ആഗോള ശ്രദ്ധ ആകർഷിച്ച് അൽഉല: 2025–2026 പുരാവസ്തു ഗവേഷണ സീസൺ ആരംഭിച്ചു
text_fieldsയുനെസ്കോ ലോക പൈതൃക പട്ടികയിലുള്ള അൽ ഉല പ്രദേശം
റിയാദ്: സൗദിയുടെ ചരിത്രപരമായ പ്രാധാന്യം ലോകത്തിന് മുന്നിൽ എത്തിക്കുന്നതിന്റെ ഭാഗമായി റോയൽ കമീഷൻ ഫോർ അൽഉല (ആർ.സി.യു) 2025–2026 ലെ പുരാവസ്തു ഗവേഷണ സീസൺ പ്രഖ്യാപിച്ചു. പുരാവസ്തു ഗവേഷണങ്ങൾക്കും സാംസ്‌കാരിക പൈതൃക സംരക്ഷണത്തിനും വേണ്ടിയുള്ള ആഗോള കേന്ദ്രമായി അൽഉലയുടെ വളർച്ചയെ ഈ ഉദ്യമം ശക്തിപ്പെടുത്തും.
സൗദി അറേബ്യൻ, അന്താരാഷ്ട്ര ഗവേഷണ സംഘങ്ങൾ അൽഉലയിലും ഖൈബറിലുമായി വിപുലമായ ഗവേഷണങ്ങളാണ് നടത്തുക. സൗദി അറേബ്യൻ ഉപദ്വീപിന്റെ ചരിത്രം കണ്ടെത്താനും അതിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ധാരണകൾക്ക് പുതിയ രൂപം നൽകാനും ലക്ഷ്യമിടുന്ന ഈ സീസൺ, അൽഉലയെ ശാസ്ത്രീയവും സാംസ്‌കാരികവുമായ അന്വേഷണങ്ങളുടെ ഹൃദയഭാഗത്ത് പ്രതിഷ്ഠിക്കുന്ന വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമാണ്.
കിങ് സഊദ് യൂനിവേഴ്സിറ്റി, ഫ്രഞ്ച് നാഷനൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ച് (സി.എൻ.ആർ.എസ്), യൂനിവേഴ്സിറ്റി പാരിസ് 1 പന്തീയോൺ-സോർബോൺ, ജെന്റ് യൂനിവേഴ്സിറ്റി, സ്പെയിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജ് സയൻസസ്, ഇറ്റാലിയൻ കൺസർവേഷൻ ഗ്രൂപ്പായ 'എസ്റ്റിയ' എന്നിവയുൾപ്പെടെ പ്രശസ്ത സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് നൂറിലധികം ഗവേഷകരും വിദഗ്ദ്ധരും പങ്കെടുക്കുന്നുണ്ട്. നിയോലിത്തിക് കാലഘട്ടം മുതൽ ഇസ്ലാമിക് കാലഘട്ടം വരെയുള്ള സ്ഥലങ്ങളിൽ പഠനം നടത്താൻ പുരാവസ്തു, പരിസ്ഥിതി, ഡിജിറ്റൽ പൈതൃക മേഖലകളിലെ സൗദി വിദഗ്ദ്ധർ ഇവർക്കൊപ്പം ചേരും.
ഉത്ഖനനം, ഫീൽഡ് സർവേകൾ, ഡിജിറ്റൽ ഡോക്യുമെന്റേഷൻ, സുസ്ഥിരമായ സംരക്ഷണ പരിഹാരങ്ങൾ എന്നിവ കൂടാതെ പാരിസ്ഥിതിക പഠനങ്ങൾ, കാലാവസ്ഥാ ശാസ്ത്രം, ഭൗമശാസ്ത്രം, നരവംശശാസ്ത്രം എന്നിവയിലെ വികസിത ഗവേഷണങ്ങളും ഈ സീസണിൽ ഉൾപ്പെടുന്നു. സൗദി അറേബ്യയിലെ ആദ്യത്തെ യുനെസ്കോ ലോക പൈതൃക സ്ഥലമായ ഹെഗ്രയിൽ നടത്തുന്ന ഉത്ഖനനങ്ങൾ നബാത്തിയൻ ജീവിതത്തെക്കുറിച്ചും റോമൻ സാന്നിധ്യത്തെക്കുറിച്ചും പുതിയ വിവരങ്ങൾ നൽകും.
