ജിദ്ദ ഇസ്ലാമിക് പോർട്ടിൽ കൊക്കെയ്ൻ കടത്ത് ശ്രമം പരാജയപ്പെടുത്തി
text_fieldsജിദ്ദ ഇസ്ലാമിക് തുറമുഖം വഴി കൊക്കെയ്ൻ കടത്താനുള്ള ശ്രമം സകാത്- നികുതി- കസ്റ്റംസ് അതോറിറ്റി പിടികൂടിയപ്പോൾ
ജിദ്ദ: സൗദിയിലേക്ക് ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി കൊക്കെയ്ൻ കടത്താനുള്ള ശ്രമം സകാത്- നികുതി- കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി.
ശീതീകരിച്ച ചിക്കൻ റഫ്രിജറേഷൻ യൂനിറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്ന 46.8 കിലോഗ്രാം കൊക്കെയ്ൻ. കപ്പലിലുള്ള ചരക്കിൽ റഫ്രിജറേറ്ററിനുള്ളിൽ വളരെ വിദഗ്ധമായ നിലയിലായിരുന്നു മയക്കുമരുന്ന് പദാർഥം സൂക്ഷിച്ചിരുന്നതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.
വിപുലമായ സുരക്ഷാനിരീക്ഷണവും തത്സമയപരിശോധനകളും ഉപയോഗിച്ചുള്ള കസ്റ്റംസ് നടപടിക്രമങ്ങൾക്കിടയിലാണ് കൊക്കെയ്ൻ കണ്ടെത്തിയത്. രാജ്യത്തേക്ക് മയക്കുമരുന്നുകളോ അനധികൃത വസ്തുക്കളോ കൊണ്ടുവരുന്നതിനെതിരെ അതോറിറ്റി നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. അത്യാധുനിക ഉപകരണങ്ങളാൽ സസജ്ജമായ കസ്റ്റംസ് വകുപ്പിൽ യാത്രക്കാരുടെ ശരീരഭാഷ വായിക്കാനും കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികൾ തിരിച്ചറിയാനും പരിശീലനം സിദ്ധിച്ച വിദഗ്ധ സംഘമാണുള്ളത്.
ഇവരുടെ കണ്ണുകൾ വെട്ടിച്ച് സൗദിയിലേക്ക് മയക്കുമരുന്നുകളോ നിരോധിത വസ്തുക്കളോ കൊണ്ടുവരുന്നതിനുള്ള ശ്രമം ആത്മഹത്യാപരമാണ്. രാജ്യത്തേക്കുള്ള എല്ലാ പ്രവേശനസ്ഥലങ്ങളിലും കസ്റ്റംസ് നിയന്ത്രണം വർദ്ധിപ്പിച്ച് നിരോധിത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾ തടയുന്നതിലൂടെ രാജ്യത്തെ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത അതോറിറ്റി ആവർത്തിച്ച് വ്യക്തമാക്കി. മയക്കുമരുന്നിനെതിരെ കർശനനടപടികളാണ് രാജ്യം നടപ്പാക്കുന്നത്.
പിടിയിലാകുന്നവർക്ക് വിട്ടുവീഴ്ചയില്ലാത്ത ശിക്ഷയായിരിക്കും നേരിടേണ്ടിവരികയെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സംശയാസ്പദമായ ഏതെങ്കിലും കള്ളക്കടത്ത് പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1910 എന്ന ഹോട്ട്ലൈൻ നമ്പറിലോ 1910@zatca.gov.sa എന്ന ഇമെയിൽ വിലാസത്തിലോ, 009661910 എന്ന അന്താരാഷ്ട്ര നമ്പറിലോ റിപ്പോർട്ട് ചെയ്യണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.