Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ദേശീയ ദിനാഘോഷം:...

സൗദി ദേശീയ ദിനാഘോഷം: ദമ്മാം കൾച്ചറൽ ആൻഡ് ആർട്സ് സെൻററിൽ വൈവിധ്യമാർന്ന പരിപാടികൾക്ക്​ തുടക്കം

text_fields
bookmark_border
സൗദി ദേശീയ ദിനാഘോഷം: ദമ്മാം കൾച്ചറൽ ആൻഡ് ആർട്സ് സെൻററിൽ വൈവിധ്യമാർന്ന പരിപാടികൾക്ക്​ തുടക്കം
cancel
camera_alt

 സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ‘അൽ സാദ് ഫോക്ക് ആർട്സ് എൻസെംബിൾ’ അവതരിപ്പിച്ച നാടോടി കലാപ്രകടനം

ദമ്മാം: ‘നമ്മുടെ പ്രകൃതിയിൽ നാം അഭിമാനിക്കുന്നു’ എന്ന പ്രമേയത്തിൽ നടന്ന 96-ാമത് സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദമ്മാമിലെ കൾച്ചറൽ ആൻഡ് ആർട്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. സാംസ്കാരിക സംഗമവും കലാപ്രകടനങ്ങളും കോർത്തിണക്കി സെപ്റ്റംബർ 28 വരെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്ക് വൻ ജനശ്രദ്ധയാണ് ലഭിക്കുന്നത്.

‘അൽ-സാദ് ഫോക്ക് ആർട്സ് എൻസെംബിൾ’ അവതരിപ്പിച്ച പരമ്പരാഗത നാടോടി കലാപ്രകടനങ്ങളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. തനത് സൗദി പൈതൃകത്തി​െൻറയും സംസ്കാരത്തിന്റെയും നേർക്കാഴ്ചയാർന്ന ദൃശ്യാവിഷ്കാരങ്ങൾ സംഘം വേദിയിൽ അവതരിപ്പിച്ചു. തുടർന്ന് കലാകാരന്മാരായ ഹിലാൽ ഹുസൈൻ, മുഹമ്മദ് അൽ ഷർഖി എന്നിവർ നയിച്ച സംഗീതസന്ധ്യയിൽ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.

സഊദ് ബിൻ അബ്​ദുല്ല അൽ ഹജ്‌രി, ഷായ ബിൻ ഹമൂദ് ബിൻ ഹിന്ദി എന്നിവരും, ഗായകനും ‘അൽ നഹാം’ കലാകാരനുമായ ഹുസൈൻ ബിൻ അലി അൽ ഹലീബ്, ഗായകൻ സഈദ് ബിൻ അവാദ് അൽ അസ്മാരി അവതരിപ്പിച്ച കാവ്യ സന്ധ്യ

സാംസ്കാരിക സംഗമത്തിൽ പ്രമുഖ കവികളായ സഊദ് ബിൻ അബ്​ദുല്ല അൽ ഹജ്‌രി, ഷായ ബിൻ ഹമൂദ് ബിൻ ഹിന്ദി എന്നിവരും, പരമ്പരാഗത നാവിക ഗായക ശൈലിയായ ‘അൽ-നഹാം’ കലാകാരൻ ഹുസൈൻ ബിൻ അലി അൽ-ഹലീബ്, ഗായകൻ സഈദ് ബിൻ അവാദ് അൽ-അസ്മാരി എന്നിവരും പങ്കെടുത്തു. മാതൃരാജ്യത്തോടുള്ള സ്നേഹവും സാംസ്കാരിക അഭിമാനവും തൊട്ടുണർത്തുന്ന കവിതകളും ഗാനങ്ങളും ചടങ്ങിൽ അവതരിപ്പിക്കപ്പെട്ടു.

ചടങ്ങിൽ കലാകാരനായ മുക്ബെൽ അൽ-മുക്രിൻ ‘ഇൻസ്പയറിങ്​ ആർട്ടിസ്​റ്റ്​സ്​’ എന്ന വിഷയത്തിൽ ശിൽപശാല നയിച്ചു. സമകാലിക കലാ ശൈലികൾ വികസിപ്പിക്കുന്നതിനായി പങ്കെടുത്ത കലാകാരന്മാരുമായി അദ്ദേഹം സംവദിക്കുകയും, അവരുടെ സർഗാത്മക ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു.

