ലുലുവിൽ ഓസ്‌ട്രേലിയൻ ഫെസ്റ്റ്: വാണിജ്യമന്ത്രി ഡോൺ ഫാരെൽ ഉദ്ഘാടനം ചെയ്തു
text_fieldsലുലു ഹൈപ്പർമാർക്കറ്റിൽ ‘ഓസ്‌ട്രേലിയൻ ഫെസ്റ്റ്’ ഓസ്‌ട്രേലിയൻ വാണിജ്യ-ടൂറിസം മന്ത്രി സെനറ്റർ ഡോൺ ഫാരെൽ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സൗദി അറേബ്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതൽ കരുത്തുറ്റതാക്കി, ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഓസ്‌ട്രേലിയൻ ഫെസ്റ്റ്’ ആരംഭിച്ചു. റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ ലുലു ശാഖയിൽ നടന്ന ചടങ്ങിൽ ഓസ്‌ട്രേലിയൻ വാണിജ്യ-ടൂറിസം മന്ത്രി സെനറ്റർ ഡോൺ ഫാരെൽ ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
ഹൈപ്പർമാർക്കറ്റ് കവാടത്തിൽ സജ്ജമാക്കിയ പ്രത്യേക ഓസ്‌ട്രേലിയൻ തീം ഗേറ്റിൽ റിബൺ മുറിച്ചാണ് മന്ത്രി ഫെസ്റ്റ് ജനങ്ങൾക്കായി തുറന്നുകൊടുത്തത്. തുടർന്ന് ഓസ്‌ട്രേലിയൻ ഉൽപന്നങ്ങളുടെ വിവിധ സ്റ്റാളുകൾ അദ്ദേഹം സന്ദർശിച്ചു. ബേക്കറി വിഭാഗത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു.
ഓസ്‌ട്രേലിയയുടെ കാർഷിക-ഭക്ഷ്യ മേഖലയിലെ മികവ് വിളിച്ചോതുന്ന ഉൽപന്നങ്ങളാണ് ഫെസ്റ്റിലെ പ്രധാന ആകർഷണം. ഉയർന്ന ഗുണനിലവാരമുള്ള ഓസ്‌ട്രേലിയൻ മാംസ ഉൽപന്നങ്ങൾ, ഓസ്‌ട്രേലിയയിൽ നിന്നുള്ള വൈവിധ്യമാർന്ന പഴങ്ങളും പച്ചക്കറികളും, ഓസ്‌ട്രേലിയൻ ബ്രാൻഡുകളുടെ പ്രീമിയം ഗ്രോസറി ഉൽപന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം തന്നെ അണിനിരന്നിട്ടുണ്ട്.
ഓസ്‌ട്രേലിയൻ ഉൽപന്നങ്ങളുടെ പ്രദർശനം എന്നതിലുപരി, ഇരു രാജ്യങ്ങളും തമ്മിലുള്ള വളരുന്ന പങ്കാളിത്തത്തിന്റെ അടയാളമാണ് ഈ ഫെസ്റ്റെന്ന് മന്ത്രി ഡോൺ ഫാരെൽ അഭിപ്രായപ്പെട്ടു. മികച്ച ഉൽപന്നങ്ങൾ സൗദിയിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ ലുലു ഗ്രൂപ് നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
‘ഉപഭോക്താക്കൾക്ക് ആഗോള വൈവിധ്യവും ഗുണമേന്മയും ഉറപ്പാക്കാനുള്ള ലുലുവിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ മേള. ഓസ്‌ട്രേലിയൻ കാർഷിക മികവിനെ സൗദിയിലെ ജനങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമായി പ്രവർത്തിക്കാൻ ലുലുവിന് സാധിച്ചതിൽ അഭിമാനമുണ്ട്’ -ലുലു ഹൈപ്പർമാർക്കറ്റ് സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു. ചടങ്ങിൽ ലുലു ഗ്രൂപ് പ്രതിനിധികളും ഓസ്‌ട്രേലിയൻ സർക്കാരിന്റെ ഉന്നതതല പ്രതിനിധി സംഘവും പങ്കെടുത്തു. ഓസ്‌ട്രേലിയൻ ഉൽപന്നങ്ങൾക്ക് പ്രത്യേക പ്രമോഷൻ ഓഫറുകളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.


