ഇന്ത്യൻ ലൈസൻസിൽ സൗദിയിൽ വണ്ടിയോടിക്കാനാവുമോ?
text_fields
റിയാദ്: ഇന്ത്യൻ ലൈസൻസുമായി വന്നാൽ സൗദിയിൽ വണ്ടിയോടിക്കാൻ പറ്റുമോ? ഇല്ല എന്നാണ് ഉത്തരം. എന്നാൽ അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യ പോലുള്ള ഇന്ത്യൻ മാധ്യമങ്ങളിൽ മറിച്ചുള്ള വാർത്തകളാണ് വന്നത്.
ഇന്ത്യൻ ലൈസൻസുണ്ടെങ്കിൽ ഒരു വർഷം വരെ അതുപയോഗിച്ച് സൗദിയിൽ വാഹനമോടിക്കാം, ഇന്ത്യൻ ലൈസൻസ് ടെസ്റ്റോ പരീക്ഷയോ ഒന്നുമില്ലാതെ ഫീസ് മാത്രം അടച്ച് സൗദി ലൈസൻസാക്കി മാറ്റിയെടുക്കാം എന്നൊക്കെയായിരുന്നു വാർത്ത. അതിന്റെ ചുവടുപിടിച്ച് സോഷ്യൽ മീഡിയയിലും വലിയ തോതിലുള്ള പ്രചാരണമുണ്ടായി. പല കോണുകളിലും നിന്ന് ഇത് ശരിയാണോ എന്ന് ചോദിച്ചുള്ള വിളികൾ വന്നു. അന്വേഷിച്ചപ്പോൾ മനസ്സിലാക്കിയ യാഥാർഥ്യം മറ്റ് ചിലതാണ്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.
വിദേശരാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസുമായി വരുന്നവരെ വ്യവസ്ഥകൾക്ക് വിധേയമായി സൗദി അറേബ്യയിൽ വാഹനമോടിക്കാൻ അനുവദിക്കുന്നുണ്ട്. സാധുതയുള്ള അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസോ വിദേശരാജ്യങ്ങളുടെ ഡ്രൈവിങ് ലൈസൻസോ ഉണ്ടെങ്കിൽ, രാജ്യത്ത് എത്തിയ തീയതി മുതൽ ഒരു വർഷം വരെ, അല്ലെങ്കിൽ ലൈസൻസിന്റെ കാലാവധി തീരുന്നത് വരെ (ഇവയിൽ ഏതാണോ ആദ്യം സംഭവിക്കുന്നത്) നിയമപരമായി വാഹനമോടിക്കാം. ഈ കാലയളവിനുശേഷം, അല്ലെങ്കിൽ താമസക്കാരനായി മാറുകയാണെങ്കിൽ, സൗദി ഡ്രൈവിങ് ലൈസൻസ് നേടേണ്ടതുണ്ട്. സൗദി ഔദ്യോഗികമായി അംഗീകരിച്ചത് 48 രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസൻസുകളാണ്. ഇതിൽ ഏതെങ്കിലും കൈവശമുണ്ടെങ്കിൽ അതുപയോഗിച്ച് സൗദിയിൽ പരമാവധി ഒരു വർഷം വരെ വാഹനമോടിക്കാനാവും. എന്നാൽ ഈ 48 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇല്ല എന്നതാണ് യാഥാർഥ്യം. അപ്പോൾ പിന്നെ ഇന്ത്യക്കാർക്ക് കൈയിലുള്ള ലൈസൻസ് ഉപയോഗിച്ച് സൗദിയിൽ ഒരു വർഷം വരെ വണ്ടിയോടിക്കാമെന്നും അതിന് ശേഷം ഡ്രൈവിങ് ടെസ്റ്റോ ലേർണിങ് ടെസ്റ്റോ ഇല്ലാതെ സൗദി ലൈസൻസാക്കി മാറ്റാമെന്നും ടൈംസ് ഓഫ് ഇന്ത്യ വാർത്തയിൽ പറയുന്നതിന്റെ വാസ്തവം എന്താണ്? വാസ്തവമില്ല എന്നതാണ് വസ്തുത. ഇന്ത്യക്കാരന് ഈ പറഞ്ഞ 48 രാജ്യങ്ങളിലെ ഏതെങ്കിലും ഒന്നിൽനിന്ന് ലഭിച്ച ലൈസൻസ് കൈയ്യിലുണ്ടെങ്കിൽ മാത്രമാണ് വാർത്തയിൽ പറഞ്ഞ ആനുകൂല്യം ലഭിക്കുക. അതായത് മറ്റ് ജി.സി.സി രാജ്യങ്ങളിലേയൊ യൂറോപ്യൻ രാജ്യങ്ങളിലേയോ ഡ്രൈവിങ് ലൈസൻസും ഇൻർനാഷനൽ ഡ്രൈവിങ് പെർമിറ്റ് അഥവാ ഐ.ഡി.പിയും കൈവശമുള്ള ഇന്ത്യക്കാരന് ഈ ആനുകൂല്യം ലഭിക്കുമെന്നർഥം.
