ജറൂസലമിൽ ‘സൊമാലി ലാൻഡ്’ എംബസി ശക്തമായി അപലപിച്ച് അറബ്-ഇസ്ലാമിക രാജ്യങ്ങൾ
text_fieldsറിയാദ്: അധിനിവേശ നഗരമായ ജറൂസലമിൽ ‘സൊമാലി ലാൻഡ്’ എംബസി തുറന്ന നടപടിയെ ശക്തമായി അപലപിച്ച് അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾ.
സൊമാലി ലാൻഡിെൻറ ഈ നീക്കം പൂർണമായും നിയമവിരുദ്ധവും ഒട്ടും സ്വീകാര്യമല്ലെന്നും 15 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സൗദി അറേബ്യ, ഈജിപ്ത്, ഖത്തർ, ജോർഡൻ, തുർക്കിയ, പാകിസ്താൻ, ഇന്തോനേഷ്യ, ജിബൂട്ടി, സൊമാലിയ, ഫലസ്തീൻ, ഒമാൻ, സുഡാൻ, യമൻ, ലബനാൻ, മൗറിത്താനിയ എന്നീ രാജ്യങ്ങളാണ് ഈ നടപടിക്കെതിരെ രംഗത്തുവന്നത്.
അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ് ഇതെന്ന് വിദേശകാര്യ മന്ത്രിമാർ ചൂണ്ടിക്കാട്ടി.
അധിനിവേശ ജറൂസലം നഗരത്തിെൻറ നിയമപരവും ചരിത്രപരവുമായ പദവിക്ക് മേലുള്ള നേരിട്ടുള്ള കടന്നുകയറ്റമായാണ് ഈ നടപടിയെ കണക്കാക്കുന്നത്. അധിനിവേശ ജറൂസലമിൽ നിയമവിരുദ്ധമായി എന്തെങ്കിലും സ്ഥാപിക്കുന്നതിനോ, അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം ക്രമീകരണങ്ങൾക്ക് നിയമസാധുത നൽകാൻ ലക്ഷ്യമിട്ടുള്ളതോ ആയ എല്ലാ ഏകപക്ഷീയ നടപടികളെയും പൂർണമായി നിരസിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു. 1967 മുതൽ കിഴക്കൻ ജറൂസലം അധിനിവേശ ഫലസ്തീൻ പ്രദേശമാണെന്ന വസ്തുത മന്ത്രിമാർ ആവർത്തിച്ചു
വ്യക്തമാക്കി. അതിനാൽ തന്നെ അതിെൻറ നിയമപരവും ചരിത്രപരവുമായ പദവി മാറ്റാൻ ലക്ഷ്യമിട്ടുള്ള ഏതു നീക്കവും അസാധുവാണെന്നും അതിന് നിയമപരമായി യാതൊരു നിലനിൽപ്പുമില്ലെന്നും പ്രസ്താവനയിലുണ്ട്.
ഇതോടൊപ്പം, സൊമാലിയയുടെ ഐക്യം, പരമാധികാരം, പ്രാദേശിക സമഗ്രത എന്നിവക്ക് വിദേശകാര്യ മന്ത്രിമാർ തങ്ങളുടെ പൂർണ പിന്തുണ പ്രഖ്യാപിച്ചു. സൊമാലിയൻ ഭൂപ്രദേശത്തിെൻറ ഐക്യത്തെ ബാധിക്കുന്നതോ അതിെൻറ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതോ ആയ എല്ലാത്തരം ഏകപക്ഷീയമായ നീക്കങ്ങളെയും പൂർണമായി തള്ളിക്കളയുന്നതായും അവർ ഊന്നിപ്പറഞ്ഞു.


