സൗദിയിൽ അഴിമതിവിരുദ്ധ നടപടി ശക്തം
text_fieldsയാംബു: സൗദി അറേബ്യയിൽ അഴിമതിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കി അഴിമതി വിരുദ്ധ അതോറിറ്റി (നസഹ). ഏപ്രിലിൽ രാജ്യവ്യാപകമായി നടത്തിയ വിപുലമായ പരിശോധനകളിൽ വിവിധ സർക്കാർ മന്ത്രാലയങ്ങളിലെ 97 ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി ആകെ 3,041 റെയ്ഡുകളാണ് അതോറിറ്റി സംഘടിപ്പിച്ചത്. അറസ്റ്റിലായവർക്ക് പുറമെ 259 പേർക്കെതിരെ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്. കസ്റ്റഡിയിലെടുത്തവരിൽ ചിലരെ നിയമപരമായ നടപടികൾക്ക് ശേഷം ജാമ്യത്തിൽ വിട്ടയച്ചതായും അതോറിറ്റി വ്യക്തമാക്കി. ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ-ഗ്രാമകാര്യം, ഭവന നിർമാണം എന്നീ സുപ്രധാന മന്ത്രാലയങ്ങളിലെ ജീവനക്കാരാണ് പിടിയിലായവരിൽ ഭൂരിഭാഗവും.
അഴിമതി വിരുദ്ധ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. കൈക്കൂലി വാങ്ങൽ, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, പൊതുഫണ്ടുകളുടെ ദുർവിനിയോഗം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ക്രിമിനൽ, സിവിൽ സ്വഭാവമുള്ള ഈ കേസുകൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന കർശന നിലപാടാണ് രാജ്യം സ്വീകരിക്കുന്നതെന്ന് സൗദി അഴിമതി വിരുദ്ധ അതോറിറ്റി ആവർത്തിച്ചു.


