ഒടുങ്ങാതെ ഒട്ടകജീവിതങ്ങൾ: അധ്യാപകനും കൂട്ടുകാരനും നാടണഞ്ഞു
text_fieldsമരുഭൂമിയിൽ സുനിൽ ദാമോദർ സാമൂഹികപ്രവർത്തകൻ സിദ്ധിഖ് തുവ്വൂരിനൊപ്പം
റിയാദ്: മരുഭൂമിയിലെ ഒട്ടകജീവിതങ്ങൾക്ക് അറുതിയില്ല. ഇന്ത്യാക്കാരായ കോളജ് അധ്യാപകനും കൂട്ടുകാരനുമാണ് പുതിയ കഥയിലെ ഇരകൾ. രാജസ്ഥാൻ സ്വദേശി സുനിൽ ദാമോറും ഗുജറാത്ത് സ്വദേശി സാബിറലിയും 2019 സെപ്റ്റംബറിലാണ് ദുരിതത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. സൗദി അറേബ്യയുടെ അയൽ രാജ്യങ്ങളിലൊന്നിലേക്കുള്ള തൊഴിൽ വിസയിലായിരുന്നു വരവ്. ആ രാജ്യത്ത് എത്തിയെന്നത് ശരിയാണ്. എന്നാൽ വൈകാതെ അവിടെ നിന്ന് സൗദി അതിർത്തി കടത്തി.
മരുഭൂമിയിൽ ഒട്ടകത്തെ മേക്കലാണ് ജോലിയെന്ന് അപ്പോഴാണ് ഒരു നടുക്കത്തോടെ ഇരുവരും അറിഞ്ഞത്. ഉള്ളെരിഞ്ഞും പുറം പൊള്ളിയും മരുഭൂമിയിൽ നരകജീവിതമായിരുന്നു പിന്നീട്.
സാബിറലി അലഹാബാദിലെ ടെക്‌നിക്കൽ കോളജിലെ അധ്യാപകനായിരുന്നു. എട്ട് മക്കളും ഭാര്യയും ഉമ്മയുമടങ്ങുന്ന കുടുംബത്തിെൻറ ഏക അത്താണി. ടെക്‌നിക്കൽ കോളജ് അധ്യാപകനായിരുന്നെങ്കിലും വേതനം തുച്ഛമായിരുന്നു. അതുകൊണ്ട് കുടുംബ ചെലവിെൻറ രണ്ടറ്റം മുട്ടിക്കാനാവില്ലെന്ന് ഞെങ്ങിഞെരുങ്ങി മനസിലായപ്പോഴാണ് എല്ലാവരേയും പോലെ ഗൾഫ് സ്വപ്നത്തിലേക്ക് കയറിവന്നത്. ഒരു ലക്ഷത്തോളം രൂപക്കാണ് ഏജൻറ് വിസ കൊടുത്ത് ഗൾഫിലേക്ക് കയറ്റിവിട്ടത്.
ഇതേ രീതിയിലാണ് സുനിൽ ദാമോദറും വിമാനം കയറിയത്. സാബിറലിയും സുനിലും വിസ ഏജൻറിെൻറ ചതിയിൽ കുടുങ്ങിയതറിഞ്ഞ് ഇരുവരുടെയും കുടുംബങ്ങൾ റിയാദിലെ ഇന്ത്യൻ എംബസിയിൽ പരാതി നൽകി. തുടർന്ന് ഇവരെ മരുഭൂമിയിൽനിന്ന് രക്ഷപ്പെടുത്താനും നാട്ടിലേക്ക് അയക്കാനും ആവശ്യമായ ഇടപെടൽ നടത്താൻ പൊതുപ്രവത്തകൻ സിദ്ധിഖ് തുവ്വൂരിന് എംബസി അനുമതി പത്രം നൽകി. ശേഷം സിദ്ധിഖ് സൗദി പൊലീസിനെ സമീപിക്കുകയും അവരുടെ സഹായത്തോടെ മരുഭൂമിയിൽ ഇരുവരെയും കണ്ടെത്താനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു.
