ആഗോള ശ്രദ്ധ നേടി അൽ ഉല പൈതൃക നഗരം
text_fieldsയാംബു: സൗദിയിലെ വിശാലമായ പ്രാചീന നഗരിയിലൊന്നായ അൽ ഉല നഗരം ആഗോള ശ്രദ്ധ നേടുന്നു. സൗദിയിലെ മികവുറ്റ സാംസ്കാരിക ടൂറിസം പദ്ധതി നടപ്പക്കിയതിനാണ് അൽ ഉലക്ക് 2025ലെ വേൾഡ് ട്രാവൽ അവാർഡ് ലഭിച്ചത്. 200,000 വർഷത്തിലേറെ പഴക്കമുള്ള പൈതൃകങ്ങൾ അസാധാരണമായ ആഗോള ലക്ഷ്യ സ്ഥാനങ്ങളിലൊന്നായി ഇതിനകം അൽ ഉല അടയാളപ്പെടുത്തിക്കഴിഞ്ഞു.
സമ്പന്നമായ സാംസ്കാരികവും ചരിത്രപരവുമായ പൈതൃകമുള്ള പ്രദേശം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിപ്പോൾ. 2024ലും വേൾഡ് ട്രാവൽ അവാർഡ് അൽ ഉലക്ക് തന്നെ ലഭിച്ചിരുന്നു. 2023ലെ മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച സാംസ്കാരിക ടൂറിസം പദ്ധതിയായി നേരത്തേ അൽഉല തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആഗോള ടൂറിസം മേഖലയിലെ ഏറ്റവും ഉയർന്ന അംഗീകാരങ്ങളിലൊന്നാണ് വേൾഡ് ട്രാവൽ അവാർഡ്.
സമൃദ്ധമായ ജലവും വളക്കൂറുള്ള കൃഷി ഭൂമിയും ദൈവം കനിഞ്ഞരുളിയ ഈ പ്രദേശം മദീന പ്രവിശ്യയിലെ വടക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്. മദീനയിൽ നിന്നും ഇവിടേക്ക് 400 കിലോ മീറ്റർ ദൂരമുണ്ട്. നഗരിയിലേക്ക് കടക്കുമ്പോൾ തന്നെ തലയെടുപ്പുള്ള പാറകളുടെ രൂപഭാവങ്ങളും വർണാഭമായ ചാരുതയും സന്ദർശകർക്ക് വിസ്മയ ക്കാഴ്ചയാണ് സമ്മാനിക്കുക. പ്രകൃതിയൊരുക്കിയ ശിൽപ ഭംഗിയും ചുകന്ന കുന്നുകളുടെ അത്ഭുതകരമായ രൂപഭാവങ്ങളും നയനാനന്ദകരമായ ദൃശ്യവിരുന്നൊരുക്കുന്നു.
അൽ ഉല പ്രദേശത്തിന്റെ വികസനത്തിനും ചരിത്ര പ്രദേശങ്ങളുടെ നവീകരണത്തിനും ‘അൽ ഉല റോയൽ കമീഷൻ അതോറിറ്റി’ തന്നെ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രമുഖ പൈതൃക സ്ഥലങ്ങൾ അൽ ഉലയിലുണ്ട്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആദ്യത്തെ സൗദി സൈറ്റായ ഹെഗ്ര എന്ന പേരിലറിയപ്പെടുന്ന മദാഇൻ സ്വാലിഹ് അൽ ഉല ഗവർണറേറ്റിലാണ്.
പർവതങ്ങളിലെ ഭീമാകാരമായ പാറകൾ തുരന്ന് വീടുകൾ തയാറാക്കി കൊത്തുപണികൾ ഉല്ലേഖനം ചെയ്ത ഇതുപോലെയുള്ള മറ്റൊരു പ്രദേശം ലോകത്ത് തന്നെ വിരളമാണ്. കൊത്തിയുണ്ടാക്കിയ നിർമിതികളാണ് ഇവിടുത്തെ മുഖ്യ ആകർഷകം. പാറകളിൽ കൊത്തി യുണ്ടാക്കിയ 153 നിർമിതികൾ ഇപ്പോൾ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. പാറകള്‍ തുരന്ന് വീടുകള്‍ തയാറാക്കിയതില്‍ ചെറുതും വലുതുമായ132 ശിലാവനങ്ങള്‍ ഈ പ്രദേശത്ത് നിലനില്‍ക്കുന്നു.


