മലയാളി സംരംഭകർക്ക് കരുത്തേകാൻ ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ് കോൺക്ലേവ് ജിദ്ദയിൽ
text_fieldsസിജി ജിദ്ദ ചാപ്റ്റർ, ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ് (ബിഗ്) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ സംസാരിക്കുന്നു
ജിദ്ദ: സൗദി അറേബ്യയിലെ മലയാളി സംരംഭകരെ ശാക്തീകരിക്കുന്നതിനായി സിജി ജിദ്ദ ചാപ്റ്ററിന്റെ സംരംഭമായ ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ് (ബിഗ്) പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. ബിഗ് കമ്യൂണിറ്റി അംഗങ്ങൾക്കും മറ്റ് മലയാളി ചെറുകിട ഇടത്തരം സംരംഭകർക്കും പ്രായോഗിക പഠനത്തിനും നെറ്റ്‌വർക്കിങ്ങിനും സഹായകരമാവുന്ന തരത്തിൽ ‘ബിഗ് കോൺക്ലേവ് 2.0’ എന്ന പേരിലാണ് പരിപാടി നടക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നവംബർ 29 ശനിയാഴ്ച വൈകീട്ട് ആറിന് ജിദ്ദയിലെ വോക്കോ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ എ.ഐ കാലഘട്ടത്തിലെ ഇ-കൊമേഴ്സ് വഴിയുള്ള ബിസിനസ് വളർച്ച, ചെറുകിട ഇടത്തരം സംരംഭകരുടെ ഫണ്ടിങ് ആൻഡ് സ്കെയിലിംങ് ഓപ്ഷനുകൾ എന്നിങ്ങനെ രണ്ട് പ്രധാന വിഷയങ്ങളെക്കുറിച്ചാണ് ചർച്ച നടക്കുക.
സൗദിയിലെ അതിവേഗത്തിലുള്ള ഡിജിറ്റലൈസേഷൻ, ഇ-കൊമേഴ്സ് വളർച്ച, ഇ-കൊമേഴ്സ് രംഗത്തേക്ക് പ്രവേശിക്കേണ്ട രീതി, എ.ഐ ബിസിനസിൽ സൃഷ്ടിക്കുന്ന അവസരങ്ങൾ എന്നിവയെക്കുറിച്ച് എ.ഐ വിദഗ്ധനും ‘എഡാപ്ത് കേരള’ സി.ഇ.ഒയുമായ ഉമർ അബ്ദുസ്സലാം സംസാരിക്കും. ചെറുകിട ഇടത്തരം സംരംഭകരുടെ ഫണ്ടിങ് ആൻഡ് സ്കെയിലിംങ് ഓപ്ഷനുകളെക്കുറിച്ച് സൗദി അൽ ജസീറ ബാങ്കിലെ ഹെഡ് ഓഫ് ക്രെഡിറ്റ് ആൻഡ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫിസറായ സാജിദ് പാറക്കൽ വിശദീകരിക്കും.
മലയാളി സംരംഭകരെ സാങ്കേതികവിദ്യ സ്വീകരിക്കാൻ പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി, രജിസ്റ്റർ ചെയ്ത ബിഗ് അംഗങ്ങൾക്കായി ഒരു പ്രത്യേക സൗജന്യ ഇ-കൊമേഴ്സ് സ്റ്റോർ ഭാരവാഹികൾ പ്രഖ്യാപിച്ചു. ഇതിന്റെ ഉദ്‌ഘാടനം എച്ച്.എ.എൽ സോഫ്റ്റ്‌വെയറിലെ ചീഫ് സ്ട്രാറ്റജി ഓഫിസറായ ഇസ്സാം സിദ്ദിഖ് ചടങ്ങിൽ നിർവഹിക്കുകയും റെഡി ടു യൂസ് സ്റ്റോർ എങ്ങനെ ഉപയോഗിക്കാമെന്ന് വിശദീകരിക്കുകയും ചെയ്യും.
റെസ്റ്റോറന്റുകൾ, ഷോപ്പ് ഉടമകൾ തുടങ്ങി ഓരോ ബിസിനസിനും ഉൽപന്നങ്ങൾ ഓൺലൈനിൽ പ്രദർശിപ്പിക്കാനും ഓർഡറുകൾ സ്വീകരിക്കാനും വളരാനും ഇത് സഹായിക്കും. ഇന്ററാക്ടീവ് പാനൽ ചർച്ചകൾ, ചോദ്യോത്തര സെഷനുകൾ, ബിസിനസ് നെറ്റ്‌വർക്കിങ് എന്നിവയും കോൺക്ലേവിന്റെ ഭാഗമായി നടക്കും. സൗദി മലയാളി ബിസിനസ് സമൂഹം ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും കോൺക്ലേവിലേക്ക് രജിസ്റ്റർ ചെയ്യാനായി https://bit.ly/BIGjeddah എന്ന ഗൂഗിൾ ഫോം ഉപയോഗിക്കുകയോ 0504331671 (മുഹമ്മദ് ബൈജു), 0508227420 (അഷ്‌ഫാഖ്) നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാമെന്ന് ഭാരവാഹികൾ അറിയിച്ചു.
സിജി ജിദ്ദ ചാപ്റ്റർ ചെയർമാൻ എൻജിനീയർ മുഹമ്മദ് കുഞ്ഞി, വൈസ് ചെയർമാൻ എൻജിനീയർ മുഹമ്മദ് ബൈജു, ബിഗ് ഹെഡ് കെ.എം റിയാസ്, ബിഗ് കോൺക്ലേവ് 2.0 പ്രോഗ്രാം കൺവീനർ അഷ്‌റഫ് കുന്നത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.