സൗദിയിൽ ഏത് ഭാഗത്താണെന്ന് കൃത്യമായ ധാരണയില്ലാത്തത് കൊണ്ട് തന്നെ കണ്ടെത്തൽ ദുഷ്കരമായിരുന്നു. പൊലീസിെൻറ ആത്മാർഥവും ഗൗരവപൂർവവുമായ ഇടപെടലും തിരച്ചിലുമാണ് ഒടുവിൽ ഇരുവരെയും കണ്ടെത്താൻ സഹായിച്ചത്. റിയാദിൽ നിന്ന് 400 കിലോമീറ്റർ അകലെ മരുഭൂമിയിൽ ഇരുവരുമുള്ള ഭാഗം തിരിച്ചറിഞ്ഞു. ഒട്ടകങ്ങേളാടൊപ്പം കഴിഞ്ഞുകൂടുന്ന സാബിറലിയുടെയും സുനിലിെൻറയും അടുത്ത് പൊലീസും സിദ്ധിഖ് തുവ്വൂരുമെത്തി.
ഇരുന്നൂറോളം ഒട്ടകങ്ങങ്ങളെയാണ് ഇവർക്ക് മേയ്ക്കാനുണ്ടായിരുന്നത്. ഒരേസമയം രണ്ട് പേരെയും അവിടെനിന്ന് രക്ഷപ്പെടുത്തൽ അപ്രായോഗികമായിരുന്നു. നോക്കാൻ ഒരാളെങ്കിലും ഇല്ലെങ്കിൽ ഒട്ടകങ്ങളുടെ സ്ഥിതി അപകടത്തിലാകും. ഒട്ടകയുടമയെ കുറിച്ച് അന്വേഷിക്കാൻ സമയവും ആവശ്യമാണ്.
ആരെ കൊണ്ട് പോകും ആദ്യമെന്ന അനിശ്ചിതത്വത്തിൽ നിൽക്കുമ്പോഴാണ് സുനിൽ പറഞ്ഞത് സാബിറിെൻറ ഉമ്മ രോഗബാധിതയാണ്, നിരവധി പ്രയാസങ്ങളുണ്ട്, അവനോളം വരില്ല എെൻറ പ്രശ്നങ്ങൾ ആയാളെ ആദ്യം മോചിപ്പിക്കുക എന്ന്. സ്വയം ദുരിതത്തിൽ കഴിയുേമ്പാഴും അപരെൻറ ദൈന്യതക്ക് പരിഗണന നൽകിയ സുനിലിെൻറ മാനവികബോധം പൊലീസിനെയും സിദ്ധിഖിനെയും സ്തബ്ധരാക്കി കളഞ്ഞു. കൊടും ചൂടിൽ വെന്തുരുകുമ്പോഴും സാബിറലി പോയാൽ താൻ ഒറ്റപ്പെട്ട് പോകുമെന്നായിട്ടും സുഹൃത്തിനെ ആദ്യം രക്ഷപ്പെടുത്തൂ എന്ന സുനിലിെൻറ വിശാല മനസ്കത വൈകാരിക നിമിഷങ്ങളാണ് അവിടെ സൃഷ്ടിച്ചത്. ദുരന്തമുഖത്താണ് യഥാർഥ മാനുഷികത വെളിപ്പെടുക.
അങ്ങനെ ചെയ്യാമെന്നും സ്പോൺസറെ കണ്ടെത്തി ഉടൻ താങ്കളെയും സ്റ്റേഷനിലെത്തിച്ചു മോചനം സാധ്യമാക്കാമെന്നും പോലീസുകാർ ഉറപ്പ് നൽകി. സാബിറിനെ സ്റ്റേഷനിലെത്തിച്ചു. ഒറ്റപ്പെട്ട് പോയ സുനിലിെൻറ അവസ്ഥ സിദ്ധിഖിനെ അസ്വസ്ഥതപ്പെടുത്തി. തൊട്ടടുത്ത ദിവസം സിദ്ധിഖ് രാവിലെ തന്നെ സുനിലിനെ വിളിച്ചു. ഭയപ്പടേണ്ട ഉടൻ പരിഹാരമുണ്ടാകുമെന്ന് ആശ്വസിപ്പിച്ചു. ‘എനിക്ക് പേടിയില്ല നിങ്ങളെന്നെ ഒരിക്കൽ മോചിപ്പിക്കുമെന്ന് എനിക്കുറപ്പുണ്ട്’ എന്നായിരുന്നു സുനിലിെൻറ മറുപടി. സാബിർ നാട്ടിൽ സുരക്ഷിതമായി എത്തിയോ എന്നറിയാനായിരുന്നു സുനിലിെൻറ ആകാംക്ഷ മുഴുവൻ.
