‘പൾസ് ഓഫ് ഇൻക്’ വൈവിധ്യം നിറഞ്ഞ് കാലിഗ്രഫി പ്രദർശനവും പരിശീലനവും
text_fieldsകാലിഗ്രാഫി പ്രദർശനത്തിൽ പങ്കെടുത്ത മെറോക്കയിൽനിന്നുള്ള അബ്ദുൽ സമദ് സയീദ്
സന തന്റെ രചനാ രീതി വിശദീകരിക്കുന്നു
ദമ്മാം: ആർട്സ് ആൻഡ് കൽച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പൾസ് ഓഫ് ഇൻക്’ കാലിഗ്രാഫി പ്രദർശന, പരിശീലന പരിപാടി സമാപിച്ചു. ഖത്വീഫിലെ കാലിഗ്രാഫി സ്കൂളിലാണ് പരിപാടിക്ക് വേദിയൊരുങ്ങിയത്. പ്രവിശ്യയിലെ പ്രമുഖ കലാകാരന്മാരുടെ 71ഓളം കാലിഗ്രാഫി രചനകൾ പ്രദർശിപ്പിച്ചു. ഒപ്പം കാമ്പിൽ പങ്കെടുത്ത വിവിധ പ്രായങ്ങളിലുള്ളവർക്ക് കാലിഗ്രാഫി രചനയിൽ വിദഗ്ധ പരിശീനവും നൽകി.
കാലിഗ്രഫിയിലെ വിവിധ ശൈലികളേയും വൈദഗ്ധ്യത്തേയും പരിചയപ്പെടുത്തുകയും ഈ മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുകയും ചെയ്യുക എന്നതായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. കാലിഗ്രാഫി എന്ന ഏറ്റവും മികച്ച കലാരൂപത്തിന്റെ രീതികളും ശൈലികളും മനസിലാക്കാനും രചനാ വൈദഗ്ധ്യം നേടാനും പരിശീലനം തേടി വന്നവർക്ക് ഉകാരപ്രദമായി ക്യാമ്പ്. അറബിക് കാലിഗ്രാഫിയെ ഇസ്ലാമിക കലയായി പ്രോത്സാഹിപ്പിക്കുക, പ്രാദേശിക കാലിഗ്രാഫർമാരെ പിന്തുണയ്ക്കുക, ഈ കലയുടെ കലാപരവും സാംസ്കാരികവുമായ മൂല്യം വർധിപ്പിക്കുക, എക്സിബിഷൻ സന്ദർശിക്കുന്ന പ്രാദേശിക, ഗൾഫ് കാലിഗ്രാഫർമാരുടെ അനുഭവങ്ങളിൽനിന്ന് പ്രയോജനം നേടുന്നതിന് കാലിഗ്രാഫർമാർക്ക് അവസരം നൽകുക എന്ന ലക്ഷ്യങ്ങൾ ക്യാമ്പ് കൈവരിച്ചതായി അധികൃതർ വിശദീകരിച്ചു.
സൗദി അറേബ്യയിലെ പ്രമുഖ കാലിഗ്രാഫർ മുസ്തഫ അൽ അറബിന് കീഴിൽ ഒരു വർഷം പരിശീലനം പൂർത്തിയാക്കിയതിന് ശേഷം താൻ രചിച്ച ആദ്യ പെയിന്റിങ്ങുമായി കാലിഗ്രാഫർ ഹസൻ അമീർ അൽ ബഷ്റാവി പ്രദർശനത്തിൽ പങ്കെടുത്തു. ‘നസ്താലിക്’ ലിപിയെ ‘നസ്ഖ്’ ലിപി ഉപയോഗിച്ച് മാറ്റി പുതിയ രൂപത്തിലാണ് പ്രവാചക മൊഴികളെ (ഹദീസ്) അദ്ദേഹം വരച്ചത്. പ്രദർശനവും അഭിനന്ദനങ്ങളും തനിക്ക് ഈ മേഖലയിൽ തുടരാൻ കൂടുതൽ പ്രചോദനമായെന്ന് അദ്ദേഹം പറഞ്ഞു.
