മിടിപ്പുകളെണ്ണി ദമ്മാം കാത്തിരിക്കുന്നു, ‘ഹാർമോണിയസ് കേരള’യുടെ ശ്രുതിയുണരാൻ നാഴികകൾ മാത്രം ബാക്കി
text_fieldsദമ്മാം: ഹൃദയ ശ്രുതികൾ ഒന്നുചേരും ‘ഹാർമോണിയസ് കേരള’ സംഗീത സന്ധ്യയുടെ തിരശ്ശീല ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഗൾഫ് മാധ്യമം ഒരുക്കുന്ന ഒരുമയുടെ മഹോത്സവം ഇന്ന് വൈകുന്നേരം ആറ് മണിയോടെ ദമ്മാം റാക്കയിലെ സ്പോർട്സ് സിറ്റി ഗ്രീൻ സ്പോർട്സ് ഇൻഡോർ സ്റ്റേഡിയത്തിൽ അരേങ്ങറും. അത്യപൂർവ നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് ഹാർമോണിയസ് കേരള രണ്ടാം പതിപ്പിെൻറ ശ്രുതിയണരും. മഞ്ഞ് പുതച്ചുറങ്ങുന്ന സന്ധ്യയുടെ ഹൃദയത്തിലേക്ക് സ്നേഹച്ചൂടിന്‍റെ വെളിച്ചം പകർന്ന് ഹൃദയങ്ങളിൽനിന്ന് ഹൃദയങ്ങളിലേക്ക് ആ ശ്രുതി പടരും.
വൈകുന്നേരം അഞ്ച് മണിയോടെ സ്റ്റേഡിയത്തിെൻറ കവാടങ്ങൾ കാണികൾക്ക് വേണ്ടി തുറന്നിടും.
തണുപ്പും ചൂടുമില്ലാതെ അന്തരീക്ഷം പ്രത്യേകമായി ക്രമീകരിച്ച ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതീവ ശ്രദ്ധയോടെ അത്യന്താധുനികതയുടെ വിസന കുതിപ്പിലേക്ക് നീങ്ങുന്ന സൗദി അറേബ്യയുടെ ഹൃദയമിടിപ്പിനൊപ്പം കാൽ നൂറ്റാണ്ടിലധികമായി ഒപ്പം സഞ്ചരിക്കുന്ന ‘ഗൾഫ് മാധ്യമ’ത്തിന് അധികൃതർ നൽകുന്ന സ്നേഹാദരം കൂടിയാണ് സ്പോർട്സ് സിറ്റിയിൽ ഹാർമോണിയസ് കേരള സംഘടിപ്പിക്കുന്നതിനുള്ള അനുമതി.
ഏത് വിഭാഗത്തിലുള്ള ടിക്കറ്റുകൾ എടുത്താലും വേദിയിലെ പരിപാടികൾ കൂടുതൽ കൃത്യതയോടെ എല്ലാവർക്കും കാണാൻ കഴിയുന്നു എന്നതാണ് ഇൻഡോർ സ്റ്റേഡിയത്തിെൻറ പ്രത്യേകത. പ്ലാറ്റിനം, വി.ഐ.പി ടിക്കറ്റുകൾ കരസ്ഥമാക്കുന്നവർക്കാണ് വേദിക്ക് അരികെ താഴെ തന്നെ ഇരിപ്പിടം ഒരുക്കിയിട്ടുള്ളത്. ബാക്കിയുള്ളവർക്ക് ഗാലറികളിലിരുന്ന് വേദിയിലെ പരിപാടികൾ കാണാം. സാധാരണക്കാർക്കും തുശ്ചവരുമാനക്കാർക്കും വരെ താങ്ങാനാവുന്ന ടിക്കറ്റ് നിരക്കുകൾ ഏർപ്പെടുത്തിയിട്ടുള്ളത്.
കേവലം സ്റ്റേജ് ഷോകൾക്ക് അപ്പുറത്ത് പൊഴിയാൻ വെമ്പി നിൽക്കുന്ന കാലവൃക്ഷത്തിലെ 2025-ന് അത്യാവശവും ആഹ്ലാദവും തുടിക്കുന്ന യാത്രയയപ്പ് നൽകാനുള്ള വേദി കൂടിയാവുകയാണ് ഹാർമോണിയസ് കേരള. ഇരുട്ട് പരന്നിടത്ത് നിലാവെളിച്ചം പകർത്തി ഹൃദയം കൊണ്ട് മനുഷ്യരെ ചേർത്തുപിടിച്ച് വിവേചനത്തിെൻറ മതിലുകൾ പൊളിച്ച് കളഞ്ഞ് നിഷ്‍കളങ്കമനസ്സുമായി പുതിയ കാലത്തെ വരവേൽക്കുവാൻ മനസ്സൊരുക്കാൻ കിട്ടുന്ന സന്ദർഭം കൂടിയാണ് ഹാർമോണിയസ് കേരളയുടെ ഭാഗമാകുക എന്നത്.
മലയാളികളുടെ ഓർമചുണ്ടുകൾ അറിയാതെ മൂളിപ്പോകുന്ന ആയിരക്കണക്കിന് പാട്ടുകൾ സമ്മാനിച്ച ഹൃദയഗായകൻ എം.ജി. ശ്രീകുമാറിെൻറ നാല് പതിറ്റാണ്ടിലധികം നീളുന്ന സംഗീത സപര്യയെ ആദരിക്കുന്ന ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷിയാകാനുള്ള അപൂർവ അവസരം കൂടിയാണ് ഹാർമോണിയസ് കേരള. അർജ്ജുൻ അശോകനും പാർവതി തിരുവോരത്തും ഇനിയും മറഞ്ഞ് പോകാത്ത മനുഷ്യ സ്നേഹത്തെക്കുറിച്ച് നമ്മളോട് സംവദിക്കും. നിമിഷങ്ങൾക്കകലെ ആ വേദിയിലെ വിളിക്കുകൾ മിഴിതുറക്കുകയാണ്. കാത്തിരിക്കാതെ പോന്നോളൂ, നമുക്ക് ഒന്നിച്ച് നനയാം ഈ രാഗമഴ.


