അഹ്​സ താഴ്‌വരകൾ
cancel

ദമ്മാം: ഈന്തപ്പഴം പഴുത്തുപാകമാകുന്ന വേനൽക്കാലത്തെ അതികഠിനമായ ചുടുകാറ്റ് മറ്റ് വിളവെടുപ്പുകൾക്ക് അനുയോജ്യമല്ലെന്ന ധാരണകളെ തിരുത്തിക്കുറിക്കുകയാണ് അൽ അഹ്​സയിലെ കാർഷിക താഴ്‌വരകൾ. വേനൽ വിപണികളിലേക്ക് ദിനംപ്രതി എത്തുന്ന പ്രാദേശിക പച്ചക്കറി ഉൽപ്പന്നങ്ങൾക്ക് നിലവിൽ വൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്.

ഈന്തപ്പനകൾക്കിടയിൽ ഇടവിളയായി കൃഷി ചെയ്യുന്ന വെണ്ടക്കയാണ് നിലവിൽ വിപണിയിലെ പ്രധാന താരം. നട്ട് മൂന്ന് മാസത്തിനുള്ളിൽ വിളവെടുക്കുന്ന ഇവയുടെ ചെറിയ വലുപ്പം, മൃദുവായ ഘടന, ഇളം പച്ച നിറം, ഉയർന്ന പോഷകമൂല്യം എന്നിവ ഉപഭോക്താക്കളെ ആകർഷിക്കുന്നു. ചെറുതും ഇടത്തരവുമായ വെണ്ടക്കക്കാണ് ആവശ്യക്കാർ കൂടുതൽ എന്നതിനാൽ കർഷകർ ദിവസവും അതിരാവിലെ വിളവെടുപ്പ് നടത്തി അവ തരംതിരിക്കാറാണ് പതിവ്.

വളർച്ചയെത്തിയ വെണ്ടക്ക ചെടിയിൽ തന്നെ നിർത്തിയാൽ ഗുണനിലവാരം കുറയുകയും വിത്തുകൾ കട്ടിയാവുകയും ചെയ്യുമെന്നതിനാൽ ദിവസേനയുള്ള വിളവെടുപ്പ് അത്യന്താപേക്ഷിതമാണെന്ന് കിങ്​ ഫൈസൽ യൂനിവേഴ്സിറ്റി പ്രഫസർ ഡോ. മുഹമ്മദ് അൽ മൗജി വ്യക്തമാക്കി. കൂടാതെ, ദിവസേന വിളവെടുക്കുന്നത് പുതിയ കായ്കൾ ഉണ്ടാകുന്നതിനെ ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗസ്​റ്റ്​ ആദ്യം വരെ നീളുന്ന വേനൽക്കാല വിളവെടുപ്പ് കാലയളവിലാണ് ഏറ്റവും കൂടുതൽ ഉൽപ്പാദനം നടക്കുന്നതെന്ന് കാർഷിക വിദഗ്ധൻ അബ്​ദുള്ള അൽ സലേമും ചൂണ്ടിക്കാട്ടി. വെണ്ടക്കക്ക് പുറമേ തണ്ണിമത്തൻ, ഷമാം, തക്കാളി, അത്തിപ്പഴം, നാരങ്ങ, പയർവർഗങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പഴങ്ങളും പച്ചക്കറികളും ചരിത്രപ്രസിദ്ധമായ അൽ അഹ്​സയിൽനിന്ന് വിപണിയിലെത്തുന്നുണ്ട്.

രാജ്യത്തിനാവശ്യമായ തക്കാളി, വഴുതനങ്ങ, അത്തിപ്പഴം എന്നിവ ആഭ്യന്തരമായി തന്നെ ഉൽപ്പാദിപ്പിക്കാൻ സൗദിക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങൾകൊണ്ട് കാർഷിക മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് സൗദി അറേബ്യ കൈവരിച്ചത്. ഭക്ഷ്യാവശ്യങ്ങൾക്ക് പുറംരാജ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ച്, സ്വന്തം മണ്ണിൽ തന്നെ ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ വലിയ വിജയമാണ് കണ്ടത്.

വരണ്ട കാലാവസ്ഥയെ അതിജീവിക്കാൻ ശേഷിയുള്ള വിത്തുകളും അതിനൂതന കൃഷിരീതികളും പ്രയോജനപ്പെടുത്തിയത് ഈ നേട്ടത്തിന് ആക്കം കൂട്ടി. പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറിയതോടെ കൂടുതൽ ആളുകൾ കാർഷിക രംഗത്തേക്ക് കടന്നുവരുന്നത് സൗദിയുടെ കാർഷിക പുരോഗതിയുടെ വ്യക്തമായ തെളിവാണ്.

Show Full Article
TAGS:al ahsa Vegetable markets Dammam 
News Summary - Al Ahsa Valleys revitalizes local vegetable markets
Next Story