മദീന വാഹനാപകടം: ചികിത്സയിലിരുന്ന ഒമ്പത് വയസ്സുകാരി ഹാദിയയും മരിച്ചു; മരിച്ചവരുടെ എണ്ണം അഞ്ചായി
text_fieldsമദീന: കഴിഞ്ഞ ദിവസം മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒമ്പത് വയസ്സുകാരി ഹാദിയ ഫാത്തിമയാണ് ഇന്ന് മരിച്ചത്. വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ ഒരു കുടുംബത്തിലെ നാല് അംഗങ്ങളാണ് കഴിഞ്ഞ ദിവസം മരിച്ചത്. അപകടത്തിൽ തൽക്ഷണം മരണമടഞ്ഞ മഞ്ചേരി വെള്ളില യു.കെ പടി സ്വദേശി നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൽ (40), മകൻ നടുവത്ത് കളത്തിൽ ആദിൽ (14), ജലീലിന്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരുടെ മൃതദേഹങ്ങളാണ് ബുധനാഴ്ച ഖബറടക്കിയത്. ഇവരുടെ ഖബറടക്കത്തിന് പിന്നാലെയാണ് അബ്ദുൽ ജലീലിന്റെ മകൾ ഹാദിയയും മരണത്തിന് കീഴടങ്ങിയത്.
മസ്ജിദുന്നബവിയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത മയ്യിത്ത് നമസ്കാരത്തിന് ശേഷം ഇവരെ മണ്ണിലേക്ക് യാത്രയാക്കി മണിക്കൂറുകൾ പിന്നിടുമ്പോഴാണ്, ബന്ധുക്കളെയും നാട്ടുകാരെയുമെല്ലാം തീരാദുഃഖത്തിലാഴ്ത്തി ഹാദിയ ഫാത്തിമയും മരണത്തിന് കീഴടങ്ങിയ വാർത്ത പുറത്തുവന്നത്. പരിക്കേറ്റ മറ്റു മക്കളിൽ ആയിഷ ചികിത്സയിൽ തുടരുമ്പോൾ ഏഴു വയസ്സുകാരി നൂറ നേരത്തെ ആശുപത്രി വിട്ടിരുന്നു.
അപകടത്തിൽ തകർന്ന കാർ
ഇക്കഴിഞ്ഞ ശനിയാഴ്ച മദീന സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ജിദ്ദ-മദീന ഹൈവേയിലെ വാദി ഫറഅ് എന്ന സ്ഥലത്തുവെച്ചായിരുന്നു ദാരുണമായ ദുരന്തം. ഇവർ സഞ്ചരിച്ചിരുന്ന ജി.എം.സി വാഹനം തീറ്റപ്പുല്ല് കയറ്റിവന്ന ട്രയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരു വാഹനങ്ങളും ഹൈവേയിൽ ഒരേ ദിശയിൽ പോകവേ ട്രയിലർ പെട്ടെന്ന് വിലങ്ങനെ റോഡിലേക്ക് തിരിഞ്ഞതോടെയായിരുന്നു ദുരന്തം.


