മരുഭൂമിയിലെ അപൂർവ കാഴ്ചയായി ‘തേളിെൻറ വാൽ’
text_fieldsസൗദി വടക്കൻ അതിർത്തി മേഖലയിലെ ‘അൽ റംറം’ ചെടികൾ പൂത്തുലഞ്ഞപ്പോൾ
ജിദ്ദ: സൗദി അറേബ്യയുടെ വടക്കൻ അതിർത്തി പ്രദേശങ്ങൾ മരുഭൂമി പരിസ്ഥിതിയുടെ സമ്പന്നത വിളിച്ചോതുന്ന വൈവിധ്യമാർന്ന സസ്യജാലങ്ങളാൽ സജീവമാകുന്നു. ഈ മേഖലയിലെ സസ്യവൈവിധ്യങ്ങളിൽ ഇപ്പോൾ ഏറെ ശ്രദ്ധേയമായിരിക്കുന്നത് ‘അൽ റംറം’ എന്ന കുറ്റിച്ചെടിയാണ്. ‘ഹീലിയോട്രോപ്പിയം ബാസിഫെറം’ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ സസ്യം മരുഭൂമിയിലെ അപൂർവവും മനോഹരവുമായ കാഴ്ചയായി മാറിയിരിക്കുകയാണ്. ഈ ചെടിയിൽ വിരിയുന്ന ചെറിയ വെളുത്ത പൂക്കൾക്ക് തേളിെൻറ വാലിനോട് സാമ്യമുള്ള വളഞ്ഞ ആകൃതിയാണുള്ളത്. അതിനാൽ പ്രാദേശികമായി ‘തേളിെൻറ വാൽ’ എന്ന അർത്ഥത്തിൽ ‘ദനബുൽ അഖ്റബ്’ എന്നും ഈ സസ്യം വിളിക്കപ്പെടുന്നു.കഠിനമായ കാലാവസ്ഥയുമായി അതിവേഗം പൊരുത്തപ്പെടാൻ കഴിവുള്ള ഈ വേനൽക്കാല കുറ്റിച്ചെടി ‘ബോറാജിനേസി’ കുടുംബത്തിൽപെട്ടതാണ്.
സാധാരണയായി 30 മുതൽ 50 സെൻറിമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇവ മികച്ചൊരു പൂച്ചെടി കൂടിയാണ്. ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന പരുക്കൻ അടിഭാഗം കൊണ്ട് പൊതിഞ്ഞ ശാഖകളുള്ള മരം പോലുള്ള തണ്ടുകളും ഇലകളുമാണ് ഈ കുറ്റിച്ചെടിയുടെ പ്രധാന സവിശേഷത. വടക്കേ ആഫ്രിക്ക മുതൽ അറേബ്യൻ ഉപദ്വീപും ഉഷ്ണമേഖലാ ഏഷ്യയുടെ ചില ഭാഗങ്ങളും വരെയുള്ള മരുഭൂമികളിലും അർധ മരുഭൂമി പരിതസ്ഥിതികളിലും അൽ റംറം വ്യാപകമായി കാണപ്പെടുന്നുണ്ട്.
പ്രത്യേകിച്ച് മഴക്കാലത്തിന് ശേഷം സൗദിയുടെ വടക്കൻ അതിർത്തി മേഖലയിലെ പ്രധാനപ്പെട്ട പ്രകൃതിദത്ത ആവാസ വ്യവസ്ഥകളിൽ ഒന്നായി ഇത് പ്രകടമാകുന്നു. മരുഭൂമിയിലെ പരിസ്ഥിതി സന്തുലനത്തിൽ നിർണായക പങ്കുവഹിക്കുന്ന ഈ സസ്യം മണ്ണിനെ സ്ഥിരപ്പെടുത്താനും മണ്ണൊലിപ്പ് തടയാനും സഹായിക്കുന്നു. കൂടാതെ, ചെറിയ ജീവികൾക്ക് സ്വാഭാവികമായ ആവാസവ്യവസ്ഥ ഒരുക്കുന്നതിലും മഴക്കു ശേഷമുള്ള കാലാവസ്ഥ പുരോഗതിയുടെ സൂചകമായി നിലകൊള്ളുന്നതിലും ഈ സസ്യത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്.


