ജുബൈൽ ഫനാതീറിൽ ജലധാരകളുടെ വർണക്കാഴ്ച
text_fieldsജുബൈൽ ഫനാതീറിലെ ജലധാരകളുടെ വർണക്കാഴ്ചകൾ
ജുബൈൽ: ജുബൈൽ റോയൽ കമീഷൻ മേഖലയിലെ ഫനാതീറിൽ ഫൗണ്ടൈൻ ഷോ സന്ദർശകർക്ക് ജലധാരകളുടെ ദൃശ്യവിസ്മയം സമ്മാനിക്കുന്നു. മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനായി ജുബൈൽ പട്ടണത്തിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമായി ധാരാളം ആളുകൾ ഇവിടേക്ക് എത്തുന്നുണ്ട്. ഫനാതീർ ബീച്ചിനോട് ചേർന്നുള്ള ഇബ്ൻ തൈമിയ്യ മസ്ജിദിന്റെ മുൻവശത്തായി വിശാലമായ മൈതാനത്ത് ആകർഷകമായ രൂപകൽപനയിലാണ് ഈ ജലധാര നിർമിച്ചിരിക്കുന്നത്.
സംഗീതത്തിനും വർണ വെളിച്ചങ്ങൾക്കുമൊപ്പം ജലധാരകൾ വിവിധ രൂപങ്ങളിൽ നൃത്തം വയ്ക്കുമ്പോൾ ഹൃദ്യമായ നയന വിസ്മയാണ് അനുഭവവേദ്യമാകുന്നത്. രാത്രിയാകുമ്പോൾ കൂടുതൽ സുന്ദരമാകുന്ന ഫൗണ്ടൈൻ കാഴ്ചകൾക്കുള്ളിൽ രാജ്യത്തിന്റെ ചിഹ്നങ്ങളും വിവിധ ദൃശ്യങ്ങളും മിന്നി മറയും. നിരവധി ഫൗണ്ടൈൻ ജെറ്റുകൾക്കൊപ്പം ലൈറ്റുകളും കളർ പ്രൊജക്ടറുകളും സ്ഥാപിച്ചിട്ടുണ്ട്.
ജലധാര പ്രദർശനത്തിന്റെ സമയക്രമം ഇങ്ങിനെയാണ്: ഗ്രാൻഡ് ഫൗണ്ടൈൻ ഷോ ഉച്ചക്ക് ഒന്നിനും 1:30 നും, രാത്രി 8:30, 8:30, 9.00, 9:30, 10:00, 10:30, 11:00 സമയങ്ങളിലും. ക്ലാസിക്, ഫാമിലി ഷോ രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12 വരെയും ഫാമിലി പ്ലേ വൈകീട്ട് നാല് മുതൽ 7:30 മണി വരെയും. വൈകുന്നേരങ്ങളിൽ ഗ്രാൻഡ് ഷോകൾക്കിടയിൽ ക്ലാസിക് ഷോകളും ഉണ്ടായിരിക്കും. വാരാന്ത്യങ്ങളിൽ ഗ്രാൻഡ് ഷോകൾ രാത്രി 1:30 വരെ നീളും.


