കേളി കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു
text_fieldsകേളി കലാസാംസ്കാരിക വേദി മലസ് ഏരിയ കാരംസ് ടൂർണമെൻറ് ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചപ്പോൾ
റിയാദ്: കേളി കലാസാംസ്കാരിക വേദി 12ാമത് കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന കേളി കലാസാംസ്കാരിക വേദി മലസ് ഏരിയ ആറാമത് സമ്മേളനത്തോടനുബന്ധിച്ച് കാരംസ് ടൂർണമെൻറ് സംഘടിപ്പിച്ചു. മലസ് നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെയും ഹനാദി അൽ ഹർബി കോൺട്രാക്ടിങ് കമ്പനിയുടെയും സഹകരണത്തോടെ നടന്ന മത്സരത്തിൽ റിയാദിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി 24 ടീമുകൾ ഓൺലൈനായി രജിസ്റ്റർ ചെയ്തു. ബെസ്റ്റ് ഓഫ് ത്രീ രീതിയിൽ സംഘടിപ്പിച്ച ടൂർണമെൻറിൽ മൊത്തം 68 മത്സരങ്ങൾ നടന്നു. ടൂർണമെൻറ് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി കേന്ദ്ര സ്പോർട്സ് കൺവീനർ ഹസ്സൻ പുന്നയൂരുമായി ചേർന്ന് ഉദ്ഘാടനം ചെയ്തു. 24 ടീമുകൾ മാറ്റുരച്ച മത്സരത്തിനൊടുവിൽ ഫൈനൽ റൗണ്ടിൽ സഹൃദയ റിയാദിനെ പരാജയപ്പെടുത്തി റിയാദ് ഫ്രണ്ട്സ് ജേതാക്കളായി. സമാപന യോഗത്തിൽ വൈസ് ചെയർമാൻ അൻവർ അധ്യക്ഷത വഹിച്ചു. കേന്ദ്ര ജോയിൻറ് സെക്രട്ടറിയും മലസ് രക്ഷാധികാരി സെക്രട്ടറിയുമായ സുനിൽ കുമാർ, ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി കൺവീനറും കേന്ദ്രകമ്മിറ്റി അംഗവുമായ നസീർ മുള്ളൂർക്കര, മലസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട്ചാലി, നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മാനേജർ രാഹുൽ എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും ഒന്നും രണ്ടും സ്ഥാനത്തുള്ള ടീമുകൾക്ക് സുനിൽ കുമാർ, രാഹുൽ, നസീർ മുള്ളൂർക്കര, ജവാദ് എന്നിവർ ചേർന്ന് കൈമാറി. സംഘാടക സമിതി കൺവീനർ വി.എം. സുജിത് സ്വാഗതവും മലസ് ഏരിയ സ്പോർട്സ് കമ്മിറ്റി കൺവീനർ ഷമീം മേലേതിൽ നന്ദിയും പറഞ്ഞു.