നഗര പൈതൃകം വരകളിലും ശില്പങ്ങളിലും പുനർസൃഷ്ടിച്ച് ജുബൈലിലെ കലാകാരന്മാർ
text_fieldsജുബൈൽ: കിഴക്കൻ പ്രവിശ്യയിലെ കടൽതീര പട്ടണമായ ജുബൈലിന്റെ സമ്പന്നമായ ചരിത്രവും സാംസ്കാരിക പൈതൃകവും വിവിധ ദൃശ്യകലാ രൂപങ്ങളിലൂടെ അനശ്വരമാക്കുകയാണ് ഇവിടത്തെ കലാകാരന്മാർ.
വർണങ്ങളിലൂടെയും വരകളിലൂടെയും ശില്പങ്ങളിലൂടെയും നഗരത്തിന്റെ ആത്മാവും കടലോർമ്മകളും അവർ പകർത്തുന്നു. അറേബ്യൻ ഗൾഫിന്റെ തീരത്ത് നിലകൊള്ളുന്ന ജുബൈൽ നഗരത്തിന്റെ വളർച്ചയെയും പഴയ ജീവിതരീതികളെയും പുതിയ തലമുറക്ക് പരിചയപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം.
സൗന്ദര്യാത്മകതയും പ്രതീകാത്മകതയും ചേർന്ന കലാസൃഷ്ടികൾ ജുബൈലിന്റെ ചരിത്രത്തെ നിശ്ശബ്ദമായി പറയുകയാണ്. ഓരോ കൃതിയിലും നഗരത്തിന്റെ ആത്മാവ് ദർശിക്കാം. പഴയ കാലത്തെ നഗര നിവാസികളുടെ ദൈനം ദിന ജീവിത സന്ദർഭങ്ങളെയും കോർത്തിണക്കിയിരിക്കുന്നു.
കടലുമായി ചേർന്ന കഥകളാണ് ഈ പട്ടണവാസികൾക്ക് പറയാനുള്ളത്. മത്സ്യബന്ധനത്തോടും മുത്ത്-പവിഴ വ്യാപാരത്തോടുമുള്ള ബന്ധം ഈ തീരദേശ സമൂഹത്തിന്റെ അസ്തിത്വത്തിന്റെ ഭാഗമാണ്. കലാകാരന്മാർ മരത്തടികളിലും മറ്റുമുള്ള കൊത്തുപണികളിലൂടെ ചെറു ബോട്ടുകളുടെയും കപ്പലുകളുടെയും രൂപങ്ങൾ പുനർസൃഷ്ടിക്കുന്നു. കടലിന്റെ ഗന്ധം കലാരൂപങ്ങളായി പുനർജനിക്കുന്ന കാഴ്ചയാണ് ഇവരുടെ സൃഷ്ടികൾ സമ്മാനിക്കുന്നത്. മുൻഗാമികളുടെ ജീവിതവും പൈതൃകവും വരും തലമുറക്ക് പരിചയപ്പെടുത്താനുള്ള ഈ രചനാത്മക ശ്രമങ്ങൾക്ക് സൗദി അറേബ്യ വലിയ പിന്തുണയും പ്രോത്സാഹനവുമാണ് നൽകുന്നത്.
കലയുടെ ഭാഷയിൽ ജുബൈലിന്റെ സംസ്കാരവും ചരിത്രവും വിളിച്ചോതുന്നവയാണ് ഈ കലാകാരന്മാരുടെ സൃഷ്ടികൾ ഓരോന്നും.


