Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസംഘടനാ...

സംഘടനാ വിരുദ്ധപ്രവർത്തനം: നാല് ഒ.ഐ.സി.സി നേതാക്കളെ പുറത്താക്കി

text_fields
bookmark_border
സംഘടനാ വിരുദ്ധപ്രവർത്തനം: നാല് ഒ.ഐ.സി.സി നേതാക്കളെ പുറത്താക്കി
cancel

ദമ്മാം: സംഘടനാവിരുദ്ധ പ്രവർത്തനം അവസാനിപ്പിക്കണമെന്ന നേതൃത്വത്തി​ന്റെ നിരവധി മുന്നറിയിപ്പുകളെ അവഗണിച്ച നാല് ഒ.ഐ.സി.സി നേതാക്കളുടെ പ്രാഥമിക അംഗത്വം റദ്ദാക്കി. സംഘടനയുടെ മുന്നോട്ടുള്ള പോക്കിന് അത്യന്താപേക്ഷിതമായ അച്ചടക്കത്തി​ന്റെ ഭാഗമായാണ് നടപടിയെന്ന് ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ്​ ബിജു കല്ലുമല പറഞ്ഞു.

മക്ക ഒ.ഐ.സി.സി നേതാക്കളായ ഷാനിയാസ് കുന്നിക്കോട്​​, ഷാജി ചുനക്കര, നൗഷാദ് തൊടുപുഴ, നിസാം മണ്ണിൽ എന്നവർക്കെതിരെയാണ് നടപടി. സൗദി ഒ.ഐ.സി.സിയുടെ ചുമതല വഹിക്കുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, പി.എ. സലീം എന്നിവരുടെ നിർദേശപ്രകാരമാണ് നടപടിയെന്ന് ഈ മാസം 13ന് ഒ.ഐ.സി.സി നേതൃത്വത്തിന്​ അയച്ച കത്തിൽ വ്യക്തമാക്കുന്നു. ഒ.ഐ.സി.സി ഭാരവാഹികളായിരിക്കെ നിരവധി സമാന്തരപ്രവർത്തനങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ നിരവധി പരാതികൾ കെ.പി.സി.സിക്ക് ലഭിച്ചിരുന്നു.

ഇതിനെത്തുടർന്ന് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഐക്യവും സമാധാനവും സൂക്ഷിച്ച് മുന്നോട്ടുപോയാൽ മാത്രമേ സംഘടനകൾക്ക് ക്രിയാത്മക ഇടപെടലുകളും പരിപാടികളും നടപ്പാക്കാൻ കഴിയുകയുള്ളുവെന്നും ഇതിനെ മുൻനിർത്തിയാണ് ഇത്തരം നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു. കോൺഗ്രസ്​ സംസ്കാരത്തിന് പരിക്കേൽപിക്കുന്ന രീതിയിൽ പലതായി പിരിഞ്ഞുനിന്ന പ്രവർത്തകരെ രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡൻറായിരുന്ന കാലത്താണ് ഒ.ഐ.സി.സി എന്ന പേരിൽ യോജിപ്പിച്ചത്. തുടർന്ന് സൗദിയിൽ ദേശീയ കമ്മിറ്റി രൂപവത്​കരിക്കുകയും കോൺഗ്രസ് സംഘടനാപ്രവർത്തനം നടത്താൻ അവസരം ലഭിക്കുകയും ചെയ്തു.

ഇതിനെ തുരങ്കം വെക്കാനുള്ള ഒരു പ്രവർത്തനത്തേയും കെ.പി.സി.സി ഒരു തരത്തിലും അംഗീകരിക്കില്ല എന്നതാണ് ഈ നടപടിയിലുടെ വ്യക്തമാക്കുന്നതെന്നും ബിജു കല്ലുമല വിശദീകരിച്ചു. ഇപ്പോൾ പുറത്തായ നാലുപേരും കഴിഞ്ഞവർഷം ഒ.ഐ.സി.സി നടത്തിയ തെര​ഞ്ഞെടുപ്പ് പ്രക്രിയകളിൽനിന്ന് പുറത്തുപോയ ആളുകളാണ്.

തെരഞ്ഞെടുപ്പ് നടക്കുന്ന വേദിയിലെത്തി അക്രമങ്ങൾ കാണിച്ച ഇവർക്കെതിരെയുള്ള സി.സി.ടിവി വിദൃശ്യങ്ങളും കെ.പി.സി.സിയുടെ മുന്നിൽ തെളിവായി എത്തിയിരുന്നു. ദേശീയ കമ്മിറ്റിയിൽ സ്ഥാനം വരെ വാഗ്ദാനം ചെയ്ത് ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട സാഹച​ര്യത്തിലാണ് കടു​ത്തനടപടിയുമായി ദേശീയ കമ്മിറ്റി രംഗത്തുവന്നത്.

Show Full Article
TAGS:Soudi News oicc 
News Summary - Anti-organisational activity: Four OICC leaders expelled
Next Story