ദദാൻ, ലിഹ്യൻ എന്നീ പുരാതന രാജ്യങ്ങളുടെ തലസ്ഥാനമായിരുന്ന ദദാൻ സൈറ്റിലെ ഗവേഷണങ്ങളും പുരോഗമിക്കും. ഇവിടെ കണ്ടെത്തിയ 1,67,000-ത്തിലധികം വരുന്ന മൃഗങ്ങളുടെ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള പാരിസ്ഥിതിക വസ്തുക്കളുടെ വിശകലനം 2,000 വർഷം മുമ്പുള്ള അന്നത്തെ ജീവിതത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ നൽകിയിട്ടുണ്ട്.
പ്രദേശത്തെ ഏറ്റവും വലിയ ശിലാ ലിഖിതങ്ങളുടെ ഡോക്യുമെന്റേഷനും ഗവേഷണ പരിപാടിയുടെ ഭാഗമാണ്. ചരിത്രപരമായ തീർത്ഥാടന പാതകളെക്കുറിച്ചും അവയുടെ സാംസ്‌കാരികവും മതപരവുമായ പ്രാധാന്യത്തെക്കുറിച്ചും ഖൈബർ മരുപ്പച്ചയിലെ ആദ്യകാല ഇസ്ലാമിക നഗരവികസനത്തെക്കുറിച്ചും അന്വേഷണങ്ങൾ നടക്കും. ഏറ്റവും പുതിയ ആഗോള സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ശാസ്ത്രീയ സംരക്ഷണത്തെക്കുറിച്ചും പുനഃസ്ഥാപനത്തെക്കുറിച്ചുമുള്ള ഗവേഷണങ്ങൾക്കായി വിദഗ്ദ്ധ സംഘങ്ങൾ അൽഉലയിലെത്തും.
സമീപ വർഷങ്ങളിൽ നടന്ന സുപ്രധാന കണ്ടെത്തലുകളുടെ തുടർച്ചയാണ് ഈ പുതിയ സീസൺ. 7,000 വർഷം പഴക്കമുള്ളതും ലോകത്തിലെ ആദ്യകാല സ്മാരകപരമായ ആചാരപരമായ വാസ്തുവിദ്യയായി കണക്കാക്കപ്പെടുന്നതുമായ ചതുരാകൃതിയിലുള്ള കല്ല് മുസ്തതിലുകൾ, വെങ്കലയുഗത്തിലെ ഒരു നഗരവും ഖൈബറിനെ ചുറ്റിപ്പറ്റിയുള്ള വലിയ കോട്ടമതിലും ഖൈബറിലെ ഉത്ഖനനങ്ങളിൽ കണ്ടെത്തിയിരുന്നു.
ഖുർഹ ചരിത്ര നഗരത്തിലെ വിപണികൾ, തെരുവുകൾ, ഒരു പള്ളി, വലിയ വീടുകൾ, ഭൂഗർഭ ജല ചാനലുകൾ എന്നിവയുടെ ശൃംഖലകൾ സർവേകളിലൂടെയും ഉത്ഖനനങ്ങളിലൂടെയും വെളിപ്പെടുത്തിയിട്ടുണ്ട്.
ഗവേഷണങ്ങൾക്കും കണ്ടെത്തലുകൾക്കുമപ്പുറം, സൗദിയിലെയും അന്താരാഷ്ട്ര സർവകലാശാലകളിലെയും പുരാവസ്തു വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഫീൽഡ് പരിശീലന പരിപാടികൾ ഈ സീസണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ത്രീഡി ഡോക്യുമെന്റേഷൻ, ഡ്രോൺ സർവേകൾ പോലുള്ള നൂതന ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശീലനം, ഗവേഷണ, സംരക്ഷണ ശ്രമങ്ങൾക്ക് നേതൃത്വം നൽകാൻ പുതിയ തലമുറയിലെ സൗദി ഗവേഷകരെ സജ്ജരാക്കും.