Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിങ്ങുന്ന മനസ്സുമായി...

വിങ്ങുന്ന മനസ്സുമായി അൽ അനൂദ്; കനിവോടെ സൗദി കിരീടാവകാശി

text_fields
bookmark_border
വിങ്ങുന്ന മനസ്സുമായി അൽ അനൂദ്; കനിവോടെ സൗദി കിരീടാവകാശി
cancel
camera_alt

അനൂദ് അബ്​ദുല്ല അൽ തുറൈഫി

റിയാദ്​: ഉറ്റവരെല്ലാം കൺമുന്നിൽ കത്തിയമർന്നപ്പോഴും മരണം തോറ്റുകൊടുത്ത ആ ഒമ്പത്​ വയസ്സുകാരിയുടെ വാക്കുകൾ ഇന്ന് ലോകത്തി​ന്റെ നോവായി മാറുന്നു. 2025 ഒക്ടോബർ 22ന് സൗദി അറേബ്യയിലെ അൽ ഖസീം പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട സുഡാനി പെൺകുട്ടി അൽ അനൂദ് അബ്​ദുല്ല അൽ തുറൈഫിയുടെ വിഡിയോ സന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തന്നെയും ത​ന്റെ മുത്തശ്ശി മുത്തശ്ശന്മാരെയും സൗദിയിൽ തുടരാൻ അനുവദിക്കണമെന്ന അവളുടെ അഭ്യർഥനക്ക്​ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേരിട്ട് ഇടപെട്ടതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ആ കറുത്തദിനം

ഒക്ടോബർ 22ന് ദാലിയ റാഷിദ്-അൽ റാസ് റോഡിലായിരുന്നു ആ ദാരുണമായ അപകടം. അൽ അനൂദും കുടുംബവും സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് നിമിഷങ്ങൾക്കകം തീപിടിക്കുകയായിരുന്നു. ആ അഗ്​നിനാളങ്ങളിൽ അൽ അനൂദി​ന്റെ പിതാവ് അബ്​ദുല്ല അൽ തുറൈഫി, മാതാവ് മർവ ആദിൽ മുഹമ്മദ്, സഹോദരങ്ങളായ സൗദ്, വാദ്, പിതൃസഹോദരി മുന, പിതൃസഹോദര പുത്രൻ ഹമദ് എന്നിവർക്ക് ജീവൻ നഷ്​ടമായി.

ഗുരുതരമായി പരിക്കേറ്റ അൽ അനൂദ് കഴിഞ്ഞ രണ്ട് മാസമായി ബുറൈദയിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ശാരീരിക പരിക്കുകൾക്കൊപ്പം കുടുംബത്തെ നഷ്​ടപ്പെട്ട മാനസികാഘാതവും മറികടക്കാൻ വിദഗ്ധ സംഘത്തി​ന്റെ സഹായത്തോടെയുള്ള ചികിത്സയാണ് അവൾക്ക് നൽകിവരുന്നത്.

അപകടത്തി​ന്റെ ദൃശ്യം

ഹൃദയം തൊടുന്ന അപേക്ഷ

ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ വെച്ച് ചിത്രീകരിച്ച വിഡിയോയിലാണ് അൽ അനൂദ് ത​ന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. ‘സുഹൃത്തുക്കളേ, എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്. എ​ന്റെ ഈ ശബ്​ദം സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാര​ന്റെ അടുക്കൽ എത്തിക്കാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. എ​ന്റെ ഉപ്പയും ഉമ്മയും കുടുംബവും എല്ലാം ഈ സൗദി മണ്ണിലാണ് മൺമറഞ്ഞത്. അവരുടെ ഓർമകൾ ഇന്നും ഈ മണ്ണിലുണ്ട്. എനിക്ക് ഈ രാജ്യം വിട്ടുപോകാൻ താൽപര്യമില്ല. ഞാൻ ഇവിടെത്തന്നെ തുടരാൻ ആഗ്രഹിക്കുന്നു. എന്നെ ദത്തെടുക്കാൻ പലരും വരുന്നുണ്ടെന്ന് കേട്ടു, പക്ഷേ എനിക്ക് എ​ന്റെ ഉപ്പൂപ്പയും ഉമ്മൂമ്മയുമുണ്ട്. ഞങ്ങൾക്ക് ഇവിടെ സമാധാനമായി ജീവിച്ചാൽ മതി.’ തന്നെ ചികിത്സിച്ച ആശുപത്രി അധികൃതരോടും സൗദി ജനതയോടും നന്ദി പറയാനും ഈ കൊച്ചു പെൺകുട്ടി മറന്നില്ല.

കരുണയോടെ ഭരണകൂടം

അൽ അനൂദി​ന്റെ വിഡിയോ വൈറലായതോടെ സൗദി ഭരണകൂടം ഉടനടി പ്രതികരിച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ വിഷയത്തിൽ നേരിട്ട് ഇടപെടുകയും പെൺകുട്ടിക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ നിർദേശിക്കുകയും ചെയ്തു.

ഖസീം പ്രവിശ്യ ഗവർണർ അമീർ ഡോ. ഫൈസൽ ബിൻ മിശ്അൽ ബിൻ സഊദ് ആശുപത്രിയിൽ നേരിട്ടെത്തി അൽ അനൂദിനെ സന്ദർശിച്ചു. അവളുടെ സംരക്ഷണവും തുടർപഠനവും സൗദി ഭരണകൂടം ഏറ്റെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. സൗദിയിൽ തന്നെ തുടരണമെന്ന അവളുടെ ആഗ്രഹം പരിഗണിച്ച്, മുത്തശ്ശി മുത്തശ്ശന്മാർക്കൊപ്പം ഇവിടെ താമസിക്കാനുള്ള എല്ലാ നിയമപരമായ നടപടികളും അധികൃതർ പൂർത്തിയാക്കിക്കഴിഞ്ഞു.

മരണത്തി​ന്റെ കരിനിഴലിൽനിന്ന് ജീവിതത്തിലേക്ക് മടങ്ങിവന്ന ഈ പെൺകുട്ടിക്ക്, സൗദി അറേബ്യ എന്ന രാജ്യം ഇപ്പോൾ കേവലം ഒരു അഭയസ്ഥാനമല്ല, മറിച്ച് അവളുടെ പ്രിയപ്പെട്ടവരുടെ ഓർമകൾ കാത്തുസൂക്ഷിക്കുന്ന വീട് കൂടിയാണ്.

Show Full Article
TAGS:sudani Video Viral Car accident in Saudi Arabia saudi government 
News Summary - Al-Anood's video message goes viral; Saudi government offers help
Next Story