കിഴക്കൻ പ്രവിശ്യയിലെ കലാസമ്പത്തിനെ പ്രോത്സാഹിപ്പിക്കുക, ദേശീയ പ്രതിഭകളെ ഉയർത്തിക്കാട്ടുക, സൗദി സ്വത്വത്തിലധിഷ്ഠിതമായ ആധുനിക കലാ വേദികൾ സൃഷ്​ടിക്കുക എന്നിവയാണ് ഇത്തരം പരിപാടികളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

പാരമ്പര്യ ജീവിത സംസ്കാരം പ്രതിഫലിപ്പിക്കുന്ന ചിത്ര പ്രദർശനം

‘സാംസ്കാരിക മുന്നേറ്റത്തിന് കിഴക്കൻ മേഖലയുടെ സംഭാവനകൾ’ എന്ന വിഷയത്തിൽ ഹാഇൽ സർവകലാശാലയിലെ സാഹിത്യ-വിമർശന വിഭാഗം പ്രഫസർ ഡോ. ഫവാസ് അൽ ഷമ്മരി പ്രഭാഷണം നടത്തി. ഡോ. അദിം അൽ അൻസാരി ചടങ്ങ് നിയന്ത്രിച്ചു. 1933-ൽ എണ്ണ നിക്ഷേപം കണ്ടെത്തുന്നതിന് മുമ്പും ശേഷവും കിഴക്കൻ പ്രവിശ്യയിലുണ്ടായ സാംസ്കാരിക പരിണാമങ്ങളെക്കുറിച്ച് ഇരുവരും വിശദീകരിച്ചു.

എണ്ണയുടെ കണ്ടെത്തൽ മേഖലയിലെ സാംസ്കാരിക ജീവിതത്തിൽ വലിയ മുന്നേറ്റമുണ്ടാക്കിയെന്നും അച്ചടി-പ്രസിദ്ധീകരണ മേഖലയുടെ വികാസത്തിനും അന്താരാഷ്​ട്ര തലത്തിലുള്ള ആശയവിനിമയത്തിനും അത് വഴിയൊരുക്കിയെന്നും അവർ ചൂണ്ടിക്കാട്ടി. മേഖലയുടെ സാംസ്കാരിക അന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ പത്രമാധ്യമങ്ങൾ വഹിച്ച പങ്കും ചർച്ചയായി.

1964-ൽ ആരംഭിച്ച ‘അൽ-യൗം’ പത്രത്തിന് പുറമേ ‘ദി ഓയിൽ കാരവൻ’, ‘റേഡിയൻസ്’, ‘ദഹ്‌റാൻ ന്യൂസ്’ തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ സാഹിത്യ സൃഷ്​ടികളുടെ പ്രചാരണത്തിൽ നിർണായക പങ്കുവഹിച്ചു. കൂടാതെ, അൽ അഹ്‌സ, ഖത്വീഫ് എന്നിവിടങ്ങളിലെ പ്രമുഖ പണ്ഡിത-സാംസ്കാരിക കുടുംബങ്ങളായ അൽ ജിഷി, അൽ മുസ്‌ലിം, അൽ മുബാറക്, അൽ മുല്ലാ എന്നിവർ വിജ്ഞാന വ്യാപനത്തിനും പുതിയ തലമുറയെ വാർത്തെടുക്കുന്നതിനും നൽകിയ സംഭാവനകളും യോഗം അനുസ്മരിച്ചു.

തുടർപരിപാടികളുടെ ഭാഗമായി, സൗദി സൊസൈറ്റി ഫോർ എജുക്കേഷനൽ ആൻഡ് സൈക്കോളജിക്കൽ സയൻസസുമായി സഹകരിച്ച് വരുന്ന ഞായറാഴ്ച പ്രത്യേക കവിതാ സന്ധ്യ സംഘടിപ്പിക്കും. പ്രമുഖ കവിയും എഴുത്തുകാരനുമായ അലി അൽ സഹ്‌റാനി ഇതിൽ പങ്കെടുക്കും. മഹ്ദി അൽ അഹദി​െൻറ പ്രത്യേക അവതരണവും, ജസ്​റ്റിൻ അസോസിയേഷൻ അൽ ഷർഖിയ ശാഖ എക്സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി അമൽ അബ്​ദുൽ അസീസ് അൽ ശൈഖ്​ നടത്തുന്ന സൊസൈറ്റിയുടെ പ്രത്യേക പ്രഭാഷണവും ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

96-ാമത് ദേശീയ ദിനാഘോഷങ്ങൾ സ്‌നേഹത്തി​െൻറയും ഒത്തൊരുമയുടെയും സന്ദേശമാണ് നൽകുന്നതെന്ന് കൾച്ചർ ആൻഡ് ആർട്‌സ് സൊസൈറ്റി ഡയറക്ടർ യൂസഫ് അൽ ഹാർബി പറഞ്ഞു. സൗദി സ്വത്വത്തി​െൻറ വൈവിധ്യവും സമ്പന്നതയും പ്രതിഫലിപ്പിക്കുന്ന പരിപാടികളിലൂടെ ജനങ്ങളെ കലയുടെ തണലിൽ ഒന്നിപ്പിക്കാനാണ് സൊസൈറ്റി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
TAGS:saudi national day cultural programs Dammam 
News Summary - Dammam center launches Saudi National Day cultural programs
Next Story