'ബ്ലൂ സ്വോർഡ്-4': സൗദി, ചൈനീസ് സംയുക്ത നാവികാഭ്യാസം ജുബൈലിൽ സമാപിച്ചു
text_fieldsജുബൈലിൽ നടന്ന സൗദി, ചൈനീസ് സംയുക്ത നാവികാഭ്യാസ പ്രകടനങ്ങളിൽ നിന്ന്
ജുബൈൽ: സൗദി അറേബ്യയുടെയും ചൈനയുടെയും നാവിക സേനകൾ സംയുക്തമായി നടത്തിയ 'ബ്ലൂ സ്വോർഡ്-4' എന്ന പേരിലുള്ള നാവികാഭ്യാസം ജുബൈലിൽ സമാപിച്ചു. നഗര മേഖലകളിലെ യുദ്ധപരിശീലനങ്ങൾ, പട്രോളിംഗ്, ചടുലമായ ആക്രമണങ്ങൾ, തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ നിലയുറപ്പിക്കൽ, ഭീകരവിരുദ്ധ നടപടികൾ, ജീവനക്കാരെയും തടവുകാരെയും രക്ഷിക്കാനുള്ള പരിശീലനങ്ങൾ എന്നിവ ഉൾപ്പെടുത്തിയാണ് അഭ്യാസങ്ങൾ നടന്നത്.
സമുദ്രത്തിനടിയിലെ മൈനുകൾ കണ്ടെത്തി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ, 'സൂപ്പർ പ്യൂമ' ഹെലികോപ്റ്ററുകളുടെ സഹായത്തോടെ കയറിൽ ഇറങ്ങിയുള്ള അഭ്യാസങ്ങൾ, ചെറിയ തോക്കുകൾ ഉപയോഗിച്ച് വെടിയുതിർത്തുള്ള പരിശീലനങ്ങൾ, സ്നൈപ്പർ ഷൂട്ടിംഗ്, ടാക്റ്റിക്കൽ ഫയറിംഗ് തുടങ്ങിയവയും അഭ്യാസങ്ങളിൽ നടന്നു.
ഇരുരാജ്യങ്ങളുടെയും സൈനിക സഹകരണത്തെ ശക്തിപ്പെടുത്തുകയും പോരാട്ടസന്നദ്ധത വർധിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം കടൽ മാർഗമുള്ള ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ, കടൽ കള്ളക്കടത്ത് തടയൽ, നാവിക മൈനുകൾ നീക്കം ചെയ്യൽ, ഡ്രോൺ പോലെയുള്ള മനുഷ്യരഹിതമായ ആക്രമണ സംവിധാനങ്ങളെ പ്രതിരോധിക്കൽ എന്നീ മേഖലകളിൽ കഴിവുകൾ വികസിപ്പിക്കുക എന്നതായിരുന്നു അഭ്യാസങ്ങളുടെ ലക്ഷ്യം.


