Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകനത്ത സാമ്പത്തിക-ഊർജ്ജ...

കനത്ത സാമ്പത്തിക-ഊർജ്ജ പങ്കാളിത്തം ലക്ഷ്യമിട്ട് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ജിദ്ദയിലെത്തി; ഊഷ്മള സ്വീകരണം

text_fields
bookmark_border
കനത്ത സാമ്പത്തിക-ഊർജ്ജ പങ്കാളിത്തം ലക്ഷ്യമിട്ട് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ജിദ്ദയിലെത്തി; ഊഷ്മള സ്വീകരണം
cancel

ജിദ്ദ: കാനഡയും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തി​െൻറ പുതിയ സാധ്യതകൾ വിലയിരുത്തുന്നതിനും ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുമായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഔദ്യോഗിക സന്ദർശനത്തിനായി ജിദ്ദയിലെത്തി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാ​െൻറ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം രാജ്യത്തെത്തിയത്.

കഴിഞ്ഞ 26 വർഷത്തിനിടെ ഒരു കനേഡിയൻ പ്രധാനമന്ത്രി സൗദി അറേബ്യയിൽ നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനമാണിത് എന്നത് ഈ നയതന്ത്ര നീക്കത്തിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. ജിദ്ദയിലെ കിങ്​ അബ്​ദുൽ അസീസ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ എത്തിയ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് ഉന്നതതലത്തിലുള്ള ഊഷ്മള സ്വീകരണമാണ് രാജ്യം ഒരുക്കിയത്.

മക്ക ഡെപ്യൂട്ടി​ ഗവർണർ അമീർ സഊദ് ബിൻ മിഷാൽ ബിൻ അബ്​ദുൽ അസീസ്, സൗദി ധനകാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്​ദുല്ല അൽ ജദ്ആൻ എന്നിവർ നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചു. കാനഡയിലെ സൗദി അംബാസഡർ അമൽ ബിന്ത് യഹ്യ അൽ മൗലമി, സൗദി അറേബ്യയിലെ കനേഡിയൻ അംബാസഡർ ജീൻ ഫിലിപ്പ് ലി​േൻറാ, മക്ക റീജനൽ പൊലീസ് ഡയറക്ടർ മേജർ ജനറൽ സാലിഹ് അൽ ജാബ്രി, മക്ക പ്രവിശ്യയിലെ റോയൽ പ്രോട്ടോക്കോൾ ഓഫീസ് ഡയറക്ടർ ജനറൽ അഹമ്മദ് ബിൻ അബ്​ദുല്ല ബിൻ ളാഫിർ എന്നിവരും വിമാനത്താവളത്തിലെ സ്വീകരണ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മുൻപ് ബാങ്ക് ഓഫ് ഇംഗ്ലണ്ടി​െൻറയും ബാങ്ക് ഓഫ് കാനഡയുടെയും ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുള്ള പ്രമുഖ സാമ്പത്തിക വിദഗ്ധൻ കൂടിയായ മാർക്ക് കാർണിയുടെ ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ സാമ്പത്തിക അധ്യായത്തിന് തുടക്കം കുറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദിയുടെ ‘വിഷൻ 2030’ പദ്ധതികളുടെ ഭാഗമായുള്ള ഹരിത ഊർജ്ജം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ഖനനം, കൃഷി, സുസ്ഥിര വികസനം, ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലകളിൽ കനേഡിയൻ നിക്ഷേപവും സാങ്കേതിക പങ്കാളിത്തവും വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് സന്ദർശന വേളയിൽ വിപുലമായ ചർച്ചകൾ നടക്കും.

സന്ദർശനത്തി​െൻറ ഭാഗമായി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനുമായി അദ്ദേഹം നടത്തുന്ന കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധങ്ങൾക്ക് പുറമെ ആഗോള സാമ്പത്തിക സ്ഥിരത, കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള സംയുക്ത നീക്കങ്ങൾ, പശ്ചിമേഷ്യൻ മേഖലയിലെ ഏറ്റവും പുതിയ രാഷ്​​്ട്രീയ സാഹചര്യങ്ങൾ എന്നിവയും പ്രധാന ചർച്ചാവിഷയങ്ങളാകും.

കൂടാതെ, ജിദ്ദയിൽ നടക്കുന്ന കാനഡ-സൗദി ബിസിനസ് ആൻഡ് ഇൻവെസ്​റ്റ്​മെൻറ്​ ഫോറത്തിൽ അദ്ദേഹം മുഖ്യപ്രഭാഷണം നടത്തും. ഇരുരാജ്യങ്ങളിലെയും സ്വകാര്യ മേഖലകൾ തമ്മിലുള്ള വ്യാപാരം സജീവമാക്കാനും സുരക്ഷിതമായ വിതരണ ശൃംഖലകൾ ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുള്ള സുപ്രധാന കരാറുകളിൽ ഈ സന്ദർശനത്തോടെ ഇരുരാജ്യങ്ങളും ഒപ്പുവെച്ചേക്കുമെന്നാണ് നയതന്ത്ര വൃത്തങ്ങൾ നൽകുന്ന സൂചന.

Show Full Article
TAGS:Canadian Prime Minister Mark Carney Jeddah 
News Summary - Canadian Prime Minister Mark Carney arrives in Jeddah aiming for strong economic-energy partnership; receives warm welcome
Next Story