Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ സെപ്റ്റംബർ...

സൗദിയിൽ സെപ്റ്റംബർ ഒന്ന് മുതൽ ശരത്കാലം; കടുത്ത വേനൽച്ചൂടിന് ആശ്വാസമാകുന്നു

text_fields
bookmark_border
സൗദിയിൽ സെപ്റ്റംബർ ഒന്ന് മുതൽ ശരത്കാലം; കടുത്ത വേനൽച്ചൂടിന് ആശ്വാസമാകുന്നു
cancel

യാംബു: സൗദി അറേബ്യയിൽ സെപ്റ്റംബർ ഒന്നു മുതൽ ശരത്കാലത്തിന് തുടക്കമാകുമെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി അറിയിച്ചു. കടുത്ത വേനൽച്ചൂടിൽനിന്ന് ആശ്വാസം നൽകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളുടെയും താപനിലയിലെ മിതത്വത്തി​െൻറയും പരിവർത്തന ഘട്ടമാണ് ഇതോടെ ആരംഭിക്കുന്നത്.

ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കാലാവസ്ഥാ സൂചകങ്ങൾ ശരത്കാലത്തിലേക്കുള്ള മാറ്റം കുറിക്കുന്നുണ്ടെങ്കിലും, ചരിത്രപരമായി വർഷത്തിലെ നാലാമത്തെ ഏറ്റവും ഉയർന്ന ചൂടുള്ള മാസമാണ് സെപ്റ്റംബറെന്ന് അൽ ഖഹ്താനി ചൂണ്ടിക്കാട്ടി.

പ്രതിവർഷം ശരാശരി 1.64 മില്ലിമീറ്റർ മാത്രം മഴ ലഭിക്കുന്ന രാജ്യത്ത് ഏറ്റവും കുറഞ്ഞ മഴ രേഖപ്പെടുത്തുന്ന മാസം കൂടിയാണിത്. വേനലിൽനിന്ന് ശരത്കാലത്തിലേക്കുള്ള മാറ്റത്തി​െൻറ തുടക്കമാണ് സെപ്റ്റംബറെങ്കിലും മാസത്തി​െൻറ പകുതിക്ക് ശേഷമേ താപനിലയിൽ ഏറ്റക്കുറച്ചിലുകളോടെ പ്രകടമായ കുറവ് അനുഭവപ്പെട്ടു തുടങ്ങൂ. എന്നാൽ തുടർന്നുള്ള മാസങ്ങളിൽ കൂടുതൽ മിതമായ കാലാവസ്ഥ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ കേന്ദ്രം വിലയിരുത്തുന്നു.

വരും ദിവസങ്ങളിൽ ജിസാൻ, അസീർ, അൽ ബാഹ മേഖലകളുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം, കിഴക്കൻ പ്രവിശ്യ, റിയാദ് എന്നിവിടങ്ങളിൽ ഉയർന്ന താപനില വരും ദിവസങ്ങളിലും തുടരും. കൂടാതെ റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവയുടെ ചില ഭാഗങ്ങളിലും നജ്‌റാൻ, വടക്കൻ അതിർത്തികൾ, ഹാഇൽ, അൽ ഖസീം, മദീന, മക്ക എന്നീ പ്രദേശങ്ങളിലും മണലും പൊടിയും ഇളക്കിവിടുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Show Full Article
TAGS:Saudi Arabia summer heat Autumn 
News Summary - Autumn in Saudi Arabia from September 1; relief from intense summer heat
Next Story