ദമ്മാം ഗ്ലോബൽ സിറ്റിയിലേക്ക് ജനമൊഴുക്ക്; 10 ദിവസം സന്ദർശിച്ചത് രണ്ടര ലക്ഷം പേർ
text_fieldsദമ്മാം ഗ്ലോബൽ സിറ്റി
ദമ്മാം: ലോകരാജ്യങ്ങളെ ഒരു കുടക്കീഴിൽ സമന്വയിപ്പിക്കുന്ന ‘ദമ്മാം ഗ്ലോബൽ സിറ്റി’ വിദേശികളും സ്വദേശികളുമായ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാകുന്നു. സന്ദർശകർക്കായി തുറന്നുകൊടുത്ത് വെറും 10 ദിവസങ്ങൾ പിന്നിടുമ്പോൾ രണ്ടര ലക്ഷത്തിലധികം ആളുകളാണ് ഇവിടെ എത്തിയത്. ടിക്കറ്റുകൾക്ക് ആവശ്യക്കാർ ഏറിവരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
ദമ്മാമിന്റെ സാംസ്കാരിക-വിനോദ മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് 2026ലേക്കുള്ള സമ്മാനമായാണ് ഗ്ലോബൽ സിറ്റി സമർപ്പിക്കപ്പെട്ടത്. നിലവിൽ ഇന്ത്യയുൾപ്പെടെ 12 രാജ്യങ്ങളുടെ പവിലിയനുകളാണ് ഇവിടെ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ‘വീബുക്ക്’ (WeBook) പ്ലാറ്റ്‌ഫോം വഴി ടിക്കറ്റുകൾ ലഭ്യമാണ്. ഗ്ലോബൽ സിറ്റിയുടെ വരവോടെ ദമ്മാമിലെ വ്യാപാര മേഖലയിലും ഹോട്ടൽ, അപ്പാർട്ട്മെൻറ് രംഗത്തും വലിയ ഉണർവ് പ്രകടമാണ്. അയൽ രാജ്യങ്ങളിൽനിന്നും സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നും സഞ്ചാരികൾ എത്തുന്നതോടെ കിഴക്കൻ പ്രവിശ്യയുടെ സാമ്പത്തിക രംഗം കൂടുതൽ ശക്തിപ്പെടുകയാണ്.
വെറും പവിലിയനുകൾക്ക് അപ്പുറം ഓരോ രാജ്യത്തിന്റെയും സംസ്കാരം വിളിച്ചോതുന്ന വൈവിധ്യമാർന്ന കലാപരിപാടികളാണ് ഇവിടെ അരങ്ങേറുന്നത്: സൗദി പവിലിയനിൽ പരമ്പരാഗതമായ ‘അർദ’ നൃത്തവും നാടോടി പ്രദർശനങ്ങളും കാണികളെ ആകർഷിക്കുന്നു. ആധുനികവും പൗരാണികവുമായ സംഗീത വിരുന്നുകൾ അരങ്ങേറുന്നു. ഏറ്റവും മികച്ച പരിപാടികൾ അവതരിപ്പിക്കാൻ ഓരോ രാജ്യങ്ങളുടെ പവിലിയനുകൾ തമ്മിൽ ആരോഗ്യകരമായ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ ഡിസംബർ 29-ന് കിഴക്കൻ പ്രവിശ്യ ഗവർണർ അമീർ സഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസാണ് ഗ്ലോബൽ സിറ്റി ഉദ്ഘാടനം ചെയ്തത്. നൂതന പദ്ധതികളിൽ പണം നിക്ഷേപിക്കാൻ നിക്ഷേപകർക്ക് വലിയ ആത്മവിശ്വാസമാണ് ഈ പദ്ധതി നൽകുന്നത്. കിഴക്കൻ മേഖലയുടെ വികസന ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച ഗ്ലോബൽ സിറ്റി, സൗദി വിഷൻ 2030ന്റെ പാതയിലുള്ള സുപ്രധാന ചുവടുവെപ്പായി വിലയിരുത്തപ്പെടുന്നു.
പ്രത്യേകതകൾ ഒറ്റനോട്ടത്തിൽ
- ആകെ വിസ്തൃതി: 650,000 ചതുരശ്ര മീറ്റർ
- പൂർത്തിയായ ഒന്നാം ഘട്ടം: 200,000 ചതുരശ്ര മീറ്റർ
- ലക്ഷ്യം: സാമ്പത്തിക വൈവിധ്യവത്കരണവും ടൂറിസം നിക്ഷേപവും വർധിപ്പിക്കുക


