വിമാനത്താവളങ്ങൾക്കെതിരെയുള്ള പരാതികൾ കുറഞ്ഞു; പരാതികളിൽ ഏറെയും വിമാന സർവീസിനെക്കുറിച്ചെന്ന് റിപ്പോർട്ട്
text_fieldsജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം.
ജിദ്ദ: സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി (ഗാക്ക) പുറത്തിറക്കിയ കഴിഞ്ഞ ആഗസ്റ്റ് മാസത്തെ എയർലൈൻ, വിമാനത്താവള റേറ്റിംഗ് സൂചികയിൽ സൗദി എയർലൈൻസിന് ഏറ്റവും കുറഞ്ഞ പരാതികൾ. രാജ്യത്തെ വിമാനത്താവളങ്ങളെയും വ്യോമഗതാഗത സേവനദാതാക്കളെയും സംബന്ധിച്ച് യാത്രക്കാർ സമർപ്പിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഗാക്ക റേറ്റിംഗ് സൂചിക പുറത്തിറക്കിയത്. ആഗസ്റ്റിൽ അതോറിറ്റിക്ക് ലഭിച്ചത് ഏകദേശം 2,300 പരാതികളാണ്. ഇതിൽ കൂടുതലും വിമാന സർവീസുകളെ സംബന്ധിച്ച പരാതികളാണ്. ഇതിന് പിന്നാലെ ബാഗേജ്, ടിക്കറ്റ് സംബന്ധിച്ച പരാതികളും സ്ഥാനമുറപ്പിച്ചു.
എയർലൈനുകളിലെ പ്രകടനത്തെകുറിച്ചുള്ള പരാതികളിൽ ഏറ്റവും കുറഞ്ഞ പരാതികൾ ലഭിച്ച എയർലൈൻ സൗദി എയർലൈൻസ് ആണ്. ഒരു ലക്ഷം യാത്രക്കാർക്ക് 37 പരാതികൾ മാത്രമാണ് സൗദി എയർലൈൻസിനെതിരെ ലഭിച്ചത്. കൂടാതെ സമയബന്ധിതമായി പരാതികൾ പരിഹരിച്ച നിരക്ക് 98 ശതമാനവുമാണ്. രണ്ടാം സ്ഥാനത്ത് ഫ്ളൈനാസ് ആണുള്ളത്. ഒരു ലക്ഷം യാത്രക്കാർക്ക് 42 പരാതികൾ ലഭിച്ച ഫ്ളൈനാസ്, 100 ശതമാനം പരാതികളും സമയബന്ധിതമായി പരിഹരിച്ചു. മൂന്നാം സ്ഥാനത്ത് ഫ്ളൈഅദീൽ ആണ്. ഒരു ലക്ഷം യാത്രക്കാർക്ക് 43 പരാതികളാണ് ഫ്ളൈഅദീലിനെതിരെ ലഭിച്ചത്. ഫ്ളൈഅദീലും 100 ശതമാനം പരാതികളും സമയബന്ധിതമായി പരിഹരിച്ചു.
വിമാനത്താവളങ്ങളിലെ പ്രകടനത്തെകുറിച്ചുള്ള പരാതികളിൽ വർഷം തോറും 60 ലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ പരാതികൾ ലഭിച്ചത് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനാണ്. ഇവിടെ ഒരു ലക്ഷം യാത്രക്കാർക്ക് ഒരു ശതമാനം എന്ന നിരക്കിൽ ആകെ 24 പരാതികൾ മാത്രമാണ് ലഭിച്ചത്. ഇതിന്റെ സമയബന്ധിത പരിഹാര നിരക്ക് 96 ശതമാനമാണ്.
വർഷം തോറും 60 ലക്ഷത്തിൽ താഴെ യാത്രക്കാരെ കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സൂചികയിൽ ഏറ്റവും കുറഞ്ഞ പരാതികളുമായി ജിസാനിലെ കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ഒന്നാമതെത്തി. ഒരു ലക്ഷം യാത്രക്കാർക്ക് ഒരു ശതമാനം എന്ന നിരക്കിൽ വെറും രണ്ട് പരാതികൾ മാത്രമാണ് ലഭിച്ചത്. ഇവിടെ 100 ശതമാനം പരാതികളും സമയബന്ധിതമായി പരിഹരിച്ചു. ആഭ്യന്തര വിമാനത്താവളങ്ങളുടെ സൂചികയിൽ അൽബഹയിലെ കിങ് സഊദ് വിമാനത്താവളമാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. ഒരു ലക്ഷം യാത്രക്കാർക്ക് മൂന്ന് ശതമാനം എന്ന നിരക്കിൽ ആകെ രണ്ട് പരാതികൾ മാത്രമാണ് ഇവിടെ ലഭിച്ചത്. സമയബന്ധിത പരിഹാര നിരക്ക് 100 ശതമാനവുമാണ്.