ഗസ്സയിൽ വെടിനിർത്തൽ; സുപ്രധാന ചർച്ചകൾക്കായി സൗദി വിദേശകാര്യമന്ത്രി പാരീസിൽ
text_fieldsസൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ
റിയാദ്: ഗസ്സയിലെ വെടിനിർത്തൽ ലക്ഷ്യമിട്ടുള്ള അമേരിക്കൻ പദ്ധതിയും, അടുത്തഘട്ട നടപടികളും ചർച്ച ചെയ്യുന്നതിനുള്ള നിർണായക മന്ത്രിതല യോഗത്തിൽ പങ്കെടുക്കാൻ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പാരീസിലെത്തി. ഗസ്സയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ ലക്ഷ്യമിട്ടുള്ള ഈ യോഗം മേഖലയിൽ സമാധാനം കൊണ്ടുവരാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഊർജംപകരും.
അറബ്, ഇസ്‌ലാമിക, യൂറോപ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും പ്രതിനിധികളും യൂറോപ്യൻ യൂനിയൻ വിദേശകാര്യ, സുരക്ഷ നയത്തിന്റെ ഹൈ റെപ്രസന്റേറ്റീവും യൂറോപ്യൻ കമീഷൻ വൈസ് പ്രസിഡന്റുമായ കായ കല്ലാസ് എന്നിവർ യോഗത്തിൽ പങ്കെടുക്കും.
ഗസ്സ വിഷയത്തിൽ അമേരിക്ക മുന്നോട്ട് വെച്ച നിർദേശങ്ങളെക്കുറിച്ചുള്ള വിശദമായ ചർച്ചയാണ് യോഗത്തിന്റെ മുഖ്യ അജണ്ട. മേഖലയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കുന്നതിനുള്ള അടുത്ത നടപടികൾ ആസൂത്രണം ചെയ്യുക, ഗസ്സയിൽ സ്ഥിരമായ സമാധാനം ഉറപ്പാക്കുന്നതിനും രാഷ്ട്രീയ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും വേണ്ടിയുള്ള ആഗോളതലത്തിലുള്ള ഏകോപനം തുടങ്ങിയവയും യോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.