തീർഥാടകർക്ക് ചികിത്സ ഉറപ്പാക്കാൻ ‘അമൽ മൊബൈൽ ക്ലിനിക്ക്’
text_fieldsജിദ്ദയിൽ ഹജ്ജ് കോൺഫറൻസ് ആൻഡ് എക്സിബിഷനിൽ ഹെൽത്ത് ഹോൾഡിങ് കമ്പനി സി.ഇ.ഒ നാസർ അൽഹഖ്ബാനി സംസാരിക്കുന്നു
ജിദ്ദ: ‘സൗദി വിഷൻ 2030’ പരിപാടിയുടെ ഭാഗമായി ആരോഗ്യമേഖലയിൽ നിർണായകമായ മുന്നേറ്റം പ്രഖ്യാപിച്ച് ഹെൽത്ത് ഹോൾഡിങ് കമ്പനി. അടുത്ത വർഷത്തെ ഹജ്ജ് സീസണിൽ ‘അമൽ മൊബൈൽ ക്ലിനിക്ക്’ അവതരിപ്പിക്കുമെന്ന് കമ്പനി സി.ഇ.ഒ നാസർ അൽഹഖ്ബാനി വെളിപ്പെടുത്തി.
ജിദ്ദയിൽ നടക്കുന്ന ഹജ്ജ് സർവിസസ് കോൺഫറൻസ് ആൻഡ് എക്സിബിഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീർഥാടകർക്ക് സമഗ്രമായ വെർച്വൽ കെയർ ഉറപ്പാക്കുന്ന ഡിജിറ്റൽ സംവിധാനമാണിത്. നിർമിതബുദ്ധിയെ (എ.ഐ) ആശ്രയിച്ച് പ്രവർത്തിക്കുന്ന ഈ സ്മാർട്ട് ക്ലിനിക്ക് വേഗത്തിലും സുരക്ഷിതമായും ഉയർന്ന നിലവാരമുള്ള പരിചരണം എവിടെയും എപ്പോഴും ഉറപ്പാക്കും. അടിയന്തര പ്രാഥമിക വിദഗ്ദ ചികിത്സാസേവനങ്ങൾക്കായി ക്ലിനിക്ക് വിർച്വൽ ഡോക്ടർമാരെ ആശ്രയിക്കുകയും വിവിധ ഭാഷകളിൽ സേവനം നൽകുകയും ചെയ്യും. ചികിത്സക്ക് മുമ്പ് പ്രതിരോധത്തിന് ഊന്നൽ നൽകുന്ന സേവനമാണിത്.
കഴിഞ്ഞ വർഷത്തെ ആരോഗ്യസേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അൽഹഖ്ബാനി പങ്കുവെച്ചു. കഴിഞ്ഞ ഹജ്ജ് സീസണിൽ 1,09,000 ത്തിലധികം തീർഥാടകരാണ് ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ചത്. രാജ്യത്തുടനീളമുള്ള 20 ആരോഗ്യ ക്ലസ്റ്ററുകൾ വഴി 14 ലക്ഷത്തിലധികം പ്രതിരോധ സേവനങ്ങൾ നൽകി. അടിയന്തര വിഭാഗങ്ങളിൽ 43,000ത്തോളം കേസുകൾ കൈകാര്യം ചെയ്തു.
‘ഹജ്ജ് ഇൻ ഗുഡ് ഹെൽത്ത്’ എന്ന പദ്ധതി വഴി 1,23,000 ആഭ്യന്തര തീർഥാടകർക്ക് ഹജ്ജിന് മുമ്പും ശേഷവും ആരോഗ്യ നിരീക്ഷണവും പരിചരണവും ലഭിച്ചു. കഴിഞ്ഞ സീസണിൽ 23,000 ആരോഗ്യ പ്രവർത്തകർ തീർഥാടകരെ സേവിക്കാൻ രംഗത്തുണ്ടായിരുന്നു.
തീർഥാടകർക്ക് വേണ്ടി ഹെൽത്ത് ഹോൾഡിങ് അവതരിപ്പിച്ച മറ്റ് സാങ്കേതിക മുന്നേറ്റങ്ങളിൽ ഹൃദ്രോഗികളുടെ പ്രധാനപ്പെട്ട ആരോഗ്യസൂചകങ്ങൾ നിരീക്ഷിക്കാനുള്ള സ്മാർട്ട് വാച്ച്, ഹൃദയ കത്തീറ്ററൈസേഷൻ ഓപറേഷനുകൾക്കായി റോബോട്ടിക് സംവിധാനത്തിന്റെ ഉപയോഗം എന്നിവ ഉൾപ്പെടുന്നു. വെർച്വൽ ഹെൽത്ത് ഹോസ്പിറ്റൽ വഴി മക്കയിൽ എത്തുന്നതിന് മുമ്പ് തീർഥാടകർക്ക് ചികിത്സാ കൺസൽട്ടേഷനുകളും അപ്പോയിൻറ്മെൻറുകളും നൽകുന്നുണ്ട്. ഈ നൂതനമായ ചുവടുവെപ്പിലൂടെ സൗദി ആരോഗ്യ പരിവർത്തന പരിപാടിയുടെ ലക്ഷ്യങ്ങൾക്കൊത്ത് മനുഷ്യനെ മുൻനിർത്തിയുള്ള ലോകോത്തര ആരോഗ്യ സംരക്ഷണം തീർഥാടകർക്ക് ലഭ്യമാക്കാനാണ് ഹെൽത്ത് ഹോൾഡിങ് ലക്ഷ്യമിടുന്നതെന്ന് നാസർ അൽഹഖ്ബാനി പറഞ്ഞു.