മൊറോക്കയിൽനിന്ന് പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞ കാലിഗ്രാഫർ അബ്ദുൽ സമദ് സയീദ് സന (10 വയസ്) കുട്ടികൾക്ക് ഈ മേലയിൽ നേട്ടം കൈവരിക്കാൻ സാധിക്കുമെന്നതിന്റെ തെളിവായി. രണ്ട് പെയിന്റിങ്ങുകളുമായണ് അബ്ദുൽ സമദ് സയീദ് സന പ്രദർശനത്തിൽ പങ്കെടുത്തത്. ഒന്ന് മൊറോക്കൻ ലിപിയിൽ ഖുർആൻ പകർത്തിയെഴുതിയതായിരുന്നു ഒന്ന്. കത്തിടപാടുകൾക്കും ശാസ്ത്രീയ പുസ്തകങ്ങളുടെ പകർപ്പുകൾക്കും ഉപയോഗിക്കുന്ന ജ്വല്ലറി ലിപിയിലെ പെയിന്റിങ്ങായിരുന്നു രണ്ടാമത്തേത്.
അറബി കാലിഗ്രാഫി സമൂഹവുമായുള്ള ആശയവിനിമയവും അനുഭവങ്ങളുടെയും ആശയങ്ങളുടെയും വിനിമയത്തിന്റെ സവിശേഷതയായ ഈ വിലപ്പെട്ട അവസരത്തിന് ദമ്മാം കൾച്ചർ ആൻഡ് ആർട്സ് അസോസിയേഷനും ഖത്വീഫ് അറബിക് കാലിഗ്രാഫി ഗ്രൂപ്പിനും കാലിഗ്രാഫർ സാദിഖ് അൽ ബൈക്ക് നന്ദി രേഖപ്പെടുത്തി. അദ്ദേഹം രണ്ട് കൃതികൾ പ്രദർശിപ്പിച്ചു. മൂന്ന് ശിൽപശാലകളാണ് മേളയിൽ നടന്നത്. യുവ കാലിഗ്രാഫർ ഹുസൈൻ ജിഹാദ് ബസ്റൂൺ, ‘എമർജിങ് കാലിഗ്രാഫർ’ എന്ന ശിൽപശാലയിൽ അറബി കാലിഗ്രഫിയുടെ ചില വിവരങ്ങളും ഉപകരണങ്ങളും അവലോകനം ചെയ്യുകയും കാലിഗ്രാഫിയിലെ വിഭജനത്തെക്കുറിച്ച് വിശദീകരണം നൽകുകയും ചെയ്തു.
കാലിഗ്രാഫർ അലി അബ്ദുൽ മുഹ്സിൻ അൽ ഖുവൈൽദി അവതരിപ്പിച്ച ദിവാനി കാലിഗ്രാഫി ശിൽപശാല, ദിവാനി കാലിഗ്രഫിയെക്കുറിച്ചും അതിന്റെ സ്കൂളുകളെക്കുറിച്ചും ദിവാനിയിലെ സ്കൂളുകൾ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ചും വിശദീകരിച്ചു. കൂടാതെ ഈ രചനകളുടെ ഉദാഹരണങ്ങളും അവയുടെ രീതികളും അവലോകനം ചെയ്തു. കൂടാതെ കാലിഗ്രാഫർ ഹസൻ അഹമ്മദ് അൽ റദ്വാൻ അവതരിപ്പിച്ച റുഖ കാലിഗ്രാഫി ശിൽപശാല, എഴുത്ത് രീതിയെക്കുറിച്ച് സമഗ്രമായ വിശദീകരണം നൽകുകയും തുടർന്ന് ശിൽപശാലയിൽ പ്രയോഗിച്ച കാര്യങ്ങൾ തിരുത്തി കാലിഗ്രാഫിയിൽ പങ്കെടുത്തവരുടെ അനുഭവങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു.