ചെങ്കടൽ തീരത്ത് അത്ഭുതമായി ‘അമാല’; ആദ്യ ആഡംബര റിസോർട്ട് തുറന്നു
text_fieldsഅമാലയിലെ ‘ട്രിപ്പിൾ ബേ’ റിസോർട്ട്
റിയാദ്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ ചെങ്കടൽ തീരത്ത് ഒരുങ്ങുന്ന ആഗോള ആഡംബര വിനോദസഞ്ചാര പദ്ധതിയായ ‘അമാല’യിൽ ആദ്യ റിസോർട്ട് തുറന്നു. ‘ഫോർ സീസൺസ് റിസോർട്ട് ആൻഡ് റെസിഡൻസസ് അമാല’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ കേന്ദ്രം റെഡ് സീ ഇന്റർനാഷനൽ ഗ്രൂപ്പിെൻറ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ടൂറിസം പദ്ധതിയാണ്.
ആഗോളതലത്തിൽ അത്യാധുനിക സൗകര്യങ്ങളുള്ള ആഡംബര സുഖവാസകേന്ദ്രമായി സൗദി അറേബ്യയെ മാറ്റുന്നതിൽ ഈ റിസോർട്ട് വലിയ പങ്കുവഹിക്കും. അമാലയിലെ ആദ്യ റിസോർട്ട് യാഥാർഥ്യമായത് പദ്ധതിയുടെ ചരിത്രത്തിലെ നിർണായക നിമിഷമാണെന്ന് റെഡ് സീ ഇൻറർനാഷനൽ ഗ്രൂപ് സി.ഇ.ഒ ജോൺ പഗാനോ പറഞ്ഞു.
സാമ്പത്തിക വളർച്ചയും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ കൊണ്ടുപോകാൻ കഴിയുമെന്ന് ഈ പദ്ധതിയിലൂടെ തെളിയിച്ചിരിക്കുകയാണ്. ഇതൊരു തുടക്കം മാത്രമാണെന്നും, വരുംദിവസങ്ങളിൽ കൂടുതൽ റിസോർട്ടുകൾ തുറക്കുമെന്നും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആഡംബര കേന്ദ്രമായി അമാല മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
നിർമാണ പ്രവർത്തനങ്ങളിൽനിന്നും നേരിട്ടുള്ള സേവനങ്ങളിലേക്ക് മാറുന്ന അമാല പദ്ധതിക്ക് ഈ ഉദ്ഘാടനം വലിയൊരു നാഴികക്കല്ലാണ്. ചെങ്കടലിന്റെ തെളിഞ്ഞ ജലാശയങ്ങൾക്ക് അഭിമുഖമായി നിൽക്കുന്ന ഇവിടുത്തെ ‘ട്രിപ്പിൾ ബേ’ മേഖലയിൽ മാത്രം ഒമ്പത് അത്യാധുനിക ഹോട്ടലുകളിലായി 1,600-ലധികം മുറികളാണ് സഞ്ചാരികൾക്കായി ഒരുങ്ങുന്നത്.
ഉയർന്ന നിലവാരമുള്ള വിപണന കേന്ദ്രങ്ങൾ, മികച്ച ഭക്ഷണശാലകൾ എന്നിവയടങ്ങുന്ന കടൽത്തീര നഗരം, പ്രശസ്തമായ അമാല യാച്ച് ക്ലബ്, കോറലിയം മറൈൻ ലൈഫ് സെന്റർ എന്നിവയും ഈ വിനോദസഞ്ചാര മേഖലയുടെ പ്രധാന ആകർഷണങ്ങളാണ്. പൂർണമായും സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജത്തിലാണ് ഈ റിസോർട്ട് പ്രവർത്തിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
പ്രകൃതിക്ക് ഒരു കോട്ടവും തട്ടാത്ത രീതിയിൽ, മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കുന്ന വിപുലമായ ‘സീറോ വേസ്റ്റ്’ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.


