ചെങ്കടലിൽ ബോട്ട് തകർന്നു: അഞ്ച് സൗദി പൗരന്മാരെ സുരക്ഷാസേന രക്ഷപ്പെടുത്തി
text_fieldsയാംബു: ചെങ്കടലിൽ യാംബുവിനോട് ചേർന്നുള്ള ഭാഗത്ത് മത്സ്യബന്ധനത്തിനിടെ ബോട്ട് അപകടത്തിൽപ്പെട്ട് തകർന്ന അഞ്ച് സൗദി പൗരന്മാരെ അതിർത്തി സുരക്ഷാസേന വിജയകരമായി രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ടവർ നൽകിയ സഹായാഭ്യർത്ഥന ലഭിച്ചയുടൻ, ബോർഡർ ഗാർഡിെൻറ പ്രത്യേക കടൽ സുരക്ഷാ വിഭാഗം നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തി സുരക്ഷിതമായി കരയിലെത്തിച്ചത്.
രക്ഷപ്പെടുത്തിയ അഞ്ചുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കടൽയാത്ര നടത്തുന്നവരും വിനോദസഞ്ചാരികളും കർശനമായ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ് ഓർമിപ്പിച്ചു.
യാത്രാവേളകളിൽ എല്ലാവരും ലൈഫ് ജാക്കറ്റുകൾ ധരിക്കുകയും സമുദ്ര സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണമായും പിന്തുടരുകയും വേണം. യാത്ര തിരിക്കുന്നതിന് മുൻപ് ബോട്ടിൽ ആവശ്യമായ ലൈഫ് ജാക്കറ്റുകൾ ഉണ്ടെന്നും, എൻജിനും മറ്റ് സാങ്കേതിക സംവിധാനങ്ങളും പ്രവർത്തനക്ഷമമാണെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.
അടിയന്തര ഘട്ടങ്ങളിൽ സഹായത്തിനായി മക്ക, മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തിെൻറ മറ്റ് ഭാഗങ്ങളിലുള്ളവർ 994 എന്ന നമ്പറിലും ബന്ധപ്പെടണമെന്ന് മദീന ഡയറക്ടറേറ്റ് വ്യക്തമാക്കി.
കടൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ആധുനിക സാങ്കേതിക സൗകര്യങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും, തീരദേശങ്ങളിൽ മറൈൻ പട്രോളിങ്ങും ലൈഫ് ഗാർഡ്, സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകളുടെ 24 മണിക്കൂർ സേവനവും ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.


