മക്ക ഹറമിൽ സ്മാർട്ട് വിപ്ലവം; ജനക്കൂട്ട നിയന്ത്രണത്തിനുള്ള നൂതന സാങ്കേതികവിദ്യകൾ വിജയമെന്ന് അതോറിറ്റി
text_fieldsമക്ക മസ്ജിദുൽ ഹറാമിൽ തിരക്കുനിയന്ത്രണത്തിന് വിന്യസിച്ചിരിക്കുന്ന സ്മാർട്ട് സംവിധാനത്തിന്റെ രൂപരേഖ
മക്ക: മസ്ജിദുൽ ഹറാമിലെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും അത്യാധുനിക സ്മാർട്ട് സാങ്കേതികവിദ്യകൾ വൻ വിജയമെന്ന് ഇരുഹറം പരിപാലന അതോറിറ്റി. ഹറമിനുള്ളിലെ ജനസാന്ദ്രത കൃത്യമായി വിശകലനം ചെയ്യാനും സുരക്ഷിതമായ തീർഥാടനം ഉറപ്പാക്കാനും ഈ സംവിധാനങ്ങൾ ഫീൽഡ് ടീമുകളെ സഹായിക്കുന്നതായി അതോറിറ്റി വ്യക്തമാക്കി.
ഹറമിലെ വിവിധ പോയിൻറുകളിൽ സ്ഥാപിച്ചിട്ടുള്ള സെൻസറുകൾ വഴി ലഭിക്കുന്ന തത്സമയ ഡേറ്റ (Real-time Data) ആണ് ഈ സംവിധാനത്തിന്റെ കരുത്ത്. തത്സമയ വിവരശേഖരണത്തിന്റെ ഫലമായി ദ്രുതതീരുമാനങ്ങൾ എടുക്കാൻ കഴിയുന്നു. വാതിലുകളിലൂടെയും ഇടനാഴികളിലൂടെയും പ്രവേശിക്കുന്നവരുടെയും പുറത്തുപോകുന്നവരുടെയും എണ്ണം കൃത്യമായി രേഖപ്പെടുത്തുന്നു (സ്മാർട്ട് കൗണ്ടിങ് സിസ്റ്റം). ജനസാന്ദ്രത കൂടുന്ന സാഹചര്യങ്ങളിൽ സെൻസറുകൾ നൽകുന്ന മുന്നറിയിപ്പ് വഴി തിരക്ക് ഒഴിവാക്കാൻ ഉദ്യോഗസ്ഥർക്ക് വേഗത്തിൽ തീരുമാനമെടുക്കാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും സാധിക്കുന്നു.
വിവിധ നിലകളിലും മുറ്റങ്ങളിലും ആളുകളുടെ എണ്ണം സന്തുലിതമായി നിലനിർത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ‘സാങ്കേതിക മികവും ഫീൽഡ് ടീമുകളുടെ പ്രവർത്തനവും ഏകോപിപ്പിച്ചുകൊണ്ടുള്ള ഈ സംവിധാനം, തടസ്സങ്ങളില്ലാത്ത ആരാധനാ അനുഭവം തീർഥാടകർക്ക് വാഗ്ദാനം ചെയ്യുന്നു -ഇരുഹറം പരിപാലന അതോറിറ്റി വ്യക്തമാക്കി.വികസന ലക്ഷ്യങ്ങൾക്കനുസൃതമായി ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുന്നത് വഴി തീർഥാടകരുടെ മനസ്സമാധാനവും സുരക്ഷയുമാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. തിരക്ക് നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ ഇടപെടലുകൾ നടത്താൻ സാധിക്കുന്നത് വഴി അപകടസാധ്യതകൾ പൂർണമായും ഒഴിവാക്കാൻ സാധിക്കുന്നുണ്ട്.


