ജീവകാരുണ്യ ഫണ്ട് ശേഖരണം; ആദ്യദിവസമെത്തിയത് 740 ദശലക്ഷം റിയാൽ
text_fieldsഇഹ്സാൻ അധികൃതർ ഫണ്ട് ശേഖരണ കാമ്പയിനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ
റിയാദ്: സൗദിയിൽ ‘ഇഹ്സാൻ’ ഓൺലൈൻ സംവിധാനം വഴി ആരംഭിച്ച റമദാൻ നാഷനൽ ചാരിറ്റി കാമ്പയിന് വൻ പ്രതികരണം. ആദ്യത്തെ ഒറ്റദിവസം കൊണ്ട് സംഭാവനയായി എത്തിയത് 740 ദശലക്ഷം റിയാലാണ്. ജനകീയ ധനസമാഹരണത്തിനുള്ള ദേശീയ ഓൺലൈൻ പ്ലാറ്റ്ഫോമായ ‘ഇഹ്സാ’ന്റെ മൊബൈൽ ആപ്പും വെബ് സൈറ്റും വഴിയാണ് സംഭാവനകൾ ശേഖരിക്കുന്നത്. റമദാനിൽ നടത്തുന്ന ദേശീയ ജീവകാരുണ്യ ഫണ്ട് ശേഖരണത്തിന്റെ അഞ്ചാമത് പതിപ്പാണിത്. വ്യാഴാഴ്ച വൈകീട്ട് (റമദാൻ ഏഴ്) ആരംഭിച്ച കാമ്പയിൽ റമദാൻ അവസാനം വരെ തുടരും. സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ചേർന്ന് 70 ദശലക്ഷം റിയാലിന്റെ ആദ്യ സംഭാന നൽകി ഔദ്യോഗിക തുടക്കംകുറിച്ചു.
സൽമാൻ രാജാവ് 40 ദശലക്ഷവും കിരീടാവകാശി 30 ദശലക്ഷവും സംഭാവനയായി നൽകി. തുടർന്ന് ജനങ്ങളിൽനിന്ന് വൻതോതിലാണ് സംഭാവനകളുടെ പ്രവാഹമുണ്ടായിക്കൊണ്ടിരിക്കുന്നത്. ആദ്യ ദിവസം പിന്നിടുമ്പോഴേക്കും സംഭാവന 740 ദശലക്ഷം റിയാൽ കവിഞ്ഞു. സാധാരണക്കാർ മുതൽ വലിയ വ്യവസായികളും സമ്പന്നരും വിവിധ സ്ഥാപനങ്ങളും വരെ സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ളവരാണ് സംഭാവനകൾ നൽകുന്നത്. സൗദി സമൂഹത്തിൽ വേരൂന്നിയ ദാനത്തിന്റെയും ഉദാരതയുടെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഇത്തരം ദേശീയ കാമ്പയിനുകളോടുള്ള ജനങ്ങളുടെ പ്രതികരണം.
ഇതിനകം 38 ലക്ഷം പേരിൽനിന്നാണ് സംഭാവനകളെത്തിയത്. അടുത്ത ദിവസങ്ങളിലും സംഭാവനകളുടെ പ്രവാഹം തുടരുന്നു. ഇഹ്സാൻ പ്ലാറ്റ്ഫോം വഴി ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിന് സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും വലിയ പിന്തുണയാണ് നൽകുന്നതെന്നും ഇരുവർക്കും നന്ദി അറിയിക്കുന്നുവെന്നും ഇഹ്സാൻ പ്ലാറ്റ്ഫോം സൂപ്പർവൈസറി കമ്മിറ്റി ചെയർമാൻ ഡോ. മാജിദ് അൽഖസബി പറഞ്ഞു. വിശ്വസനീയമായ സംവിധാനം വഴി അർഹതയുള്ള ആളുകൾക്ക് സഹായമെത്തിക്കാൻ മനുഷ്യസ്നേഹികൾക്ക് അവസരമൊരുക്കുമ്പോൾ തന്നെ അർഹരായ ഗുണഭോക്താക്കൾക്ക് അതെത്തിക്കാൻ ഇഹ്സാൻ പ്രവർത്തിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം റമദാനിൽ നടത്തിയ നാലാമത് കാമ്പയിനിൽ 1.5 കോടി പേർ 180 കോടി റിയാലാണ് സംഭാവനയായി നൽകിയത്. മൂന്നാമത് കാമ്പയിനിലൂടെ 76 കോടി റിയാലും ഒന്നും രണ്ടും കാമ്പയിനുകളിലൂടെ യഥാക്രമം 75 കോടി റിയാലും 80 കോടി റിയാലുമാണ് സംഭാവനയായി ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാവപ്പെട്ടവരും ദുരിതബാധിതരുമായ ജനങ്ങൾക്ക് പലവിധ സഹായങ്ങളാണ് ഈ ഫണ്ട് ഉപയോഗിച്ച് എത്തിക്കുന്നത്. 2021ൽ ഇഹ്സാൻ പ്ലാറ്റ്ഫോം ആരംഭിച്ചത് മുതൽ ഇതുവരെ മൊത്തം 900 കോടി റിയാലാണ് ശേഖരിച്ചത്. ഈ തുക ഉപയോഗിച്ച് ഈ കാലത്തിനിടയിൽ ലോകത്തിന്റെ നാനാദിക്കുകളിലുള്ള 48 ലക്ഷത്തിലധികം ആളുകൾക്ക് സഹായമെത്തിച്ചു.