സൗദിയിൽ ചെമ്പ്-ധാതു ഖനനത്തിന് അരാംകോയും മആദനും കൈകോർക്കുന്നു
text_fieldsദമ്മാം: സൗദി അറേബ്യയിലെ ധാതു പര്യവേക്ഷണത്തിലും ഹാർഡ്-റോക്ക് ഖനന മേഖലയിലും മാറ്റങ്ങൾ ലക്ഷ്യമിട്ട് സൗദി അരാംകോയും മആദനും സംയുക്ത കരാറിൽ ഒപ്പുവെച്ചു. ഊർജ്ജ പരിവർത്തനത്തിന് അത്യന്താപേക്ഷിതമായ ചെമ്പ് ഉൾപ്പെടെയുള്ള തന്ത്രപ്രധാന ധാതുക്കൾ കണ്ടെത്തുന്നതിനാണ് ഈ സഹകരണം.
2025 ജനുവരിയിൽ പ്രഖ്യാപിച്ച പദ്ധതിയിൽ മആദന് 51 ശതമാനവും അരാംകോക്ക് 49 ശതമാനവും ഉടമസ്ഥാവകാശമുണ്ട്. സൗദി അറേബ്യയുടെ ഭൂപ്രദേശത്തിെൻറ 10 ശതമാനത്തോളം (182,000 ചതുരശ്ര കിലോമീറ്റർ) വരുന്ന ‘ട്രാൻസിഷൻ സോൺ’ (സോൺ 4) മേഖലയിലാണ് പര്യവേക്ഷണം നടക്കുന്നത്. അറേബ്യൻ ഷീൽഡിന് സമാന്തരമായി 100 കിലോമീറ്റർ വീതിയിൽ വ്യാപിച്ചുകിടക്കുന്നതാണ് ഈ പ്രദേശം.
കഴിഞ്ഞ 90 വർഷത്തിനിടെ ശേഖരിച്ച ഭൗമശാസ്ത്ര വിവരങ്ങളിലൂടെ ധാതുക്കൾ കണ്ടെത്തുന്ന പ്രക്രിയ വേഗത്തിലാക്കുമെന്ന് അരാംകോ ‘ട്രാൻസിഷൻ മിനറൽസ്’ വൈസ് പ്രസിഡൻറ് സാലിഹ് എം. അൽ സാലിഹ് പറഞ്ഞു. മആദെൻറ വൈദഗ്ധ്യവും അരാംകോയുടെ സാങ്കേതിക കരുത്തും ഒന്നിക്കുന്നത് ഖനന മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറേബ്യൻ ഷീൽഡ് മേഖലയിൽ ലോകത്തിലെ തന്നെ വലിയ പര്യവേക്ഷണ പദ്ധതികളിലൊന്നാണ് നടപ്പാക്കുന്നതെന്നും, അരാംകോയുടെ അറിവും മആദെൻറ വൈദഗ്ധ്യവും വഴി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മആദൻ എക്സ്‌പ്ലോറേഷൻ വൈസ് പ്രസിഡൻറ് ഡാരൽ ക്ലാർക്ക് വ്യക്തമാക്കി.
ഇലക്ട്രിക് വാഹനങ്ങൾ, പവർ നെറ്റ്‌വർക്കുകൾ എന്നിവക്ക് ആവശ്യമായ ചെമ്പാണ് പ്രഥമ ലക്ഷ്യം. നിലവിൽ 250 ബില്യൺ ഡോളർ മൂല്യമുള്ള ചെമ്പ് വിപണി, 2035-ഓടെ 400 ബില്യൺ ഡോളറിലധികം വളരുമെന്നാണ് പഠനങ്ങൾ. ചെമ്പിന് പുറമെ സിങ്ക്, ലെഡ്, അപൂർവ ഭൗമ മൂലകങ്ങൾ എന്നിവയും പദ്ധതി ലക്ഷ്യമിടുന്നു.
കൃത്രിമബുദ്ധിയും ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിങ്ങും പ്രയോജനപ്പെടുത്തി ധാതുനിക്ഷേപമുള്ള മേഖലകൾ കൃത്യതയോടെ കണ്ടെത്തും. നിയമപരമായ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് സംയുക്ത സംരംഭം പ്രാബല്യത്തിൽ വരും.