‘ഖർയത്തുൽ ഉൽയ’ എന്ന ഗ്രാമത്തിൽനിന്ന് അൽപം ദൂരെ മരുഭൂമിയിലാണ് സുനിലുള്ളത്. സാബിറുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം സുനിലിെൻറ അടുത്ത് സിദ്ധിഖ് വീണ്ടുമെത്തി. രണ്ടര വർഷമായി ശമ്പളം ലഭിച്ചിട്ട്. ടാങ്കർ ലോറിയുടെ ടാങ്കിന് മുകളിലാണ് ഉറക്കം. ഒട്ടകക്കൂട്ടങ്ങളാണ് കൂട്ടിനുള്ളത്. 30 മാസത്തെ ശമ്പളം ഇരുവർക്കും ലഭിക്കാനുണ്ടായിരുന്നു. 1400 റിയാൽ, 950 റിയാൽ എന്നിങ്ങനെയായിരുന്നു ശമ്പളം. അതെല്ലാം നമുക്ക് വാങ്ങാമെന്ന് ആശ്വസിപ്പിച്ചു. തിരികെ െപാലീസ് സ്റ്റേഷനിലെത്തി. രേഖകൾ ശരിയായോ എന്നന്വേഷിച്ചപ്പോഴാണ് സാബിറിെൻറ വിരലടയാളമെടുത്തപ്പോൾ ഒളിച്ചോടിയെന്ന് പരാതി നൽകിയ തൊഴിലുടമ ‘ഹുറൂബ്’ കേസിൽപെടുത്തിയിരിക്കുന്നതായി മനസിലായത്.
നേരിട്ട് നാടുകടത്തലാണ് ശിക്ഷയെന്നും സൗദിയിൽ ഇനി പുറത്തിറങ്ങാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സാബിർ തൊഴിലെടുത്ത 30 മാസത്തെ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചു. അക്കാര്യം പരിഗണിക്കുമെന്ന് അറിയിച്ച പൊലീസ് സ്പോൺസറുമായി ബന്ധപ്പെട്ടു. അടുത്ത ദിവസം സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. ജോലിക്കിടയിൽ ചെറിയ അപകടത്തിൽ പരിക്കേറ്റ് മതിയായ ചികിത്സ ലഭിക്കാതെ കൈവിരലുകൾ മടക്കാൻ കഴിയാത്ത ആരോഗ്യ പ്രശ്നങ്ങളും സാബിറിനുണ്ടായിരുന്നു.
വിളിപ്പിച്ച സമയത്ത് സ്പോൺസർ എത്തുകയും സാബിറിെൻറ ശമ്പളം ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകാൻ തയാറാകുകയും ചെയ്തു. പണം കിട്ടിയതിന് ശേഷം നാടുകടത്തൽ കേന്ദ്രം വഴി സാബിറലിയെ നാട്ടിലേക്കയച്ചു. സാബിർ പോയിട്ടും ഏറെക്കാലം സുനിൽ മരുഭൂമിയിൽ കഴിഞ്ഞു. നിരന്തരമായ ഇടപെടലിനൊടുവിൽ ശമ്പള കുടിശ്ശികയെല്ലാം ലഭിച്ചു. മരുഭൂദുരിതത്തിൽ നിന്ന് മോചനവും സാധ്യമായി. കിട്ടിയ തുകയിൽ നിന്ന് നാളിതുവരെ തനിക്ക് വേണ്ടി പ്രയത്നിച്ച സിദ്ധിഖ് തുവ്വൂരിന് ഒരു തുക കൊടുക്കാൻ സുനിൽ ബാങ്ക് അക്കൗണ്ട് ആവശ്യപ്പെട്ടു.
സമ്മാനമായി പ്രാർഥന മാത്രം മതിയാകുമെന്ന് സിദ്ധിഖ് അയാളെ ആശ്വസിപ്പിച്ചു. നിയമനടപടികൾ പൂർത്തിയാക്കാനായി നാടുകടത്തൽ കേന്ദ്രത്തിൽ തങ്ങിയിരുന്ന സുനിൽ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി. അങ്ങനെ സാബിറിെൻറയും സുനിലിെൻറയും ഒട്ടകജീവിതമെന്ന അധ്യായം അവസാനിച്ചെന്ന് സിദ്ധിഖ് തുവ്വൂർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.