സൗദിയുടെ വിവിധ ഭാഗങ്ങളിൽ കോൺസുലർ സേവനങ്ങൾ പുനരാരംഭിക്കും -ഇന്ത്യൻ അംബാസഡർ
text_fieldsദമ്മാം: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ മുടങ്ങിപ്പോയ ഇന്ത്യൻ എംബസിയുടെ കോൺസുലർ സേവനങ്ങൾ ഈ മാസം പുനരാരംഭിക്കുമെന്ന് അംബാസഡർ ഡോ. സുഹൈൽ അജാസ്ഖാൻ. ദമ്മാമിൽ ദാറസ്സിഹ മെഡിക്കൽ സെൻറർ പുതിയ കെട്ടിടത്തിെൻറ പ്രവർത്തനോദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമങ്ങളാട് സംസാരിക്കുകയായിരുന്നു.
സൗദി അറേബ്യയെ പോലുള്ള ഒരു വലിയ രാജ്യത്തിെൻറ ഉൾപ്രദേശങ്ങളിലുള്ള ഇന്ത്യാക്കാർക്ക് കോൺസുലോർ സേവനങ്ങൾ നൽകാൻ എംബസി പ്രതിജ്ഞാബദ്ധമാണ്. ചില പരിമിതികളാണ് ഇടക്ക് സേവനം മുടങ്ങിപോകാൻ കാരണമായത്. കോൺസുലാർ സേവനത്തിന് പുറമെ ലേബർ വെൽഫയർ ടീമിനെയും ഇത്തരം വിദൂര പ്രദേശങ്ങളിലേക്ക് അയക്കുകയും ഇന്ത്യാക്കാർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുകയും ചെയ്യും. ദമ്മാമിൽ കോൺസുലേറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്. ഇന്ത്യ സൗദി ബന്ധം കൂടുതൽ ശക്തമായിരിക്കുന്ന ഈ അവസരത്തിൽ അതിനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തുതന്നെ ഇത്തരത്തിലൊരു സന്തോഷവർത്തമാനം മാധ്യമങ്ങളെ അറിയിക്കാൻ സധിക്കട്ടെയെന്ന് അദ്ദേഹം പ്രത്യാശ പങ്കുവെക്കുകയും ചെയ്തു. ഉപരിപഠനത്തിനുള്ള സാധ്യതകൾ തുറന്നിട്ട് വിദേശ യൂനിവേഴ്സിറ്റികളെ സ്വാഗതം ചെയ്യാൻ സൗദി ഭരണകൂടം അനുമതി നൽകിക്കഴിഞ്ഞു.
സൗദിയിലെ ഇന്ത്യക്കാരുടെ ഉപരിപഠന പരിമിതികളെക്കുറിച്ചുള്ള പരാതികൾ പരിഹരിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. മാധ്യമങ്ങൾ ഇതിന് ആവശ്യമായ ബോധവൽക്കരണം നൽകുകയും ഇന്ത്യൻ യൂനിവേഴ്സിറ്റികളെ സൗദിയിൽ എത്തിക്കാൻ ശ്രമിക്കുകയും വേണം. അവർക്ക് ആവശ്യമായ എല്ലാപിന്തുണയും നൽകാൻ എംബസി കാത്തിരിക്കുകയാണ്. മറ്റ് വിദേശ വിദ്യാർഥികൾക്കും നിലവാരമുള്ള ഇന്ത്യൻ യൂനിവേഴ്സിറ്റി കാമ്പസുകളിൽ പഠിക്കാനുള്ള അവസരമാണ് ഇതിലുടെ കൈവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ, സൗദി ബന്ധം കൂടുതൽ ശക്തമാവുകയാണ്. വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന നിരവധി ഇന്ത്യൻ മന്ത്രിമാർ കഴിഞ്ഞ വർഷം സൗദി അറേബ്യ സന്ദർശിക്കുകയും വിവിധ കരാറുകളിൽ ഒപ്പുവെക്കുകയും ചെയ്തു. ഈ വർഷത്തിെൻറ തുടക്കതിൽതന്നെ രണ്ട് കാബിനറ്റ് മന്ത്രിമാർ സൗദി സന്ദർശിച്ചു. വരും സമയങ്ങളിൽ കൂടുതൽ മേഖലകളിൽ ഇന്ത്യ, സൗദി ബന്ധം ദൃഢമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
‘വിഷൻ 2030’ യാഥാർഥ്യമാക്കുന്നതിൽ സൗദിക്ക് ശക്തമായ പിന്തുണയുമായി ഇന്ത്യയുണ്ട്. നിരവധി വിപണന സാധ്യതകളാണ് ഇതിലുടെ തുറന്നത്. കഴിഞ്ഞവർഷം 500ഓളം ഇന്ത്യൻ കമ്പനികളാണ് സൗദിയിൽ ചുവടുറപ്പിച്ചത്. സൗദി അതിെൻറ സ്വപ്നയാഥാർഥ്യത്തിലേക്ക് സഞ്ചരിക്കുമ്പോൾ അതിനൊപ്പം നിൽക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. 26 ലക്ഷം ഇന്ത്യക്കാരാണ് സൗദിയിൽ ജോലിചെയ്യുന്നതെന്നും സൗദിയുടെ വിവിധ മേഖലകളെ ശക്തിപ്പെടുത്തുന്നതിൽ അവർ ചെയ്യുന്ന സേവനങ്ങൾ വലുതാണെന്നും അദ്ദേഹം പറഞ്ഞു