Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബ്രിട്ടീഷ് രാജകുമാരൻ...

ബ്രിട്ടീഷ് രാജകുമാരൻ വില്യം സൗദി അറേബ്യയിൽ; റിയാദിൽ ഊഷ്മള സ്വീകരണം

text_fields
bookmark_border
ബ്രിട്ടീഷ് രാജകുമാരൻ വില്യം സൗദി അറേബ്യയിൽ; റിയാദിൽ ഊഷ്മള സ്വീകരണം
cancel
Listen to this Article

റിയാദ്: ഔദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടനിലെ വില്യം രാജകുമാരൻ തിങ്കളാഴ്ച സൗദി അറേബ്യയിലെത്തി. റിയാദിലെ കിങ്​ഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ റിയാദ് ഡെപ്യൂട്ടി അമീർ മുഹമ്മദ് ബിൻ അബ്​ദുറഹ്​മാൻ സ്വീകരിച്ചു. ബ്രിട്ടനിലെ സൗദി അംബാസഡർ അമീർ അബ്ദുള്ള ബിൻ ഖാലിദ് ബിൻ സുൽത്താൻ, സൗദിയിലെ ബ്രിട്ടീഷ് അംബാസഡർ സ്റ്റീഫൻ ചാൾസ് ഹിറ്റ്‌ചെൻ എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു.

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിന്​ തുടക്കം കുറിച്ച് വില്യം രാജകുമാരൻ തിങ്കളാഴ്​ച രാത്രി 8.30-ഓടെ​ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടീഷ് സർക്കാരിന്റെ നിർദ്ദേശപ്രകാരം നടത്തുന്ന ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ലക്ഷ്യമിടുന്നു. 2025ൽ ബ്രിട്ടീഷ് ധനമന്ത്രി നടത്തിയ സന്ദർശനത്തിന് പിന്നാലെയാണിത്. അന്നത്തെ സന്ദർശനത്തിലൂടെ ഏകദേശം 640 കോടി പൗണ്ടിന്റെ (870 കോടി ഡോളർ) വ്യാപാര-നിക്ഷേപ കരാറുകൾ ഒപ്പിട്ടിരുന്നതായി ലണ്ടൻ വ്യക്തമാക്കിയിരുന്നു.

സാമ്പത്തിക പരിഷ്കാരങ്ങൾ, സാംസ്കാരിക സംരംഭങ്ങൾ, പരിസ്ഥിതി പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിലും അദ്ദേഹം പങ്കാളിയാകും. ഇത് ആദ്യമായല്ല വില്യം രാജകുമാരൻ സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തുന്നത്. 2018 മാർച്ചിൽ ലണ്ടനിലെ ക്ലാരൻസ് ഹൗസിൽ വെച്ച് വില്യം രാജകുമാരനും അന്നത്തെ ചാൾസ് രാജകുമാരനും ചേർന്ന് മുഹമ്മദ് ബിൻ സൽമാന് അത്താഴവിരുന്ന് നൽകിയിരുന്നു.

സൗദിയിലെ യുവാക്കളുമായുള്ള സംവാദം, സുസ്ഥിര നഗരവികസന പദ്ധതികളെക്കുറിച്ചുള്ള പഠനം, വനിതാ കായിക മേഖലയിലെ പ്രോത്സാഹനം, ഇ-സ്‌പോർട്‌സ്, സാംസ്‌കാരിക സഹകരണം തുടങ്ങിയ വൈവിധ്യമാർന്ന മേഖലകളിൽ വില്യം രാജകുമാരൻ ശ്രദ്ധ കേന്ദ്രീകരിക്കും.

കൂടാതെ, വടക്കുപടിഞ്ഞാറൻ സൗദിയിലെ പുരാതന നഗരമായ അൽഉലയും അദ്ദേഹം സന്ദർശിക്കും. അവിടുത്തെ വന്യജീവി സങ്കേതങ്ങൾ സന്ദർശിക്കുന്നതിനൊപ്പം പ്രാദേശിക സമൂഹങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്യും. കല, പൈതൃക മേഖലകളിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി പുതുതായി സ്ഥാപിച്ച 'പ്രിൻസ് ഓഫ് വെയിൽസ് ഹൗസ്' സാംസ്കാരിക കേന്ദ്രവും അദ്ദേഹം സന്ദർശിക്കും.

Show Full Article
TAGS:british prince william Saudi Arabia Gulf News 
News Summary - British Prince William in Saudi Arabia; Warm welcome in Riyadh
Next Story