സാധുതയുള്ള ഒരു സൗദി ലൈസൻസോ അല്ലെങ്കിൽ ഔദ്യോഗികമായി മാറ്റിയെടുത്ത വിദേശ ലൈസൻസോ ഇല്ലാതെ വാഹനമോടിച്ചാൽ സമ്പത്തിക പിഴയും മറ്റ് ശിക്ഷാ നടപടികളും നേരിടേണ്ടിവരും. ഒരു വർഷത്തിൽ കൂടുതൽ സൗദിയിൽ താമസിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ, ലൈസൻസ് മാറ്റിയെടുക്കുകയോ അല്ലെങ്കിൽ പുതിയതൊന്ന് നേടുകയോ ചെയ്യേണ്ടതുണ്ട്.
അംഗീകൃത രാജ്യങ്ങളിൽ ഒന്നിൽനിന്നുള്ള ഡ്രൈവിങ് ലൈസൻസുള്ളവർ ഡ്രൈവിങ് ടെസ്റ്റ് എടുക്കാതെ തന്നെ നിശ്ചിത ഫീസ് അടച്ച് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ പോർട്ടലായ ‘അബ്ഷിറി’ൽ നിന്ന് സൗദി ലൈസൻസാക്കി മാറ്റിയെടുക്കാം. എന്നാൽ ഈ അംഗീകൃത പട്ടികയിൽ ഇല്ലാത്ത രാജ്യത്തെ ലൈസൻസാണ് കൈയ്യിലുള്ളതെങ്കിൽ മേൽപറഞ്ഞ രീതിയിൽ മാറ്റിയെടുക്കാൻ കഴിയില്ല.
പകരം, ഒരു പുതിയ ഡ്രൈവറായി ലൈസൻസിന് അപേക്ഷിക്കേണ്ടി വരും. ഇതിന് ഒരു സൗദി ഡ്രൈവിങ് സ്കൂളിൽ ചേരുകയും തിയററ്റിക്കൽ, പ്രാക്ടിക്കൽ ഡ്രൈവിങ് ടെസ്റ്റുകൾ പൂർത്തിയാക്കേണ്ടി വരും. നിശ്ചിത ഫീസും അടയ്ക്കണം. അതായത് സൗദി അംഗീകരിച്ച 48 രാജ്യങ്ങളിൽനിന്നുള്ള ലൈസൻസുള്ളവർക്ക് സൗദി ലൈസൻസ് നേടാതെ ഒരു വർഷം വരെ വാഹനമോടിക്കാനും അതിന് ശേഷം ഡ്രൈവിങ് ടെസ്റ്റും പരീക്ഷയുമൊന്നുമില്ലാതെ ഫീസടച്ച് സൗദി ലൈസൻസാക്കി മാറ്റാനും കഴിയും. സൗദിയെ സംബന്ധിച്ച് അസത്യമോ അർധസത്യമോ ആയ വാർത്തകൾ ദിനേനയെന്നോണം ധാരാളം പ്രചരിക്കുന്നുണ്ട്. കേട്ടയുടനെ ചാടിപ്പുറപ്പെടാതെ സാവകാശം സത്യം അന്വേഷിച്ചറിഞ്ഞശേഷം മുന്നോട്ട് പോകുന്നതാവും എപ്പോഴും ഉചിതം.
ലൈസൻസ് സൗദി ലൈസൻസാക്കി മാറ്റിയെടുക്കാൻ അർഹതയുള്ള രാജ്യങ്ങൾ
യൂറോപ്പ്: അൽബേനിയ, ഓസ്ട്രിയ, ബെലാറസ്, ബെൽജിയം, ബൾഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്തോണിയ, ഫിൻലൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, അയർലൻഡ്, ഇറ്റലി, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലാൻഡ്സ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, റുമേനിയ, റഷ്യ, സ്ലോവാക്യ, സ്ലോവീനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, യു.കെ.
ഏഷ്യ-പസഫിക് മേഖല: ആസ്ട്രേലിയ, ചൈന, ജപ്പാൻ, മലേഷ്യ, ന്യൂസിലാൻഡ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ എന്നിവ. ശ്രദ്ധിക്കുക ഇതിൽ ഇന്ത്യയോ പാകിസ്താനോ ശ്രീലങ്കയോ ബംഗ്ലാദേശോ ഇല്ല.
ജിസിസി-വടക്കൻ ആഫ്രിക്ക മേഖല: ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, യു.എ.ഇ.
വടക്കേ അമേരിക്ക: കാനഡ, യു.എസ്.എ. ആഫ്രിക്ക: സൗത്ത് ആഫ്രിക്ക.


